Arts - 2025
ലോകോത്തര സിനിമകളിലെ ഈ 13 പുരോഹിതരെ നിങ്ങൾ തീർച്ചയായും കണ്ടിരിക്കണം
പ്രവാചകശബ്ദം 12-05-2022 - Thursday
കത്തോലിക്കാ സഭയിലെ കൂദാശകളെ അവഹേളിച്ചുകൊണ്ടും, പുരോഹിതരെ അപമാനിച്ചുകൊണ്ടും സിനിമയെടുക്കുന്ന മലയാളത്തിലെ സംവിധായകരും, അതുകണ്ടു രസിക്കുന്ന പ്രേക്ഷകരും ലോകോത്തര സിനിമകളിലെ ഈ 13 പുരോഹിതരെ തീർച്ചയായും കണ്ടിരിക്കണം. കൂദാശകളും അതു പരികർമ്മം ചെയ്യുന്ന പുരോഹിതരും എങ്ങനെയാണ് ലോകത്തെ മാറ്റിമറിച്ചുകൊണ്ട് മാനവകുലത്തെ നന്മയിലേക്ക് കൈപിടിച്ചു നടത്തിയതെന്ന് ഇത്തരം സിനിമകൾ നിങ്ങൾക്ക് കാണിച്ചുതരും.
സമീപകാലത്ത് പുറത്തിറങ്ങിയ ‘ഫാദര്‍ സ്റ്റു’ എന്ന വിശ്വാസാധിഷ്ടിത സിനിമ തിയറ്ററുകളെ ഇളക്കിമറിച്ചുകൊണ്ട് പ്രദര്‍ശനം തുടരുകയാണ്. ലോകസിനിമാ ചിത്രത്തിൽ പുരോഹിതരും കൂദാശകളും നിരവധി സിനിമകൾക്ക് പ്രചോദനമായിട്ടുണ്ട്. നിരവധി ഓസ്‌കാർ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രങ്ങളടക്കം ലോകപ്രശസ്ത സിനിമകളിലെ 13 പുരോഹിത കഥാപാത്രങ്ങളെ നമുക്ക് പരിചയപ്പെടാം:
1. ഫാദര്‍ ബ്രൌണ്‍ ദി ഡിറ്റക്ടീവ് (Father Brown Detective) എന്ന സിനിമയിലെ ഫാദര്‍ ബ്രൌണ്‍: 1954-ല്‍ പുറത്തിറങ്ങിയ ഫാദര്‍ ബ്രൌണ്‍ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമാണ് ഫാദര്‍ ബ്രൌണ്‍ എന്ന കുറ്റാന്വോഷകന്‍ കൂടിയായ പുരോഹിതന്‍. തന്റെ സാമര്‍ത്ഥ്യം ഉപയോഗിച്ച് മോഷ്ടാക്കളെ കണ്ടെത്തി പിടികൂടുകയും അവരെ നല്ലവരായി ജീവിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ഫാദര്‍ ബ്രൌണ്‍. ലോക പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റായ ജി.കെ ചെസ്റ്റര്‍ട്ടന്റെ ഭാവനയില്‍ വിരിഞ്ഞ കഥാപാത്രമാണ് ഫാദര്‍ ബ്രൌണ്‍. ചെസ്റ്റര്‍ട്ടനെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ച ബ്രാഡ്ഫോഡിലെ ഇടവക വികാരിയായിരുന്ന മോണ്‍. ജോണ്‍ ഒ’കൊണ്ണോറില്‍ നിന്നും പ്രചോദനം സ്വീകരിച്ചാണ് ചെസ്റ്റര്‍ട്ടന്‍ ഈ കഥാപാത്രത്തെ സൃഷ്ടിച്ചതെന്നാണ് പറയപ്പെടുന്നത്. അലെക് ഗിന്നസ് എന്ന നടനാണ് ഫാദര്‍ ബ്രൌണ്‍ എന്ന കഥാപാത്രത്തിന് ജീവൻ നൽകിയത്.
2. ദി ഹൂഡ്ലം പ്രീസ്റ്റ് (The Hoodlum Priest) എന്ന സിനിമയിലെ ഫാദര്‍ ചാള്‍സ് ക്ലാര്‍ക്ക്: സെന്റ് ലൂയീസിലെ ചാള്‍സ് ദിസ്മാസ് ക്ലാര്‍ക്ക് എന്ന പുരോഹിതന്റെ ജീവിതത്തെ ആസ്പദമാക്കി 1961-ല്‍ പുറത്തിറങ്ങിയ സിനിമയാണ് ‘ദി ഹൂഡ്ലം പ്രീസ്റ്റ്.’ ജയില്‍പ്പുള്ളികള്‍ക്കും, ജയില്‍ മോചിതര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് ഫാദര്‍ ചാള്‍സ് ക്ലാര്‍ക്ക്. ദി ഹൂഡ്ലം പ്രീസ്റ്റ് എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1961-ലെ കാന്‍ ഫിലിം ഫെസ്റ്റിവലിലും ഈ സിനിമ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഈ സിനിമയില്‍ നിന്നുള്ള ഫണ്ട് മുന്‍തടവുപുള്ളികളുടെ പുനരുദ്ധാരണത്തിനു വേണ്ടിയാണ് ഉപയോഗിച്ചത്. ഡോണ്‍ മുറേ എന്ന നടനാണ് ഈ സിനിമയിൽ ഫാദര്‍ ചാള്‍സ് ക്ലാര്‍ക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
3. റ്റു കില്‍ എ പ്രീസ്റ്റ് (To Kill a Priest) എന്ന സിനിമയിലെ ഫാദര്‍ അലെക്: കമ്മ്യൂണിസത്തിനെതിരെ സംസാരിച്ചതുകൊണ്ടും, സോളിഡാരിറ്റി മൂവ്മെന്റിനെ പിന്തുണച്ചതുകൊണ്ടും കൊല ചെയ്യപ്പെട്ട പോളണ്ട് കാരനായ ഫാദര്‍ ജെര്‍സി പോപിയലുസ്കോ എന്ന കത്തോലിക്കാ പുരോഹിതന്റെ യഥാര്‍ത്ഥ ജീവിതകഥയാണ് 1988-ല്‍ പുറത്തിറങ്ങിയ ‘റ്റു കില്‍ എ പ്രീസ്റ്റ്’ എന്ന സിനിമ. ഫാദര്‍ ജെര്‍സിയേക്കുറിച്ച് ലോകം അറിയുന്നതിന് ഈ സിനിമയും ഒരു കാരണമാണ്. ക്രിസ്റ്റഫര്‍ ലാംബെര്‍ട്ട് എന്ന നടനാണ് ഈ സിനിമയിൽ ഫാദര്‍ അലെക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
4. ദി റോസ്മേരി മര്‍ഡേഴ്സ് (The Rosemary Murders) എന്ന സിനിമയിലെ ഫാദര്‍ റോബര്‍ട്ട് കോയ്സ്ലര്‍: തന്റെ സഹപ്രവര്‍ത്തകരായ പുരോഹിതരേയും, കന്യാസ്ത്രീകളേയും കൊലപ്പെടുത്തുന്ന ഒരു സീരിയകില്ലറിന്റെ കുമ്പസ്സാരം കേട്ട് പ്രതിസന്ധിയിലായ ഫാദര്‍ കോയ്സ്ലര്‍ എന്ന പുരോഹിതനാണ് 1987-ല്‍ പുറത്തിറങ്ങിയ ദി റോസ്മേരി മര്‍ഡേഴ്സ് എന്ന സിനിമയിലെ പ്രധാന കഥാപാത്രം. ഡൊണാള്‍ഡ് സൂതര്‍ലാന്‍ഡ് എന്ന നടനാണ് ഈ സിനിമയിൽ ഫാദര്‍ റോബര്‍ട്ട് കോയ്സ്ലര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
