India - 2025
അൽഫോൻസാമ്മയെ പോലെ നമ്മുടെ കുടുംബങ്ങൾ വിശുദ്ധിയുടെ ഉറവിടമാകണമെന്നു മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
പ്രവാചകശബ്ദം 22-07-2022 - Friday
ഭരണങ്ങാനം: നമ്മുടെ കുടുംബങ്ങൾ അൽഫോൻസാമ്മയുടെ കുടുംബം പോലെ വിശുദ്ധിയുടെ ഉറവിടമാകണമെന്നു താമരശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്റെ മൂന്നാം ദിനമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മാർ ഇഞ്ചനാനിയിൽ. ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കുടുംബങ്ങളുടെ മൂല്യച്യുതിയാണ്. മനുഷ്യജീവനുപോലും വിലകൽപ്പിക്കാത്ത, ജീവനെ സ്നേഹിക്കാൻ മടിക്കുന്ന കുടുംബങ്ങൾ പെരുകിവരുകയാണ്. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ നമ്മുടെ കുടുംബബന്ധങ്ങളെ പരിശോധിക്കുവാനുള്ള കുട്ടികളുടെ സ്വഭാവരൂപീകരണത്തെ ശ്രദ്ധിക്കാനുള്ള അവസരമാക്കണമെന്ന് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.
വിശുദ്ധ അൽഫോൻസാമ്മയെ മധ്യസ്ഥയാക്കിയിരിക്കുന്ന താമരശേരി രൂപതയിൽ നിന്നുള്ള 20 വൈദികരും മാർ റെമിജിയോസ് ഇഞ്ചനാനിയിലിനൊപ്പം വിശുദ്ധ കുർബാനയിൽ സഹകാർമികരായി. ഫാ. മാർട്ടിൻ കല്ലറയ്ക്കൽ, എം.എസ്ടി ഡയറക്ടർ ജനറൽ ഫാ. ആന്റണി പെരുമാനൂർ, ഫാ. ജോസഫ് പുരയിടത്തിൽ, ഫാ.ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, ഫാ. ബർക്കുമാൻസ് കുന്നുംപുറം എന്നിവർ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
വൈകുന്നേരം ഭക്തിനിർഭരമായ ജപമാല പ്രദക്ഷിണവും ഉണ്ടായിരുന്നു. തിരുനാളിന്റെ നാലാം ദിനമായ ഇന്നു രാവിലെ 11ന് പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. പുലർച്ചെ 5.30നും 6.30നും എ ട്ടിനും ഉച്ചകഴിഞ്ഞ് 2.30നും 3.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. 6.30നു ഭരണങ്ങാനത്തെ ഭക്തിസാന്ദ്രമാക്കി ജപമാല മെഴുകുതിരി പ്രദക്ഷിണവും നടക്കും.