News

നാസികൾ കൊലപ്പെടുത്തിയ ഉല്‍മ കുടുംബത്തിലെ 9 പേരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു

പ്രവാചകശബ്ദം 11-09-2023 - Monday

വാര്‍സോ: യഹൂദരെ സംരക്ഷിച്ചതിന്റെ പേരിൽ നാസികൾ കൊലപ്പെടുത്തിയ ഒരു കുടുംബത്തിലെ 9 പേരെ കത്തോലിക്ക സഭ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി. പോളണ്ടിലെ തങ്ങളുടെ ഭവനത്തിൽ നാസികളുടെ അക്രമങ്ങളിൽ നിന്ന് യഹൂദ കുടുംബത്തെ രഹസ്യമായി ഒളിപ്പിച്ചതിന് കൊല്ലപ്പെട്ട യോസേഫും, വിക്ടോറിയ ഉൽമയും അവരുടെ ഏഴ് മക്കളും അടക്കം ഒന്‍പതു പേരെയാണ് തിരുസഭ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്. ഇന്നലെ സെപ്റ്റംബർ പത്താം തീയതി ഞായറാഴ്ച മാർക്കോവയിൽ നടന്ന ചടങ്ങിൽ മുപ്പതിനായിരത്തോളം ആളുകള്‍ പങ്കെടുത്തു. കൊല ചെയ്യപ്പെടുമ്പോൾ അമ്മയുടെ ഉദരത്തിൽ ഉണ്ടായിരുന്ന ശിശു ഉൾപ്പെടെ ഒരു കുടുംബം മുഴുവന്‍ ഒരുമിച്ച് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത് അത്യഅസാധാരണ സംഭവത്തിനാണ് പോളണ്ട് സാക്ഷിയായതെന്നത് ശ്രദ്ധേയമാണ്.

രണ്ട് യഹൂദ കുടുംബങ്ങൾക്കാണ് രണ്ടാം ലോക മഹായുദ്ധകാലത്ത് ഉൽമ കുടുംബം അഭയം നൽകിയത്. ചരിത്രതാളുകളിൽ എഴുതപ്പെട്ട സുവിശേഷം ജീവിക്കുന്ന ഒരു യാഥാർത്ഥ്യമായി മാറിയിരിക്കുകയാണെന്നും, ഇത് ഉൽമ കുടുംബത്തിന്റെ ക്രൈസ്തവ സാക്ഷ്യത്തിലും, രക്തസാക്ഷിത്വത്തിലും ശോഭിക്കുകയാണെന്നും വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങിലെ വിശുദ്ധ കുർബാനയിൽ സന്ദേശം നൽകി സംസാരിച്ച വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ മാർസെല്ലോ സെമരാറോ പറഞ്ഞു.

പോളണ്ടിലെ എല്ലാ യഹൂദരെയും വധിക്കാൻ ഉദ്ദേശിച്ചുകൊണ്ട് നാസികൾ ആരംഭിച്ച ഓപ്പറേഷൻ റെയ്ൻഹാർഡ്, ഉൽമ കുടുംബം താമസിച്ച പ്രദേശത്ത് 1942 ജൂലൈ അവസാനമാണ് ആരംഭിച്ചത്. 1944 മാർച്ച് 24നാണ് ഇവരുടെ കുടുംബം തങ്ങളുടെ ഫാമിൽ യഹൂദരെ ഒളിപ്പിച്ചതായി നാസികൾ കണ്ടെത്തുന്നത്. വീടിന് വെളിയിൽവെച്ച് തന്നെ ഗർഭിണിയായിരുന്ന വിക്ടോറിയയെയും, ജോസഫിനെയും നാസികൾ കൊലപ്പെടുത്തി. മാതാപിതാക്കളുടെ ദാരുണ അന്ത്യത്തില്‍ വിറങ്ങലിച്ചു നിന്ന കുട്ടികള്‍ മുറവിളിയിടാൻ തുടങ്ങിയതോടെ നാസികളുടെ അടുത്ത ലക്ഷ്യം ഈ കുഞ്ഞുങ്ങളായിരിന്നു. സ്റ്റാനിസ്ലാവ (8), ബാർബര (7), വ്ലാഡിസ്ലാവ് (6), ഫ്രാൻസിസെസ്ക് (4) ആൻതോണി (3), മരിയ (2) എന്നീ കുഞ്ഞുങ്ങളെയും നാസി പടയാളികള്‍ ക്രൂരമായി വെടിവച്ചു കൊലപ്പെടുത്തി.

നീണ്ട പഠനങ്ങള്‍ക്കും നാമകരണ നടപടികളും പൂര്‍ത്തിയാക്കി നാമകരണത്തിനായുള്ള തിരുസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് 2022 ഡിസംബറിൽ ഒപ്പുവച്ച ഉത്തരവിലൂടെ ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നല്‍കുകയായിരിന്നു. ആധുനിക സഭയില്‍ നടക്കുന്ന നാമകരണ നടപടികളിൽ ഇതുവരെ കാണാത്ത ഒന്നാണെന്നു വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനമെന്ന് നാമകരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കർദ്ദിനാൾ സെമരാറോ നേരത്തെ പറഞ്ഞിരിന്നു.

More Archives >>

Page 1 of 881