India - 2025
പൂഞ്ഞാർ പള്ളിയില്‍ വൈദികനെ കാറിടിപ്പിച്ച് വീഴ്ത്തി; വ്യാപക പ്രതിഷേധം
പ്രവാചകശബ്ദം 24-02-2024 - Saturday
പൂഞ്ഞാർ: പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ കാറുകളിലും ബൈക്കുകളിലുമെത്തിയ ഒരു സംഘം യുവാക്കൾ അസിസ്റ്റൻ്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട സ്വദേശികളായ ആറു പേരെ പോലീസ് അറസ്റ്റുചെയ്തു. ഇന്നലെ ഉച്ചയോടെ പള്ളിയിൽ ആരാധന നടന്നുകൊണ്ടിരിക്കേ കുരിശടിയിലും മൈതാനത്തും പതിനഞ്ചോളം വരുന്ന സംഘം വാഹന അഭ്യാസപ്രകടനം നടത്തിയതിനെ ഫാ. ജോസഫ് ആറ്റുചാലിൽ തടയുകയും അവരോട് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ആക്രമണം.
വൈദികനും പള്ളി അധികാരികൾക്കും നേരേ സംഘം അസഭ്യവർഷം ചൊരിയുകയും കൈയേറ്റത്തിനു മുതിരുകയുമായിരിന്നു. പള്ളിയുടെ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചപ്പോൾ അമിതവേഗത്തിൽ കാർ ഓടിച്ച് വൈദികനെ ഇടിച്ചു വീഴ്ത്തി. സാരമായി പരിക്കേറ്റ ഫാ. ജോസഫ് ആറ്റുചാലിലിനെ ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ ഡിവൈഎസ്‌പി പി.കെ. സദൻ, ഈരാറ്റുപേട്ട എസ്എച്ച്‌ഒ എ.പി. സു ബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് പള്ളിയിലെത്തി അന്വേഷണം ആരംഭിച്ചു. പള്ളിയിലെ നിരീക്ഷണ കാമറകൾ സംഭവസമയത്ത് ഓഫായിരുന്നെന്ന് പോലീസ് പറഞ്ഞു. അതേസമയം അക്രമിസംഘമെത്തിയ വാഹനങ്ങളുടെ ചിത്രങ്ങൾ പോലീസിന് നാട്ടുകാർ കൈമാറി.
നോമ്പുകാല ആരാധന തടസപ്പെടുത്തുകയും വൈദികനെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌ത സംഭവത്തിൽ പാലാ രൂപതയും പൂഞ്ഞാർ സെന്റ് മേരീസ് ഇടവകയും ശക്തമായി പ്രതിഷേധിച്ചു. പള്ളിയങ്കണത്തിൽ അതിക്രമിച്ചു കടക്കുകയും വൈദികനെ ആക്രമിക്കുകയും ചെയ്‌ത സംഭവമറിഞ്ഞ് ആയിരക്കണക്കിന് വിശ്വാസികളും രൂപതയിലെ നിരവധി വൈദികരും സന്യസ്തരും പള്ളി അങ്കണത്തിൽ എത്തിച്ചേർന്നു. വൈകീട്ട് പൂഞ്ഞാര്‍ ടൌണില്‍ നടന്ന പ്രതിഷേധ റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.