India - 2024

രാജ്യം എന്നത് അതതു കാലത്ത് രാജ്യം ഭരിക്കുന്ന സർക്കാരുകളല്ല: കർദ്ദിനാൾ ക്ലീമിസ് കാതോലിക്ക ബാവ

പ്രവാചകശബ്ദം 19-02-2023 - Sunday

തിരുവനന്തപുരം: രാജ്യം എന്നത് അതതു കാലത്ത് രാജ്യം ഭരിക്കുന്ന സർക്കാരുകളല്ലെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യാ മഹാരാജ്യം എന്നത് ഓരോ കാലത്തു രാജ്യം ഭരിക്കുന്ന സർക്കാരുകളാണെന്ന തെറ്റിദ്ധാരണ പുലർത്താൻ പാടില്ല. തെരഞ്ഞെടുക്കപ്പെട്ട കാലത്തേക്കുള്ള കാവൽക്കാരാണ് സർക്കാരുകൾ. അതു തിരിച്ചറിയാനായി പൗരബോധമുള്ള ഒരു സമൂഹത്തെ പരിശീലിപ്പിക്കാൻ അധ്യാപകർക്കു കഴിയണം.

ഇന്ത്യാ മഹാരാജ്യത്തിന്റെ ഉത്തമമായ പൈതൃകത്തെ കൈമോശം വരുത്തുന്നതിന് ആരെങ്കിലും ശ്രമിച്ചാൽ അതിനെതിരേ ശബ്ദമുയർത്താൻ കെൽപുള്ള പൗരന്മാരെ സൃഷ്ടിക്കുവാൻ ഗുരുവിനു കഴിഞ്ഞില്ലെങ്കിൽ പിന്നെ ആർക്കാണു കഴിയുക എന്നും അദ്ദേ ഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ സമർപ്പണത്തിലൂടെ ദേശത്തെ കെട്ടിപ്പടുക്കുന്നതിൽ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതര സമൂഹങ്ങൾക്കൊപ്പം നിർണായകമായ പങ്കാണ് വഹിച്ചിട്ടുളതെന്ന് അദ്ദേഹം പറഞ്ഞു. മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാർ ജോഷ്വാ മാർ ഇഗ്നാത്തിയോസിനെ ചടങ്ങിൽ കർദ്ദിനാൾ പൊന്നാടയണിയിച്ച് ആദരിച്ചു. മികച്ച അധ്യാപകർക്കും മികച്ച രൂപതയ്ക്കുമുള്ള പുരസ്കാരങ്ങളും ചടങ്ങിൽ കർദിനാൾ സമ്മാനിച്ചു.

മികച്ച അധ്യാപകർക്കുള്ള പുരസ്കാരത്തിന് അർഹരായ തൃശൂർ മരിയാപുരം മിഷൻ ഹോം എൽപി സ്കൂളിലെ പ്രധാന അധ്യാപകൻ ജോഷി വടക്കൻ, കണ്ണൂർ കേളകം മഞ്ഞളാംപുറം യുപി സ്കൂളിലെ പ്രധാന അധ്യാപിക റോസമ്മ പി. ഡി (യുപി വിഭാഗം), മണിക്കടവ് സെന്റ് തോമസ് എച്ച്എസ്എസിലെ സോഷ്യൽ സയ ൻസ് അധ്യാപകൻ പി. റോബിൻ ജോസഫ് (ഹൈസ്കൂൾ), പാലാ സെന്റ് തോമസ് എ ച്ച്എസ്എസ് പ്രിൻസിപ്പൽ മാത്യു എം കുര്യാക്കോസ് (ഹയർസെക്കൻഡറി) എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. പ്ലാസ്റ്റിക് ഫ്രീ കാമ്പസിനുള്ള പുരസ്കാരത്തിനു കറ്റാനം പോപ് പയസ് 11 എച്ച്എസ്എസും മികച്ച രൂപതയ്ക്കുള്ള പുരസ്കാരത്തിന് നെയ്യാറ്റിൻകര രൂപതയും അർഹമായി.

More Archives >>

Page 1 of 509