News

‘ദിവ്യകാരുണ്യത്തിന്റെ അത്ഭുതങ്ങള്‍’ എന്ന പ്രമേയവുമായി പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും വേണ്ടിയുള്ള അന്താരാഷ്‌ട്ര വാരം

പ്രവാചകശബ്ദം 16-10-2023 - Monday

വാഷിംഗ്‌ടണ്‍ ഡി.സി : ‘ദിവ്യകാരുണ്യത്തിന്റെ അത്ഭുതങ്ങള്‍’ എന്ന മുഖ്യപ്രമേയവുമായി രാഷ്ട്രം, നേതാക്കള്‍, കുടുംബങ്ങള്‍, സഭ എന്നിവക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും, ഉപവസിക്കുവാനുമുള്ള അമേരിക്കയിലെ ഇക്കൊല്ലത്തെ വാര്‍ഷിക അന്താരാഷ്‌ട്ര ഉപവാസ പ്രാര്‍ത്ഥനാവാരം ഒക്ടോബര്‍ 20 മുതല്‍ 28 വരെ. മൂന്ന്‍ ദിവസം നീണ്ടു നില്‍ക്കുന്ന വിര്‍ച്വല്‍ പരിപാടിയോടെ ആരംഭിക്കുന്ന ഉപവാസ പ്രാര്‍ത്ഥനാവാരം വാഷിംഗ്‌ടണ്‍ ഡി.സിയിലെ നാഷണല്‍ ഷ്രൈന്‍ ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷനില്‍വെച്ച് ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന തത്സമയ പരിപാടിയോടെയാണ് അവസാനിക്കുക. സഭയുടെ സൈബര്‍ അപ്പസ്തോലന്‍ എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്റെ അമ്മയായ അന്റോണിയ സാല്‍സാനോയുടെ വീഡിയോ അവതരണത്തോടെയാണ് കോണ്‍ഫറന്‍സ് ആരംഭിക്കുക.

സാല്‍സാനോ ആയിരിക്കും എല്ലാവരേയും സ്വാഗതം ചെയ്യുന്നതെന്നു പ്രാര്‍ത്ഥനക്കും ഉപവാസത്തിനും വേണ്ടിയുള്ള അന്താരാഷ്‌ട്ര വാരത്തിന്റെ സഹസ്ഥാപകനായ ടെഡ് ഫ്ലിന്‍ അറിയിച്ചു. ഫ്ലിന്നും, അദ്ദേഹത്തിന്റെ ഭാര്യയായ മൗറീന്‍ ഫ്ലിന്നും, അന്തരിച്ച ജോണ്‍ ഡൌണ്‍സം ചേര്‍ന്നാണ് അന്താരാഷ്‌ട്ര ഉപവാസ പ്രാര്‍ത്ഥനാവാരം ആരംഭിച്ചത്. അലബാമയിലെ ബര്‍മിംഗ്ഹാമിലെ മുന്‍ മെത്രാനായിരുന്ന റോബര്‍ട്ട് ബേക്കര്‍ അവസാന ദിവസത്തെ വിശുദ്ധ കുര്‍ബാനക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്റെ തിരുശേഷിപ്പ് പ്രാര്‍ത്ഥനവാരത്തില്‍ ഉടനീളം പ്രദര്‍ശിപ്പിക്കുന്നതാണെന്നും ദിവ്യകാരുണ്യ നാഥനുമായി ആളുകളെ പ്രത്യേകിച്ച് യുവജനങ്ങളെ അടുപ്പിക്കുന്നതിനായി വാഴ്ത്തപ്പെട്ട കാര്‍ളോ ശക്തമായ സന്ദേശം നല്‍കുന്നുണ്ടെന്നും ബേക്കര്‍ പറഞ്ഞു.

“സ്വര്‍ഗ്ഗത്തിലേക്കുള്ള ഹൈവേ” എന്നാണ് വാഴ്ത്തപ്പെട്ട കാര്‍ളോ ദിവ്യകാരുണ്യത്തേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. വിശ്വാസത്തിന്റെ ഉച്ചകോടിയാണ് ദിവ്യകാരുണ്യം. ദിവ്യകാരുണ്യവും, പ്രാര്‍ത്ഥനയും, ജപമാലയും, ഉപവാസവും, ആരാധനയും, കൂദാശകളുമാണ് എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമെന്ന സത്യമാണ് ഇക്കൊല്ലത്തെ ഉപവാസ പ്രാര്‍ത്ഥന വാരത്തിന്റെ മുഖ്യപ്രമേയം തിരഞ്ഞെടുക്കുവാനുള്ള കാരണമായി ടെഡ് ഫ്ലിന്‍ ചൂണ്ടിക്കാട്ടിയത്. ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യത്തില്‍ ഊന്നിക്കൊണ്ടായിരിക്കും പ്രാരംഭ ദിവസമായ വെള്ളി, ശനി, തിങ്കള്‍ ദിവസങ്ങളിലേയും അവസാന ദിവസത്തേയും പ്രഭാഷണങ്ങള്‍ നടക്കുക.

രാഷ്ട്രങ്ങളുടെയും ജനങ്ങളുടെയും മാനസാന്തരം, ജീവിത സംസ്കാരം കെട്ടിപ്പടുക്കുക, കുടുംബത്തിന്റേയും ജീവന്റേയും വിശുദ്ധി സംരക്ഷിക്കുക, സമാധാനം, വൈദികര്‍, ദൈവവിളി, സഭാമക്കളുടെ വിശുദ്ധി എന്നിവക്കായി ദൈവകാരുണ്യം അപേക്ഷിക്കുക എന്നിവയാണ് ഇക്കൊല്ലത്തെ അന്താരാഷ്‌ട്ര പ്രാര്‍ത്ഥന, ഉപവാസ വാരത്തിന്റെ മുഖ്യ നിയോഗങ്ങള്‍. ലീജിയണ്‍ ഓഫ് മേരി എന്ന സംഘടനയുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുക. അന്താരാഷ്‌ട്ര ഉപവാസ പ്രാര്‍ത്ഥനാവാരത്തിന് നേരത്തെ മാര്‍പാപ്പയുടെ അപ്പസ്തോലിക ആശീര്‍വാദം ലഭിച്ചിരിന്നു.

More Archives >>

Page 1 of 894