News
യുദ്ധത്തില്‍ ഗാസയിലെ ക്രൈസ്തവര്‍ ഇല്ലാതാകുമോ? ആശങ്ക പ്രകടിപ്പിച്ച് വിശുദ്ധ നാടിന്റെ മുഖ്യ സൂക്ഷിപ്പുകാരൻ
പ്രവാചകശബ്ദം 11-10-2023 - Wednesday
ഗാസ: ഇസ്രായേല്‍ - പാലസ്തീന്‍ യുദ്ധം ശക്തമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിശുദ്ധ നാട്ടിലെ നിലവിലെ സാഹചര്യത്തേക്കുറിച്ചും ഗാസ മുനമ്പിലെ ക്രൈസ്തവരുടെ ഭാവിയെക്കുറിച്ചും ആശങ്ക പങ്കുവെച്ച് വിശുദ്ധ നാടിന്റെ മുഖ്യ സൂക്ഷിപ്പുകാരനായ ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്‍. വത്തിക്കാന്‍ ദിനപത്രമായ ‘എല്‍’ഒസ്സെര്‍വേറ്റോ റൊമാന’ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിശുദ്ധ നാടിന്റെ മേല്‍നോട്ട ചുമതല നിര്‍വഹിക്കുന്ന ഫ്രാന്‍സിസ്കന്‍ സംഘത്തിന് നേതൃത്വം നല്‍കുന്ന ഫാ. ഫ്രാന്‍സെസ്കോ, ഗാസയിലെ ക്രൈസ്തവരെ കുറിച്ചുള്ള തന്റെ ആശങ്കകള്‍ പങ്കുവെച്ചത്.
“നിലവില്‍ ഗാസയിലെ ക്രിസ്ത്യന്‍ സമൂഹം സുരക്ഷിതമാണെന്നാണ് ലഭ്യമായ വിവരം. യുദ്ധം കാരണം ഗാസയിലെ തീരെ ചെറിയ ക്രിസ്ത്യന്‍ സമൂഹം അപ്രത്യക്ഷമാകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു. ഗാസയില്‍ തുടരുന്നത് അപകടകരമാണ്. വരും ദിവസങ്ങളില്‍ എന്തൊക്കെ സംഭവിക്കുമെന്ന് നമുക്കറിയില്ല. ജെറുസലേമിലെ ഇപ്പോഴത്തെ സാഹചര്യം നമ്മുടെ ധാരണകള്‍ക്കും അപ്പുറമാണ്. പോലീസിനെ അല്ലാതെ തെരുവുകളില്‍ ആളുകളെ കാണാനേ ഇല്ല''. കൊറോണ പകര്‍ച്ചവ്യാധികാലത്തേക്ക് തിരികെപോയതുപോലെയാണ് ഇപ്പോഴത്തെ സാഹചര്യമെന്നും ഫാ. ഫ്രാന്‍സെസ്കോ പറഞ്ഞു.
ജാഫയിലും റംലേയിലും ഒഴികെ വിശുദ്ധ നാടിന്റെ കസ്റ്റഡി കാര്യാലയം ഇല്ലാത്തതിനാല്‍ എന്തൊക്കെയാണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് ഭൂരിഭാഗം ആളുകളും ഓണ്‍ലൈന്‍ ഉറവിടങ്ങളിലൂടെയാണ് അറിഞ്ഞു കൊണ്ടിരിക്കുന്നത്. യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. എല്ലാ നഗരങ്ങളും സുരക്ഷിതമല്ല. രാജ്യത്തിന്റെ തെക്ക് ഭാഗത്തെ സാഹചര്യത്തേക്കുറിച്ച് യാതൊരു വിവരവുമില്ല. ഇസ്രായേലിലെ ക്രിസ്ത്യന്‍ ജനത സമാധാനപൂര്‍വ്വം ജീവിക്കുന്നവരാണ്. ഓരോ യുദ്ധത്തിന്റേയും ആദ്യ ഇര ക്രിസ്ത്യാനികളാണ്. ഗാസയിലെ പല ക്രൈസ്തവരും രാജ്യം വിടുകയാണെന്നും ഫാ. ഫ്രാന്‍സെസ്കോ വെളിപ്പെടുത്തി.
ഇരുപത് ലക്ഷത്തോളം ജനസംഖ്യയുള്ള ഗാസയില്‍ വെറും ആയിരം ക്രിസ്ത്യാനികള്‍ മാത്രമാണുള്ളത്. ഈ ചെറു സമൂഹത്തിന്റെ നാലിലൊന്ന് മാത്രമാണ് കത്തോലിക്കര്‍. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ് ക്രൈസ്തവരില്‍ ഭൂരിഭാഗം പേരും. ഇക്കഴിഞ്ഞ ഒക്ടോബര്‍ 7-ന് ഇസ്രായേലില്‍ നുഴഞ്ഞുകയറിയ ഇസ്ലാമിക തീവ്രവാദ സംഘടനയായ ഹമാസ് ആക്രമണം ആരംഭിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.ഇത് പിന്നീട് യുദ്ധ പ്രഖ്യാപനത്തിലേക്ക് നയിക്കുകയായിരുന്നു. ആധുനിക ചരിത്രത്തില്‍ ഇസ്രായേല്‍ നേരിട്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായ ഈ ആക്രമണത്തില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ 900 ഇസ്രായേലികള്‍ കൊല്ലപ്പെടുകയും, നൂറുകണക്കിന് ആളുകള്‍ ബന്ദിയാക്കപ്പെടുകയും ചെയ്തു.
Tag: Israel Gaza, Catholic News, Israeli-Palestinian Conflict, Pope Francis, Vatican news, Catholic Malayalam News, , Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക