News - 2025
ദൈവത്തിങ്കലേക്ക് ഇന്നു തന്നെ തിരിയുക, നാളെ നമ്മുക്ക് ഉണ്ടോയെന്നു അറിയില്ല: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 14-01-2017 - Saturday
വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ വഴിയിലേക്ക് തിരിയുന്നതിനും, അവിടുത്തെ സ്‌നേഹിക്കുന്നതിനും ഏറ്റവും യോജിച്ച സമയം 'ഇന്ന്' തന്നെയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നാളത്തെ ദിവസം മുതല്‍ ദൈവത്തെ സ്‌നേഹിക്കാമെന്ന ചിന്ത പൂര്‍ണ്ണമായും വ്യര്‍ത്ഥമാണെന്നും, ഇത്തരം ചിന്തകള്‍ നമ്മേ കൊണ്ടെത്തിക്കുക നാശത്തിലേക്കാണെന്നും പാപ്പ പറഞ്ഞു. കഴിഞ്ഞ ദിവസം വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തിലാണ് ഫ്രാന്‍സിസ് പാപ്പ തന്റെ ചിന്തകള്‍ പങ്കുവച്ചത്.
'ഇന്നു നിങ്ങള്‍ അവന്റെ സ്വരം ശ്രവിക്കുമ്പോള്‍ എതിര്‍പ്പിന്റെ കാലത്തെന്നതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്' എന്ന ഹെബ്രായര്‍ക്കെഴുതിയ ലേഖനത്തിലെ വചനത്തെ അടിസ്ഥാനപ്പെടുത്തിയാണ് പരിശുദ്ധ പിതാവ് തന്റെ പ്രസംഗം നടത്തിയത്.
"ദൈവത്തിലേക്ക് നാം ഇന്നു തന്നെ തിരിയണമെന്നും, നാളത്തേക്കായി ഇതിനെ മാറ്റിവയ്ക്കരുതെന്നുമാണ് ഞാന്‍ നിങ്ങളോട് ആഹ്വാനം ചെയ്യുന്നത്. കാരണം നാളെ എന്ന ദിവസം നമ്മുടെ നിയന്ത്രണത്തിലുള്ളതല്ല. ഇത്തരം വാക്കുകളിലൂടെ ഞാന്‍ നിങ്ങളെ ഭയപ്പെടുത്തുവാനല്ല ശ്രമിക്കുന്നത്. പകരം പാപത്തിന്റെ എല്ലാ ബന്ധനങ്ങളില്‍ നിന്നും ഇപ്പോള്‍ തന്നെ നിങ്ങള്‍ വിടുതല്‍ പ്രാപിക്കണമെന്ന താല്‍പര്യത്തോടെയാണ് ഇതു പറയുന്നത്. നാളത്തെ ദിനം ഒരുപക്ഷേ, സൂര്യന്‍ അസ്തമിക്കാത്ത ദൈവത്തിന്റെ നിത്യദിനമായിരിക്കാം. ഇതിനെ കുറിച്ച് മനുഷ്യര്‍ക്ക് മുന്‍കൂട്ടി ഗ്രഹിക്കുവാന്‍ സാധിക്കില്ല". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
നാളത്തെക്കായി പലതും നീക്കിവയ്ക്കുന്നവര്‍, നാളെ എന്ന ദിവസം നമ്മുക്ക് മുന്നില്‍ ഉണ്ടാകുവാന്‍ സാധ്യതയില്ലെന്ന കാര്യത്തെ വേണം ആദ്യം ഓര്‍ക്കുവാനെന്നും പരിശുദ്ധ പിതാവ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. പത്തു കന്യകമാരുടെ ഉപമയും ഇതിനെ സംബന്ധിക്കുന്നതാണെന്നും മാര്‍പാപ്പ ചൂണ്ടികാണിച്ചു. കരുതലില്ലാത്ത പ്രവര്‍ത്തിയാണ് വിവേകശൂന്യകളായ കന്യകമാരെ പ്രശ്‌നത്തില്‍ ആക്കിയതെന്ന കാര്യംവും പാപ്പ ഓര്‍മ്മിപ്പിച്ചു.
"ഇന്നത്തെ ദിവസത്തെ, ഈ സമയമാണ് ദൈവത്തോട് ഏറ്റവും അടുക്കുവാന്‍ പറ്റിയതെന്ന തിരിച്ചറിവിലേക്ക് നാം വളരണം. ഈ ദിവസത്തെ ഈ നിമിഷത്തില്‍ ഞാന്‍ എങ്ങനെയാണ് ജീവിക്കേണ്ടതെന്ന കാര്യം പരിശുദ്ധാത്മാവിനോട് എല്ലായ്‌പ്പോഴും നാം ചോദിക്കണം. അവിടുന്നാണ് അനുദിനം നമ്മേ വഴിനടത്തുന്നത്. ദൈവത്തിങ്കലേക്ക് തുറന്ന ഒരു ഹൃദയം നമുക്ക് ആവശ്യമാണെന്ന കാര്യവും ഈ സമയം നാം ഓര്‍ക്കണം". പരിശുദ്ധ പിതാവ് വിശദീകരിച്ചു.
നമ്മുടെ ഹൃദയങ്ങളില്‍ ദൈവത്തിനെ ഉള്‍ക്കൊള്ളുവാന്‍ വേണ്ടിയുള്ള സ്ഥലം ലഭ്യമാക്കിയിട്ടുണ്ടോ എന്ന കാര്യത്തെ കുറിച്ച് നാം എല്ലായ്‌പ്പോഴും ചിന്തിക്കണമെന്ന ഓര്‍മ്മപെടുത്തലോടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.