News - 2025
ലോക കാരുണ്യ കോണ്‍ഗ്രസില്‍ അനുരഞ്ജന കൂദാശ സ്വീകരിച്ചത് ആറായിരത്തില്‍ അധികം പേര്‍
സ്വന്തം ലേഖകന്‍ 19-01-2017 - Thursday
മനില: നാലാമത് ലോക കാരുണ്യ കോണ്‍ഗ്രസിന് വേദിയായ ഫിലിപ്പീന്‍സിലെ ലിപ അതിരൂപതയില്‍ 200-ല്‍ അധികം വൈദികര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ക്ക് അനുരജ്ഞന കൂദാശ നല്‍കി. പ്രദേശവാസികളും, വിവിധ രാജ്യങ്ങളില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടി എത്തിച്ചേരുകയും ചെയ്ത 6000-ല്‍ പരം വിശ്വാസികളാണ് കുമ്പസാരം നടത്തിയത്. ഇന്നലെയാണ് സമ്മേളന വേദിയില്‍ കുമ്പസാരിക്കുവാന്‍ പ്രത്യേകം സൗകര്യം ഒരുക്കിയത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വൈദികര്‍ കുമ്പസാര ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി. അനുരഞ്ജന കൂദാശയിലൂടെ തങ്ങള്‍ക്ക് ലഭിച്ച സന്തോഷത്തെ അനേകം വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തി. "എന്റെ സ്വന്തം നാട്ടില്‍ ഇരുന്ന് എന്റെ സുഹൃത്തിനോട് മനസ് തുറക്കുന്ന അതേ അനുഭവമാണ് ഇവിടുത്തെ കുമ്പസാരത്തില്‍ നിന്നും എനിക്ക് ലഭിച്ചത്". ഇന്തോനേഷ്യയില്‍ നിന്നുള്ള 66-കാരനായ ടുംമ്പല്‍ ടാമ്പുബോലന്‍ എന്ന വിശ്വാസി പറയുന്നു.
ജീവിതത്തിലെ പ്രതീക്ഷയും, ആകുലതകളും, ആഗ്രഹവുമെല്ലാം തുറന്നു പറയുവാന്‍ തനിക്ക് ഇത്തവണത്തെ കുമ്പസാരത്തിലൂടെ സാധിച്ചുവെന്ന് ചിലിയില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ ലീയാന്‍ഡ്രാ ബീലിന്‍ എന്ന 58-കാരി പറഞ്ഞു.
ലിപ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായ റേമണ്‍ ആര്‍ഗുലീസിന്റെ നേതൃത്വത്തിലാണ് കുമ്പസാരത്തിനായി വിശ്വാസികള്‍ക്ക് ക്രമീകരണങ്ങള്‍ ചെയ്തു നല്‍കിയത്. കുമ്പസാരമെന്നത് സഭയുടെ അഭിവാജ്യഘടകമാണെന്നും, അതു സൂചിപ്പിക്കുന്നത് ക്ഷമിക്കുന്ന ഒരു സഭയേയും, ക്ഷമ ലഭിച്ച സഭയേയുമാണെന്നും ആര്‍ച്ച് ബിഷപ്പ് റേമണ്‍ ആര്‍ഗുലീസ് പറഞ്ഞു. കാരുണ്യത്തിന്റെ സന്ദേശമാണ് കുമ്പസാരം വിശ്വാസികള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
