News
അക്രമങ്ങള്‍ക്കിടയിലും ജെറുസലേമിലെ പുണ്യസ്ഥലങ്ങള്‍ തുറന്നിടുവാനുള്ള ദൗത്യവുമായി ഫ്രാന്‍സിസ്കന്‍ സമൂഹം
പ്രവാചകശബ്ദം 16-10-2023 - Monday
ജെറുസലേം: ഇസ്രായേല്‍ - ഹമാസ് പോരാട്ടം കനക്കുന്നതിനിടെ വിശുദ്ധ നാട്ടിലെ പുണ്യസ്ഥലങ്ങളുടെ സൂക്ഷിപ്പുകാരായ ഫ്രാന്‍സിസ്കന്‍ സമൂഹം ജെറുസലേമിലെ പുണ്യസ്ഥലങ്ങള്‍ തീര്‍ത്ഥാടകര്‍ക്കായി തുറന്നിടുവാന്‍ ശ്രമകരമായ ദൗത്യം തുടരുന്നു. യേശു ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഏതാണ്ട് അന്‍പതിലധികം പുണ്യസ്ഥലങ്ങളുടെ മേല്‍നോട്ടമാണ് ഫ്രാന്‍സിസ്കന്‍ സന്യാസികള്‍ നിര്‍വ്വഹിച്ചു വരുന്നത്. നിലവില്‍ ജെറുസലേമിലുള്ള തീര്‍ത്ഥാടകര്‍ക്കായി ഈ പുണ്യകേന്ദ്രങ്ങള്‍ തുറന്നിടുന്നതിനുള്ള പരിശ്രമത്തിലാണിവര്‍. തീര്‍ത്ഥാടകര്‍ക്ക് വേണ്ട ആത്മീയ അനുഭവം നല്‍കുന്നതിനായി തങ്ങളുടെ മേല്‍നോട്ടത്തിലുള്ള പുണ്യസ്ഥലങ്ങളും ദേവാലയങ്ങളും തുറന്ന്‍ തന്നെയാണിരിക്കുന്നതെന്ന്‍ ‘ദി കസ്റ്റഡി ഓഫ് ഹോളി ലാന്‍ഡ്’ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
ഏഴ് നൂറ്റാണ്ടിലേറെയായി യുദ്ധകാലത്തും, സമാധാന കാലത്തും, ഉദ്ഖനനവും മറ്റ് ജോലികളും നടക്കുമ്പോഴും, എല്ലാദിവസവും മുടങ്ങാതെ ഫ്രാന്‍സിസ്കന്‍ സന്യാസികള്‍ ഈ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാറുണ്ടെന്ന്‍ ഫ്രാന്‍സിസ്കന്‍ സന്യാസിയായ സ്റ്റെഫാനെ മിലോവിച്ച് പറഞ്ഞു. കുരിശുമരണത്തിന് ശേഷം യേശുവിനെ അടക്കം ചെയ്തുവെന്ന്‍ ആയിരകണക്കിന് വര്‍ഷങ്ങളായി വിശ്വസിക്കപ്പെടുന്ന തിരുക്കല്ലറപ്പള്ളി, ഗെത്സെമന്‍ തോട്ടം, ഏശയ്യ പ്രവാചകന്റെ കല്ലറ, യേശു ജനിച്ച സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട തിരുപ്പിറവി പള്ളി, വിശുദ്ധ പൗലോസിന് മാനസാന്തരമുണ്ടായ സ്ഥലം തുടങ്ങിയവ ദി കസ്റ്റഡി ഓഫ് ഹോളി ലാന്‍ഡിന്റെ മേല്‍നോട്ടത്തിലുള്ള പുണ്യസ്ഥലങ്ങളില്‍ പ്രധാനപ്പെട്ടവ മാത്രമാണ്.
ജെറുസലേം ലാറ്റിന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല സംഘര്‍ഷം ആരംഭിച്ചപ്പോള്‍ മുതല്‍ക്കേ സമാധാന ആഹ്വാനം നടത്തിയിരിന്നു. അതേസമയം യുദ്ധം ശക്തമായ സാഹചര്യത്തില്‍ ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി ദേവാലയവുമായി ഫ്രാന്‍സിസ് പാപ്പ ബന്ധപ്പെടുകയും, വ്യക്തിപരമായി വിളിച്ച് പാപ്പ ഇടവകയുടെ സ്ഥിതിഗതികള്‍ ആരായുകയും ചെയ്യുന്നുണ്ട്. ഹമാസ് ഭീകരര്‍ ഇസ്രായേലില്‍ പ്രവേശിച്ച് ആക്രമണം നടത്തിയതിനേത്തുടര്‍ന്ന്‍ ഉടലെടുത്ത സംഘര്‍ഷത്തില്‍ ഏറ്റവും ചുരുങ്ങിയത് മൂവായിരത്തിലേറെപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ദശാബ്ദങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് ഇസ്രായേല്‍ തങ്ങളുടെ പട്ടണങ്ങളിലും തെരുവുകളിലും ഇത്തരത്തിലുള്ള ആക്രമണത്തിന് സാക്ഷ്യം വഹിക്കുന്നത്.