5. ദി സ്കാര്‍ലറ്റ് ആന്‍ഡ് ദി ബ്ലാക്ക് (The Scarlet and the Black) എന്ന സിനിമയിലെ മോണ്‍ ഹഗ് ഒ’ഫ്ലാഹെര്‍ട്ടി: റോമിന് മേലുള്ള ജര്‍മ്മന്‍ അധിനിവേശ കാലത്ത് തന്റെ രഹസ്യ സംഘടന വഴി ആയിരകണക്കിന് ജൂതരേയും, അഭയാര്‍ത്ഥികളേയും രക്ഷപ്പെടുത്തിയ വത്തിക്കാനിലെ ഐറിഷ് പുരോഹിതനായിരുന്ന മോണ്‍. ഹഗ് ഒ’ഫ്ലാഹെര്‍ട്ടിയുടെ കഥ പറയുന്ന ടെലിവിഷന്‍ സിനിമയാണ് 1983-ല്‍ നിര്‍മ്മിക്കപ്പെട്ട ‘ദി സ്കാര്‍ലറ്റ് ആന്‍ഡ് ദി ബ്ബ്ലാക്ക്’. ജോര്‍ജ്ജ് പെക്ക് എന്ന നടനാണ് ഈ സിനിമയിൽ മോണ്‍. ഹഗ് ഒ’ഫ്ലാഹെര്‍ട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
6. ബ്രോക്കണ്‍ (Broken) എന്ന ടെലിവിഷന്‍ പരമ്പരയിലെ ഫാദര്‍ മൈക്കേല്‍ കെറിഗന്‍: ബി.ബി.സി സംപ്രേഷണം ചെയ്ത 2016-ല്‍ നിര്‍മ്മിക്കപ്പെട്ട ബ്രിട്ടീഷ് ടെലിവിഷന്‍ പരമ്പരയാണ് 'ബ്രോക്കണ്‍'. തന്റെ ദുരിതപൂര്‍ണ്ണമായ ബാല്യകാലത്തിന്റെ കഷ്ടതകള്‍ക്കിടയിലും തന്റെ ഇടവകയിലെ നിത്യവൃത്തിക്കായി കഷ്ടപ്പെടുന്നവരെ സഹായിക്കുവാന്‍ ശ്രമിക്കുന്ന ദയാലുവായ പുരോഹിതന്റെ കഥയാണ് ഈ പരമ്പരയില്‍ പറയുന്നത്. സീന്‍ ബീന്‍ എന്ന നടനാണ് ഇതിൽ ഫാദര്‍ മൈക്കേല്‍ കെറിഗന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
7. ഓണ്‍ ദി വാട്ടര്‍ഫ്രൺട് (On the Waterfront) എന്ന സിനിമയിലെ ഫാദര്‍ ബാരി: എട്ട് ഓസ്‌കാർ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഓണ്‍ ദി വാട്ടര്‍ഫ്രൺട് 1954-ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് സിനിമയാണ്. യേശു ക്രിസ്തു എപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും എന്ന് പറഞ്ഞുകൊണ്ട്, അസ്വസ്ഥരായ തുറമുഖ ജീവനക്കാരെ ആശ്വസിപ്പിക്കുന്ന ഫാദര്‍ ബാരി ഈ സിനിമയിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രമാണ്. കാള്‍ മാള്‍ഡന്‍ എന്ന നടനാണ് ഈ സിനിമയിൽ ഫാദര്‍ ബാരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
