Arts
ഡിസ്നി വേള്‍ഡിന് സമീപം കുരിശിന്റെ വഴിയുടെ പൂര്‍ണ്ണകായ ശില്‍പ്പങ്ങള്‍ ഒരുങ്ങുന്നു
പ്രവാചകശബ്ദം 19-09-2022 - Monday
ഒര്‍ലാണ്ടോ: കനേഡിയന്‍ കത്തോലിക്ക കലാകാരനായ തിമോത്തി ഷ്മാള്‍സ് അമേരിക്കയില്‍ നിര്‍മ്മിച്ചുക്കൊണ്ടിരിക്കുന്ന കുരിശിന്റെ വഴിയിലെ ഓരോ സ്ഥലങ്ങളുടേയും പൂര്‍ണ്ണകായ ശില്‍പ്പങ്ങള്‍ ശ്രദ്ധ നേടുന്നു. ഫ്ലോറിഡയിലെ ഒര്‍ലാണ്ടോയില്‍ പ്രസിദ്ധ വിനോദകേന്ദ്രമായ ‘ഡിസ്നിവേള്‍ഡ്’നു സമീപമുള്ള ഔര്‍ ലേഡി ക്വീന്‍ ഓഫ് ദി യൂണിവേഴ്സ് ബസിലിക്കയിലാണ് യേശുവിനെ മരണശിക്ഷയ്ക്കു വിധിച്ചതുമുതല്‍ കര്‍ത്താവിനെ അടക്കം ചെയ്യുന്നത് വരെയുള്ള കുരിശിന്റെ വഴിയിലെ ഓരോ ഭാഗങ്ങളും നിര്‍മ്മിച്ചുക്കൊണ്ടിരിക്കുന്നത്. 12 അടി ഉയരവും 11 അടി വീതിയുമാണ് ഓരോ രൂപങ്ങള്‍ക്കുമുള്ളത്. വര്‍ഷംതോറും 'ഡിസ്നി വേള്‍ഡ്' സന്ദര്‍ശിക്കുവാന്‍ വരുന്ന 5 കോടിയോളം ജനങ്ങള്‍ക്കിടയിലെ സുവിശേഷവല്‍ക്കരണത്തിനും, പരിവര്‍ത്തനത്തിനുമുളള ഒരു ഉപകരണമായി തന്റെ ഈ പുതിയ കലാസൃഷ്ടി മാറുമെന്ന പ്രതീക്ഷയിലാണ് ഷ്മാള്‍സ്.
നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കുരിശിന്റെ വഴി പ്രതിപാദിക്കുന്ന ഏറ്റവും വലിയ രൂപങ്ങളില്‍ ഒന്നായിരിക്കും ഇതെന്നാണ് കലാകാരന്‍ പറയുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയമാകുന്ന ഒരു ശില്‍പ്പനിര്‍മ്മാണ പദ്ധതിയാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ ഷ്മാള്‍സ്, ഒര്‍ലാണ്ടോയില്‍ കുരിശിന്റെ വഴി കൊണ്ട് വരുന്നത് ജനങ്ങള്‍ക്കിടയില്‍ സുവിശേഷം കൊണ്ടുവരുന്നതിന് തുല്യമാണെന്നും കൂട്ടിച്ചേര്‍ത്തു. ചുവര്‍ചിത്രത്തിന്റേയും ശില്‍പ്പത്തിന്റേയും സംയുക്ത രൂപമാണ് ഷ്മാള്‍സിന്റെ ഈ കുരിശിന്റെ വഴി. യേശുവിനെ കുരിശുമരണത്തിനു വിധിക്കുന്നത്, യേശു കുരിശ് ചുമക്കുന്നത്, യേശു ഒന്നാം പ്രാവശ്യം വീഴുന്നത്, യേശു തന്റെ അമ്മയെ കണ്ടുമുട്ടുന്നത് എന്നീ നാല് സ്ഥലങ്ങളുടെ നിര്‍മ്മാണം മാത്രമാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്.
യേശുവിന്റെ സഹനത്തെ എടുത്തുക്കാട്ടുന്നതിനോടൊപ്പം പുതിയ നിയമത്തിലൂടെ യേശു പറഞ്ഞിട്ടുള്ള ഓരോ ഉപമയെയും പശ്ചാത്തലത്തില്‍ കാണിക്കുവാനാണ് ഷ്മാള്‍സിന്റെ പദ്ധതി. ശില്‍പ്പനിര്‍മ്മാണം ഷ്മാള്‍സിനെ സംബന്ധിച്ചിടത്തോളം പുതിയൊരു കാര്യമല്ല. പരിചയസമ്പന്നനായ ഈ കലാകാരന്റെ സൃഷ്ടികള്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍ മുതല്‍ വാഷിംഗ്‌ടണ്‍ വരെ ലോകമെമ്പാടുമുണ്ട്. ഇദ്ദേഹത്തിന്റെ ‘ഹോംലെസ് ജീസസ്’, ‘ഏഞ്ചല്‍സ് അണ്‍എവേര്‍’ എന്നീ സൃഷ്ടികള്‍ ഏറെ പ്രസിദ്ധമാണ്. ക്രിസ്തുവിന്റെ സഹനം തന്റെ പ്രധാനപ്പെട്ട പ്രമേയമായി മാറിക്കഴിഞ്ഞുവെന്നു അദ്ദേഹം പറയുന്നു. ക്രൈസ്തവ സമൂഹവും ക്രിസ്തീയ വിശ്വാസ പ്രതീകങ്ങളും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് തന്റെ ശില്‍പ്പത്തിലൂടെ ക്രിസ്തുവിനെ മഹത്വപ്പെടുത്തുവാനാണ് ഷ്മാള്‍സിന്റെ പദ്ധതി.