News - 2025

നിക്കരാഗ്വേൻ സർക്കാരിന്റെ കത്തോലിക്ക സഭ വേട്ടയാടലില്‍ അതൃപ്തി അറിയിച്ച് ഐക്യരാഷ്ട്ര സഭ

പ്രവാചകശബ്ദം 19-08-2023 - Saturday

ജനീവ: മാസങ്ങളായി കത്തോലിക്ക സഭയ്‌ക്കെതിരെ അന്യായമായി നടത്തുന്ന നിക്കരാഗ്വേൻ സർക്കാർ നടപടികളിൽ ഐക്യരാഷ്ട്ര സഭ അതൃപ്തി അറിയിച്ചു. കത്തോലിക്ക സഭയുടെ മേലധ്യക്ഷന്മാർക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും തുടർച്ചയായി നടത്തി വരുന്ന അനീതിപരവും അസന്മാർഗ്ഗികവുമായ നിക്കരാഗ്വേൻ സർക്കാരിന്റെ നടപടികളിൽ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറേസിന്റെ ഓഫീസാണ് പ്രസ്താവനയിറക്കിയത്. ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തെ വിമര്‍ശിച്ച ഐക്യരാഷ്ട്രസഭ - വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മാനവിക വികസനത്തിന് കത്തോലിക്ക സഭ നൽകിയ സേവനങ്ങൾക്ക് നന്ദി അറിയിച്ചു.

നിക്കരാഗ്വേൻ സർക്കാരും കത്തോലിക്കാ സഭയും തമ്മിൽ മാസങ്ങളായി വർധിച്ചുവരുന്ന സംഘർഷങ്ങൾ ഏറെ അസ്വസ്ഥതയുളവാക്കുന്നതാണെന്ന് യു‌എന്‍ പ്രസ്താവിച്ചു. നിക്കരാഗ്വേ മെത്രാൻ മോൺ. അൽവാരെസിന്റെ അറസ്റ്റും തുടർന്നുള്ള 26 വർഷ കഠിനതടവിനുള്ള വിധിയും അന്താരാഷ്ട്ര തലങ്ങളിൽ ഏറെ ചർച്ചാവിഷയമാകുകയും, എതിർപ്പുകൾ നേരിടുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം അന്യായമായി ദേശീയ സുരക്ഷ ആശങ്കയെന്ന ആരോപണവുമായി ജെസ്യൂട്ട് സമൂഹത്തിന്റെ കീഴിലുള്ള സർവ്വകലാശാല അടച്ചുപൂട്ടുവാൻ നിക്കരാഗ്വേ സർക്കാർ എടുത്ത തീരുമാനത്തെയും ഐക്യരാഷ്ട്രസഭ ചോദ്യം ചെയ്തിട്ടുണ്ട്.

ഇതിനിടെ മനാഗ്വേയിലെ സെൻട്രൽ അമേരിക്കൻ യൂണിവേഴ്‌സിറ്റി (യുസിഎ) അടച്ചുപൂട്ടുന്നതിനെ ശക്തമായ ഭാഷയിൽ അപലപിച്ചുകൊണ്ട് ജെസ്യൂട്ടു സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ഫാ. അർതുറോ സോസയും രംഗത്ത് വന്നു. ഒര്‍ട്ടേഗ ഭരണകൂടം സ്വീകരിച്ച ജനാധിപത്യ വിരുദ്ധ നയങ്ങളിലും ഏകാധിപത്യത്തിലും കത്തോലിക്ക സഭ ശക്തമായ പ്രതിഷേധവുമായി നേരത്തെ രംഗത്ത് വന്നിരിന്നു. ഇതിനു പിന്നാലെയാണ് സഭയ്ക്കു നേരെയുള്ള ഭരണകൂട വേട്ടയാടല്‍ ശക്തമായത്. ഇക്കഴിഞ്ഞ ദിവസം നിക്കരാഗ്വേ സര്‍ക്കാരിന്റെ കത്തോലിക്ക വിരുദ്ധ നയങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റും പ്രസ്താവനയിറക്കിയിരിന്നു.

More Archives >>

Page 1 of 873