News - 2025

ക്രൈസ്തവരെ കൂട്ടകൊല ചെയ്ത പ്രതിയ്ക്കു വധശിക്ഷ നല്‍കുന്നതിന് എതിരെ കത്തോലിക്ക ബിഷപ്പ് രംഗത്ത്

സ്വന്തം ലേഖകന്‍ 13-01-2017 - Friday

കാലിഫോര്‍ണിയ: ചാള്‍സ്റ്റണിലെ ദേവാലയത്തില്‍ എത്തിയ ഒന്‍പതു ക്രൈസ്തവ വിശ്വാസികളെ കൊലപ്പെടുത്തിയ ഡിലാന്‍ റൂഫ് എന്ന യുവാവിന്റെ വധശിക്ഷ കോടതി റദ്ദാക്കി മാനസാന്തരത്തിന് അവസരം നല്‍കണമെന്ന് ബിഷപ്പ് റോബര്‍ട്ട് ഇ. ഗുഗ്ലിയേല്‍മൊനി. ഡിലാന്‍ റൂഫിനു കോടതി വധശിക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചാര്‍ളസ്റ്റണ്‍ രൂപതയുടെ അദ്ധ്യക്ഷനായ ബിഷപ്പ് റോബര്‍ട്ട് ഇ. ഗുഗ്ലിയേല്‍മൊനി പ്രതികരണം നടത്തിയിരിക്കുന്നത്. 2005- ജൂണ്‍ 17നു ചാള്‍സ്റ്റണിലെ ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെത്തഡിസ്റ്റ് എപ്പിസ്‌ക്കോപ്പല്‍ ദേവാലയത്തില്‍ എത്തിയ 22-കാരനായ ഡിലാന്‍ റൂഫ് ഒന്‍പതു കറുത്ത വര്‍ഗക്കാരായ വിശ്വാസികളെ വെടിവച്ചു കൊലപ്പെടുത്തുകയായിരിന്നു.

വംശീയ വിദ്വേഷത്തിന്റെ പേരിലാണ് ചാള്‍സ്റ്റണിലെ ദേവാലയത്തില്‍ എത്തിയ പ്രതി കറുത്തവര്‍ഗ്ഗക്കാരായ ക്രൈസ്തവരെ കൊലപ്പെടുത്തിയത്. തന്റെ പ്രവര്‍ത്തിയില്‍ ഒട്ടും ഖേദം തോന്നുന്നില്ലെന്ന് നേരത്തെ ഡിലാന്‍ റൂഫ് കോടതിയില്‍ പറഞ്ഞിരുന്നു. വധശിക്ഷ നല്‍കുവാനുള്ള കോടതിയുടെ തീരുമാനത്തെ സഭ എതിര്‍ക്കുമെന്നു ചാള്‍സ്സ്റ്റണ്‍ രൂപതയുടെ ബിഷപ്പായ റോബര്‍ട്ട് ഇ. ഗുഗ്ലിയേല്‍മൊനി പ്രതികരിച്ചു.

"നമ്മള്‍ എല്ലാവരും പാപികളാണ്. എന്നിരുന്നാലും ദൈവപിതാവിന്റെ നിത്യമായ കാരുണ്യവും, പുത്രന്റെ കുരിശിലെ യാഗവും മൂലം നമുക്ക് നിത്യജീവന്‍ നല്‍കപ്പെട്ടിരിക്കുന്നു. കത്തോലിക്ക സഭ പൂര്‍ണ്ണമായും വധശിക്ഷയെ എതിര്‍ക്കുന്നു. സഭയുടെ വിശ്വാസപ്രകാരം ജീവന്‍ ഏറെ വിശിഷ്ടമായതാണ്. ദൈവത്തിന്റെ ദാനമായ ജീവനെ എടുക്കുവാന്‍ മനുഷ്യന് അവകാശമില്ല. വധശിക്ഷ നല്‍കുന്നതിലൂടെ കുറ്റവാളിക്ക് താന്‍ ചെയ്തു പോയ തെറ്റിനെ കുറിച്ച് അനുതപിക്കുവാനും, തിരുത്തുവാനുമുള്ള അവസരം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്". ബിഷപ്പ് റോബര്‍ട്ട് ഇ. ഗൂഗ്ലിയേല്‍മൊനി പറഞ്ഞു.

33 കുറ്റങ്ങളാണ് റൂഫിന് മേല്‍ ചുമത്തപ്പെട്ടിരിന്നത്. ഡിലാന്‍ റൂഫിന്റെ കേസ് പരിഗണിച്ച കോടതി പ്രതിയെ വധശിക്ഷയ്ക്കു വിധേയമാക്കുവാന്‍ ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു. വംശീയ വിദ്വേഷത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ അമേരിക്കയില്‍ അടുത്തിടെയായി വര്‍ദ്ധിച്ചുവരികയാണ്.

More Archives >>

Page 1 of 127