8. ദി അസീസി അണ്ടര്‍ഗ്രൗണ്ട് (The Assisi Underground) എന്ന സിനിമയിലെ ഫാദര്‍ റുഫീനോ: 1943-ല്‍ അസീസിയിലെ നാസി അധിനിവേശക്കാലത്ത് സ്വന്തം ജീവന്‍ പണയപ്പെടുത്തി യഹൂദരെ രക്ഷപ്പെടുത്തുന്ന ഫാദര്‍ റുഫീനോ എന്ന കത്തോലിക്കാ പുരോഹിതന്റെ കഥ പറയുന്ന സിനിമയാണ് 1985-ല്‍ പുറത്തിറങ്ങിയ ദി അസീസി അണ്ടര്‍ഗ്രൗണ്ട്. ഇതേ പേരില്‍ തന്നെയുള്ള ഒരു നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ബെന്‍ ക്രോസ് എന്ന നടനാണ് ഈ സിനിമയിൽ ഫാദര്‍ റുഫീനോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
9. ദി എക്സോര്‍സിസ്റ്റ് (The Exorcist) എന്ന സിനിമയിലെ ഫാദര്‍ ഡാമിയന്‍ കാരാസ്: 12 കാരിയായ പെണ്‍കുട്ടിയെ പ്രേതബാധയില്‍ നിന്നും ഭൂതോച്ചാടനം വഴി രക്ഷപ്പെടുത്തുന്ന ഫാദര്‍ കാരാസ് എന്ന പുരോഹിതന്റെ കഥപറയുന്ന ഹൊറര്‍ സിനിമയാണ് 1973-ല്‍ പുറത്തിറങ്ങിയ ദി എക്സോര്‍സിസ്റ്റ്. കത്തോലിക്കാ പുരോഹിതരുടെ ഭൂതോച്ചാടനം കൂടുതല്‍ ജനകീയമാക്കിയതില്‍ ഈ സിനിമ ഒരു വലിയ പങ്കുവഹിച്ചു. ജേസണ്‍ മില്ലര്‍ എന്ന നടനാണ് ഈ സിനിമയിൽ ഫാദര്‍ ഡാമിയന്‍ കാരാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
10. ഗോയിംഗ് മൈ വേ (Going My Way) എന്ന സിനിമയിലെ ഫാദര്‍ ചക്ക് ഒ’മാല്ലി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു ഇടവകയുടെ ഭരണം ഏറ്റെടുക്കുന്ന ഫാദര്‍ ചക്ക് ഒ’മാല്ലി എന്ന ഒരു യുവപുരോഹിതനാണ് 1944-ല്‍ പുറത്തിറങ്ങിയ ഈ സിനിമയിലെ മുഖ്യ കഥാപാത്രം. ഫാദര്‍ ചക്ക് ഒ’മാല്ലിയെ അവതരിപ്പിച്ച ബിങ്ങ് ക്രോസ്ബിക്ക് മികച്ച നടനുള്ള അവാർഡ് ഉൾപ്പെടെ ഏഴ് ഓസ്‌കാർ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഈ സിനിമ ആ കാലഘട്ടത്തിൽ വലിയ ബോക്സ് ഓഫീസ് വിജയം നേടിയ ഒരു ചിത്രം കൂടിയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഈ ചിത്രത്തിന്റെ സംവിധായകനായ ലിയോ മക്കാരിയും, ഫാദര്‍ ചക്ക് ഒ’മാല്ലിയെ അവതരിപ്പിച്ച ബിങ്ങ് ക്രോസ്ബിയും വത്തിക്കാനിൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പയെ സന്ദർശിച്ച് ഈ സിനിമയുടെ ഒരു കോപ്പി അദ്ദേഹത്തിന് സമ്മാനിക്കുകയുണ്ടായി.
