Arts

വിശുദ്ധ പത്രോസിന്റെ ജീവിതം സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ ചുവരില്‍; ആദ്യ ത്രീഡി മള്‍ട്ടി മീഡിയ പ്രദര്‍ശനത്തിന് സാക്ഷ്യം വഹിച്ചത് ആയിരങ്ങള്‍

പ്രവാചകശബ്ദം 04-10-2022 - Tuesday

വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തിക്കൊണ്ട് വത്തിക്കാനില്‍ സംഘടിപ്പിച്ച “ഫോളോ മി: ദ ലൈഫ് ഓഫ് സെന്റ് പീറ്റർ” എന്ന ത്രീഡി മള്‍ട്ടി മീഡിയ അത്ഭുതത്തിന് സാക്ഷ്യം വഹിച്ചത് ആയിരങ്ങള്‍. വിശുദ്ധ പത്രോസിന്റെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങള്‍ വീഡിയോ മാപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വത്തിക്കാന്‍ ബസിലിക്കയുടെ ഭിത്തിയുടെ വിശാലമായ കാന്‍വാസില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. വത്തിക്കാന്‍ സിറ്റിയുടെ വികാരി ജനറാളും, ഫ്രത്തേല്ലി ടൂട്ടി ഫൗണ്ടേഷന്റെ ചെയര്‍മാനുമായ കര്‍ദ്ദിനാള്‍ ഗാംബെറ്റിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. കടലിലെ തിരമാലകളില്‍ ഉലയുന്ന ഒരു ബോട്ട് പോലെ ദിശാബോധം നഷ്ടപ്പെട്ടതായി തോന്നുന്ന ഒരു ലോകത്ത് വിശുദ്ധ പത്രോസിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നുണ്ടെന്നു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തുകൊണ്ട് കര്‍ദ്ദിനാള്‍ ഗാംബെറ്റി പറഞ്ഞു.

അപ്പസ്തോലന്‍മാരുടെ രാജകുമാരനായ വിശുദ്ധ പത്രോസിന്റെ മാനുഷികവും, ആത്മീയവുമായ ജീവിത കഥ പറയുന്ന 8 മിനിറ്റ് ദൈര്‍ഘ്യമുള്ള ത്രീഡി വീഡിയോ മാപ്പിംഗ് പ്രദര്‍ശനം കണ്ടവരെല്ലാം വലിയ ആഹ്ളാദം പ്രകടിപ്പിച്ചു. ഗലീലിയിലെ മുക്കുവനായിരുന്ന വിശുദ്ധ പത്രോസിന്റെ ജീവിതം, പ്രവര്‍ത്തനം, തൊഴില്‍, ശിഷ്യത്വം, ദൗത്യം, രക്തസാക്ഷിത്വം എന്നിവയെ കുറിച്ചുള്ള ചിത്രങ്ങളും വിവരങ്ങളും സെന്റ്‌ പീറ്റേഴ്സ് ബസലിക്കയില്‍ നിന്നും വത്തിക്കാന്‍ മ്യൂസിയങ്ങളില്‍ നിന്നുമാണ് ശേഖരിച്ചത്. നടനും, ടിവി അവതാരകനുമായ ഫ്ലാവിയോ ഇന്‍സിന്നായുടെ വിവരണത്തിന്റെ അകമ്പടിയോടെയായിരുന്നു പ്രദര്‍ശനം. മില്ലി ഗാര്‍ലൂച്ചിയുടെ അവതരണത്തില്‍ ആന്‍ഡ്രീ ബോസെല്ലി പാടിയ ഗാനങ്ങളും പ്രദര്‍ശനത്തെ വേറിട്ടതാക്കി.

നേരത്തെ ത്രികാല പ്രാര്‍ത്ഥനക്കിടയില്‍ ഫ്രാന്‍സിസ് പാപ്പ ഈ പ്രദര്‍ശനത്തേക്കുറിച്ച് സൂചിപ്പിച്ചിരിന്നു. നമ്മുടെ ദുര്‍ബ്ബലതകളും, പരീക്ഷണങ്ങളും കൊണ്ട് മാത്രമല്ല ദൈവത്തോടുള്ള അടങ്ങാത്ത ദാഹത്താല്‍ അടയാളപ്പെടുത്തപ്പെട്ട വിശുദ്ധ പത്രോസിന്റെ ക്രിസ്തീയമായ മാനവികതയെ കണ്ടെത്തുവാന്‍ ഈ പ്രദര്‍ശനം സഹായിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. പ്രദര്‍ശനം ഒരുക്കിയവര്‍ക്ക് പാപ്പ നന്ദിയും അര്‍പ്പിച്ചു. പുരാതന കാലത്തെ സൃഷ്ടികളും, ആധുനിക സാങ്കേതിക വിദ്യയും തമ്മിലുള്ള ഒരു കണ്ടുമുട്ടലും, ഭാവിയിലേക്കുള്ള ഒരു സന്ദേശവും എന്നാണ് ഈ പ്രദര്‍ശനത്തേക്കുറിച്ച് കര്‍ദ്ദിനാള്‍ ഗാംബെറ്റി പറഞ്ഞത്. ഒക്ടോബര്‍ 16 വരെ എല്ലാദിവസവും രാത്രി 9 മണി മുതല്‍ 11 മണി വരെ ഓരോ 15 മിനിട്ടിലും ഈ പ്രദര്‍ശനം നടത്തും.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 45