Arts

നിക്കരാഗ്വയിൽ ക്രിസ്തുവിന്റെ പീഡാനുഭവം സ്മരിച്ച് നദിയിലൂടെ കുരിശിന്റെ വഴി

പ്രവാചകശബ്ദം 19-04-2022 - Tuesday

മനാഗ്വ: ലാറ്റിന്‍ അമേരിക്കൻ രാജ്യമായ നിക്കരാഗ്വേയിൽ ക്രിസ്തുവിന്റെ പീഡാനുഭവം സ്മരിച്ച് കോസിബോൾക നദിയിലൂടെ കുരിശിന്റെ വഴി പ്രദക്ഷിണം നടന്നു. ഏപ്രിൽ 11നു നടന്ന കുരിശിന്റെ വഴി പ്രാർത്ഥനയിൽ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. 41 വർഷമായി ഇവിടെ കുരിശിന്റെ വഴി പ്രദക്ഷിണം നടക്കാറുണ്ട്. ഗ്രനേഡ രൂപതയാണ് ഇതിന്റെ മുഖ്യ സംഘാടകർ. 14 ചെറുദ്വീപുകളിലായി കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങൾ സംഘാടകർ ക്രമീകരിച്ചിരുന്നു. കുരിശുമായി പോകുന്ന പ്രധാന ബോട്ടിനെ നിരവധി ചെറു ബോട്ടുകളും അനുഗമിച്ചു.

നിക്കരാഗ്വൻ നാവികസേനയുടെ കണക്കനുസരിച്ച് 15 ബോട്ടുകളിലായി മുന്നൂറ്റിഅന്‍പതോളം വിശ്വാസികൾ കുരിശിന്റെ വഴി പ്രദക്ഷിണത്തിൽ പങ്കെടുത്തു. സാധാരണയായി എല്ലാ വർഷവും വലിയ ആഴ്ചയുടെ തിങ്കൾ മുതൽ വെള്ളി വരെയാണ് കുരിശിന്റെ വഴി നടക്കുക. ഇത് വിനോദസഞ്ചാരികളെയും വലിയതോതിൽ ആകർഷിക്കാറുണ്ട്. കോവിഡ് പ്രതിസന്ധി മറ്റ് ചടങ്ങുകളെ ബാധിച്ചെങ്കിലും, കഴിഞ്ഞവർഷവും മുടക്കമില്ലാതെ നദിയിലൂടെ കുരിശിന്റെ വഴി നടന്നിരുന്നു. ഗ്രനേഡയിലെ മേയറാണ് കഴിഞ്ഞവർഷം ഇതിന് നേതൃത്വം നൽകിയത്.


Related Articles »