News

ആന്ധ്രപ്രദേശില്‍ നവീകരിച്ച തീര്‍ത്ഥാടന കേന്ദ്രത്തിലെ തിരുസ്വരൂപങ്ങൾക്കു നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

പ്രവാചകശബ്ദം 20-05-2022 - Friday

ഗുണ്ടൂര്‍: ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ എലാപാടിലെ കത്തോലിക്ക തീർത്ഥാടന കേന്ദ്രത്തിനു നേരേ തീവ്ര ഹിന്ദുത്വവാദികളെന്ന് സംശയിക്കുന്നവരുടെ ആക്രമണം. എലാപാടിലെ കുന്നിൻ മുകളിൽ പുതുക്കിപ്പണിത തീർത്ഥാടന സമുച്ചയത്തിലെ കന്യാമറിയത്തിന്റെയും ഉണ്ണീശോയുടെയും തിരുഹൃദയത്തിന്റെയും ആറു തിരുസ്വരൂപങ്ങൾ അക്രമികൾ തകർത്തു. ബിജെപി പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് പ്രദേശവാസികൾ പറഞ്ഞു. ആക്രമണം നടന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനിടെ പ്രാദേശിക നിയമസഭാംഗവും ആരോഗ്യമന്ത്രിയുമായ വിദദല രജനി ദേവാലയം സന്ദർശിച്ചു. ശനിയാഴ്ച രാത്രിയാണു സംഭവമുണ്ടായത്.

പുതുക്കി നിർമിച്ച തീർത്ഥാടനകേന്ദ്രത്തിന്റെ കൂദാശാകർമം ഉടൻ നടത്താനിരിക്കേയാണ് ആക്രമണം ഉണ്ടായതെന്ന് കേന്ദ്രത്തിന്റെ ചുമതലയുള്ള ഫാ. ബാല സുഭാഷ് ചന്ദ്ര ബോസ് പറഞ്ഞു. 35 വർഷം മുന്‍പ് ക്രിസ്ത്യൻ വിഭാഗം വാങ്ങിയ സ്ഥലമാണ് ഹിന്ദു സംഘടനകൾ കൈവശപ്പെടുത്താൻ ഇപ്പോള്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടുക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് തീർത്ഥാടനകേന്ദ്രത്തിൽ ഹിന്ദുസംഘടനകൾ അവകാശവാദം ഉന്നയിച്ചു രംഗത്ത് വരുന്നത്. നരസിംഹത്തിന്റെ വിഗ്രഹമിരുന്ന സ്ഥലത്താണു തീർത്ഥാടനകേന്ദ്രമെന്നും ഇവിടെ ശ്രീരാമന്റെ പത്നിയായ സീതാദേവിയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ടെന്നുമാണ് ഹിന്ദുത്വ സംഘടനകളുടെ വാദം.

ആന്ധ്രയുടെ ചുമതലയുള്ള ബിജെപി സെക്രട്ടറി സുനിൽ ദേവധറും ഇക്കാര്യം പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, ഈ വാദം തെറ്റാണെന്ന കണ്ടെത്തലുമായി ഗുണ്ടൂർ ജില്ലാ പോലീസ് കഴിഞ്ഞ വര്‍ഷം തന്നെ രംഗത്തെത്തിയിരിന്നു. രണ്ടു ചെറു കുന്നുകളിലാണു കത്തോലിക്ക തീർത്ഥാടനകേന്ദ്രവും ഹിന്ദു ആരാധനാകേന്ദ്രവും സ്ഥിതി ചെയ്യുന്നതെന്നും, ഇരു സ്ഥലങ്ങളും തമ്മിൽ അര കിലോമീറ്റർ അകലമുണ്ടെന്നും പോലീസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കാൻ ആവശ്യമായ രേഖകൾ കൈവശമുള്ളതിനാൽ ഇവര്‍ ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിഷപ്പ് ചിന്നബത്തിനി പറഞ്ഞു. സംഭവത്തില്‍ തങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മെയ് 22നു ക്രൈസ്തവര്‍ വീണ്ടും പ്രതിഷേധ പ്രകടനം നടത്താന്‍ പദ്ധതിയിടുന്നുണ്ട്. ഗുണ്ടൂർ ജില്ലയിൽ 86 ശതമാനം ഹിന്ദുക്കളാണ്. വെറും 1.84 ശതമാനം മാത്രമാണു ക്രൈസ്തവർ.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »