India - 2025

കോവിഡ് ബാധിച്ചു മരിച്ചത് സന്യാസിനിയെങ്കിൽ നഷ്ട പരിഹാരമില്ല

ദീപിക 22-07-2022 - Friday

കൊച്ചി: കോവിഡ് ബാധിച്ചു മരിച്ചത് സന്യാസിനിയെങ്കിൽ സർക്കാരിന്റെ നഷ്ട പരിഹാരമില്ല! ഇവരുടെ കോൺഗ്രിഗേഷൻ സുപ്പീരിയർമാർ അപേക്ഷ നൽകി പലവട്ടം ഓഫീസുകൾ കയറിയിറങ്ങിയിട്ടും മാസങ്ങളോളം കാത്തിരുന്നിട്ടും സാങ്കേതിക കാരണങ്ങൾ നിരത്തി നഷ്ടപരിഹാരം നിഷേധിക്കുകയാണ്. കോവിഡിൽ മരിച്ച സന്യാസിനിമാർക്കായി നഷ്ടപരിഹാരത്തുകയ്ക്ക് അപേക്ഷ നൽകുന്നത്, അവരുടെ രക്ഷാകർത്താവ് എന്ന നിലയിൽ ബന്ധപ്പെട്ട സന്യാസ സമൂഹത്തിന്റെ സുപ്പീരിയറാണ്.

സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട് (എസ്ഡി) കോൺഗ്രിഗേഷനിലെ ഒരു പ്രോവിൻസിൽ മാത്രം കോവിഡ് ബാധിച്ചു മരിച്ച നാലു സന്യാസിനിമാരിൽ ആർക്കും നഷ്ടപരിഹാരത്തുക സർക്കാർ നൽകിയില്ല. സുപ്പീരിയർ അപേക്ഷ നൽകി നാലു മാസം കഴിഞ്ഞപ്പോഴാണ്, സന്യസ്തരുടെ കോവിഡ് മരണത്തിനു നഷ്ടപരിഹാരത്തുക ഇല്ലെന്ന സർക്കാർ അറിയിപ്പ് കളക്ടറേറ്റിൽ നിന്ന് കഴിഞ്ഞ ദിവസം ഇവർക്ക് മറുപടിയായി ലഭിച്ചത്. അപേക്ഷ നൽകുന്ന ഘട്ടങ്ങളിലൊന്നും സന്യാസിനിമാർക്ക് നഷ്ടപരിഹാരമില്ലെന്നു പറഞ്ഞിട്ടില്ലെന്നു സിസ്റ്റർ കിരൺ എസ്ഡി പറഞ്ഞു.

കോവിഡിൽ മരിച്ചയാളുടെ നിയമപരമായ അനന്തരാവകാശിക്കാണ് നഷ്ടപരിഹാരത്തുക നൽകുന്നതെന്നാണ് വിഷയത്തിൽ സർക്കാർ വാദം. എന്നാൽ സന്യാസിമാരെ സംബന്ധിച്ച് അവരുടെ പൂർണ ചുമതല അവർ അംഗമായ കോൺഗ്രിഗേഷനാണ്. സന്യസ്തരുടെ ഉപരിപഠനത്തിനും മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കും കോൺഗ്രിഗേ ഷൻ സുപ്പീരിയർമാരാണ് രക്ഷാകർത്താവ് എന്ന നിലയിൽ രേഖകളിൽ ഒപ്പുവയ്ക്കന്നത്. മരിച്ച സന്യസ്തരുടെ ഡെത്ത് സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും കൈപ്പറ്റുന്നതും സുപ്പീരിയർമാരാണ്. അതെല്ലാം സർക്കാർ സംവിധാനങ്ങൾ അംഗീകരിക്കുമ്പോഴാണ്, കോവിഡിൽ മരിച്ച സന്യസ്തരുടെ നഷ്ടപരിഹാരത്തുകയുടെ കാര്യത്തിലുള്ള അവഗണന.

രാജ്യത്തു കോവിഡ് ബാധിച്ചു മരിച്ച ഏതൊരാളുടെയും കുടുംബത്തിനു 50,000 രൂപ നഷ്ടപരിഹാരം നൽകുന്നുണ്ട്. ബിപിഎൽ വിഭാഗത്തിലെ മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരത്തുകയ്ക്കു പുറമേ മൂന്നു വർഷത്തേക്ക് പ്രതിമാസം 5,000 രൂപ വീതം പെൻഷനും ലഭിക്കും. കോവിഡ് ബാധിച്ചു മരിച്ചവരുടെ പേരിലുള്ള നഷ്ടപരിഹാരം സമയം പാഴാക്കാതെ നൽകണമെന്ന് സംസ്ഥാനങ്ങളോട് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിർദേശിച്ചിരുന്നു.

More Archives >>

Page 1 of 470