News - 2025
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു
സ്വന്തം ലേഖകന്‍ 13-01-2017 - Friday
കെയ്‌റോ: പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാം മതം ഉപേക്ഷിച്ചു ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ ക്രൈസ്തവ മാധ്യമങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു നല്‍കുന്ന വിവിധ ഗ്രൂപ്പുകളാണ് ഇതുസംബന്ധിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. VOMC എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന 'വോയിസ് ഓഫ് മാര്‍ട്യേഴ്സ് ഓഫ് കാനഡ' എന്ന സംഘടനയും സമാനമായ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിന്നു.
"സിറിയ, ഇറാഖ്, ജോര്‍ദാന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നും ക്രൈസ്തവരുടെ കൂട്ടത്തോടെയുള്ള പലായന വാര്‍ത്തകള്‍ അടുത്തിടെയായി പുറത്തു വന്നിരുന്നു. എന്നാല്‍ ഈ രാജ്യങ്ങളില്‍ ഇപ്പോഴും ക്രൈസ്തവര്‍ വസിക്കുന്നുണ്ട്. ഇവരുടെ വിശ്വാസത്തിന്റെ പാതയിലേക്ക് നിരവധി പേര്‍ അടുത്തിടെയായി കടന്നു വരുന്നു. ഇസ്ലാം മതസ്ഥരായ ആളുകളാണ് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതെന്നതും ഈ നാടുകളിലെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഇവിടെ സഭയെ കര്‍ത്താവ് ശക്തമായി വളര്‍ത്തുന്നു". VOMC പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വര്‍ക്കിന്റെ കണക്കുകള്‍ പ്രകാരം 3,60,000 ക്രൈസ്തവര്‍ ഇറാനില്‍ തന്നെ വസിക്കുന്നതായി ചൂണ്ടികാണിക്കപ്പെടുന്നു. 1979-ല്‍ വെറും 500 ക്രൈസ്തവര്‍ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്. സ്വപ്‌നത്തില്‍ തങ്ങള്‍ ക്രിസ്തുവിനെ ദര്‍ശിച്ചതായും, അതിന്റെ അടിസ്ഥാനത്തില്‍ സത്യദൈവത്തെ ആരാധിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും നിരവധി ഇറാനികള്‍ സാക്ഷ്യപ്പെടുത്തിയത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്തയായിരിന്നു. അഭയാര്‍ത്ഥികളായി യൂറോപ്യന്‍ നാടുകളിലേക്ക് എത്തി ചേരുന്ന മുസ്ലീം വിശ്വാസികള്‍ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും നിരവധി പേര്‍ ഇസ്ലാം മതം ഉപേക്ഷിച്ചു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരിന്നു.
ഈജിപ്റ്റിലും സമാനമായ സാഹചര്യങ്ങള്‍ തന്നെയാണ് നിലനില്‍ക്കുന്നത്. പലരും കുടുംബമായി ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്ന നിരവധി സംഭവങ്ങള്‍ രാജ്യത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരമ്പരാഗതമായി ക്രൈസ്തവര്‍ വസിക്കുന്ന ഒരു രാജ്യമാണ് ഈജിപ്റ്റ്. അതേ സമയം ഇസ്ലാം മത വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് രാജ്യത്തു വിവേചനം നേരിടേണ്ടതായി വരുന്നുവെന്ന് വിശ്വാസികള്‍ പറയുന്നു. ലോകമെമ്പാടും ക്രൈസ്തവര്‍ക്ക് എതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും ക്രിസ്തുവിനെ അറിഞ്ഞു ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികെയാണ്.