News - 2025

നിശബ്ദമായ പ്രാർത്ഥന നിയമവിരുദ്ധമല്ല: പോലീസിനോട് യു‌കെ‌ ആഭ്യന്തര സെക്രട്ടറി

പ്രവാചകശബ്ദം 11-09-2023 - Monday

ലണ്ടന്‍: ഭ്രൂണഹത്യ കേന്ദ്രങ്ങൾക്ക് സമീപം നിശബ്ദമായി പ്രാർത്ഥിച്ചതിന് കേസെടുക്കുന്ന ബ്രിട്ടനിലെ പോലീസിന് തിരുത്തലുമായി യു‌കെ‌ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ. നിശബ്ദമായ പ്രാർത്ഥന നിയമവിരുദ്ധമല്ലായെന്ന് ബ്രാവർമാൻ പോലീസിന് അയച്ച പൊതു കത്തിലൂടെ സെക്രട്ടറി വ്യക്തമാക്കി. ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാം, ബോൺമൗത്ത് മുനിസിപ്പാലിറ്റികളിലെ ഭ്രൂണഹത്യ കേന്ദ്രങ്ങൾക്ക് സമീപം നിശബ്ദമായി പ്രാർത്ഥിച്ചതിന് മൂന്നു പേര്‍ക്കെതിരെ നേരത്തെ കേസെടുത്തതു വലിയ പ്രതിഷേധത്തിന് വഴിതെളിയിച്ചിരിന്നു. ഇതിനിടെയാണ് ആഭ്യന്തര സെക്രട്ടറിയുടെ പ്രതികരണം.

പീഡനത്തിനും ഭീഷണിക്കും സ്ഥാനമില്ലാത്ത, കുറ്റകൃത്യങ്ങൾ തടയുന്നതിലും കുറ്റവാളികളെ പിടികൂടുന്നതിലും ഉദ്യോഗസ്ഥർ അശ്രാന്തമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന, അന്തരീക്ഷം ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയാണെന്നും യു‌കെ പോലീസ് വിശ്വാസം നേടിയെടുക്കേണ്ടതുണ്ടെന്നും ആഭ്യന്തര സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യൻ ലീഗൽ ഗ്രൂപ്പായ അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം ഇൻ യുണൈറ്റഡ് കിംഗ്ഡത്തിന്റെ (എഡിഎഫ് യുകെ) നിയമോപദേശകനായ ജെറമിയ ഇഗുനുബോൾ സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞു.

യു‌കെയില്‍ ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നില്‍ പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ നിയമലംഘനം നടത്തിയെന്ന് ആരോപിച്ച് 'മാര്‍ച്ച് ഫോര്‍ ലൈഫ്' യുകെയുടെ കോര്‍ഡിനേറ്ററായ ഇസബെല്‍ വോഗന്‍ സ്പ്രൂസിനെതിരെ നേരത്തെ കേസെടുത്തിരിന്നു. ബര്‍മിംഗ്ഹാം അബോര്‍ഷന്‍ ക്ലിനിക്കിനു മുന്നിലുള്ള പ്രസംഗം വിലക്കുന്ന പബ്ലിക് സ്പേസസ് പ്രൊട്ടക്ഷന്‍ നിയമത്തിന്റെ കീഴിലാണ് കേസെടുത്തത്. ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ഠിതമായ നിയമ സംഘടനയായ 'അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവില്‍ ബര്‍മിംഗ്ഹാം മജിസ്ട്രേറ്റ് കോടതി ഇവരെ പിന്നീട് കുറ്റവിമുക്തരാക്കി.

More Archives >>

Page 1 of 882