11. ദി കൊയറ്റ് മാന്‍ (The Quiet Man) എന്ന സിനിമയിലെ ഫാദര്‍ പീറ്റര്‍ ലോണര്‍ഗാന്‍: ഒരു പ്രണയത്തില്‍ ഇടപെടേണ്ടി വരുന്ന ഫാദര്‍ പീറ്റര്‍ ലോണര്‍മാന്‍ എന്ന പുരോഹിതന്‍ 1952-ല്‍ അയര്‍ലന്‍ഡില്‍ നിര്‍മ്മിക്കപ്പെട്ട ദി കൊയറ്റ് മാന്‍ എന്ന റൊമാന്റിക് കോമഡി സിനിമയിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നാണ്. വാര്‍ഡ് ബോണ്ട് എന്ന നടനാണ് ഈ ചിത്രത്തിൽ ഫാദര്‍ പീറ്റര്‍ ലോണര്‍ഗാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
12. ഗ്രാന്‍ ടോറിനൊ ( Gran Torino ) എന്ന സിനിമയിലെ ഫാദര്‍ ജാനോവിച്ച്: മനസ്സ് തളര്‍ന്ന ഒരു യുദ്ധവീരനും (ക്ലിന്റ് ഈസ്റ്റ്വുഡ്) അദ്ദേഹത്തിന്റെ ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റുവാന്‍ പ്രോത്സാഹിപ്പിക്കുന്ന ഫാദര്‍ ജാനോവിച്ച് എന്ന യുവ പുരോഹിതനുമാണ് 2008-ല്‍ പുറത്തിറങ്ങിയ ഈ സിനിമയിലെ മുഖ്യ കഥാപാത്രങ്ങള്‍. ക്രിസ്റ്റഫര്‍ കാര്‍ലി എന്ന നടനാണ് ഈ ചിത്രത്തിൽ ഫാദര്‍ ജാനോവിച്ചിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്.
13. മാഷ് ( M*A*S*H) എന്ന സിനിമയിലെയും ടിവി പരമ്പരയിലെയും ഫാദര്‍ ഫ്രാന്‍സിസ് മുള്‍ക്കാഹി: കൊറിയന്‍ യുദ്ധക്കാലത്ത് 4077 മൊബൈല്‍ ആര്‍മി സര്‍ജിക്കല്‍ ഹോസ്പിറ്റലിലെ യു.എസ് ആര്‍മി ചാപ്ലൈന്‍ എന്ന ത്യാഗോജ്വലമായ വൈദികസേവനത്തിന്റെ കഥ പറയുകയാണ് 1970-ൽ പുറത്തിറങ്ങിയ ‘മാഷ്’ എന്ന സിനിമയും, 1972-ൽ പ്രക്ഷേപണം ചെയ്‌ത ടിവി പരമ്പരയും. റെനെ ഓബര്‍ജോണോയിസും, വില്ല്യം ക്രിസ്റ്റഫറും ആയിരുന്നു യഥാക്രമം ഈ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഇത്തരം ലോകപ്രശസ്‌ത സിനിമകൾ എത്രയോ ആദരവോടും ഗൗരവത്തോടെയുമാണ് കൂദാശകളെയും പുരോഹിതരെയും സിനിമകളിൽ അവതരിപ്പിച്ചതെന്ന് നാം തിരിച്ചറിയണം. അതിനാൽ, കത്തോലിക്കാ സഭയിലെ കൂദാശകളെ അവഹേളിച്ചുകൊണ്ടും, പുരോഹിതരെ അപമാനിച്ചുകൊണ്ടും സിനിമയെടുക്കാൻ തയ്യാറെടുക്കുന്ന സംവിധായകരോടും അതുകണ്ടു രസിക്കുക്കുവാൻ കാത്തിരിക്കുന്ന പ്രേക്ഷകരോടും ഒന്നു മാത്രമേ പറയാനുള്ളൂ: നിങ്ങൾ അവഹേളിച്ചാൽ ഇല്ലാതാകുന്നതല്ല കൂദാശകളും പുരോഹിതരും. ക്രിസ്‌തു സ്ഥാപിച്ച സഭയിലെ കൂദാശകളും അവിടുത്തെ പുരോഹിതരും എല്ലാ എതിർപ്പുകളെയും പരിഹാസങ്ങളെയും അതിജീവിച്ചുകൊണ്ട് ലോകാവസാനം വരെ ഈ ഭൂമിയിൽ നിലനിൽക്കുക തന്നെ ചെയ്യും.