News - 2025
കുടുംബജീവിതത്തെ ദൈവീകപദ്ധതിക്കനുസൃതം ദര്‍ശിക്കുന്നതിന് യുവതീയുവാക്കള്‍ക്ക് പരിശീലനം നല്‍കണമെന്ന് ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 23-01-2017 - Monday
വത്തിക്കാന്‍: കുടുംബജീവിതത്തെ ദൈവികപദ്ധതിക്കനുസൃതം ദര്‍ശിക്കുന്നതിന് യുവതീയുവാക്കള്‍ക്ക് ഉചിതമായ പരിശീലനം നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ. അപ്പസ്തോലിക കോടതിയായ റോത്തെ റൊമാനെയുടെ കോടതി വര്‍ഷ ഉദ്ഘാടനത്തോടനുബന്ധിച്ച് കോടതിജീവനക്കാരുമുള്‍പ്പടെയുള്ളവരെ സംബോധന ചെയ്തു സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. ക്രിസ്തീയ വിവാഹജീവിതത്തിനു അണയുന്നവരുടെ വിശ്വാസജീവിതത്തിലുള്ള വൈവിധ്യത്തെക്കുറിച്ചു തന്റെ പ്രസംഗത്തില്‍ ഫ്രാന്‍സിസ് പാപ്പാ എടുത്തു പറഞ്ഞു.
"ചിലര്‍ ഇടവക ജീവിതത്തില്‍ സജീവപങ്കാളികളാണെങ്കില്‍ മറ്റു ചിലര്‍ ആദ്യമായിട്ടായിരിക്കും വിശ്വാസജീവിതത്തിലേക്കു വരുന്നത്. ചിലര്‍ തീക്ഷണമായ പ്രാര്‍ത്ഥനാജിവിതത്തിനുടമകളായിരിക്കും. ചിലര്‍ വിശ്വാസത്തില്‍ നിന്ന് ഏറെ അകന്നു നില്‍ക്കുന്നവരോ വിശ്വാസമില്ലാത്തവരോ ആയിരിക്കും. ആകയാല്‍ യഥാര്‍ത്ഥ സ്നേഹത്തിന്‍റെ ആനന്ദവും അനുഗ്രഹവും ഉള്‍ക്കൊള്ളാനും രുചിച്ചറിയാനും വിവാഹാര്‍ത്ഥികളെ സഹായിക്കേണ്ടതുണ്ട്". മാര്‍പാപ്പ പറഞ്ഞു.
ദൈവത്തെ കുറിച്ചുള്ള സത്യത്തിന് മനുഷ്യന്‍ സ്വയം വിട്ടുകൊടുത്താല്‍ മാത്രമേ, മനുഷ്യനെ സംബന്ധിച്ച സത്യം മനസ്സിലാക്കാനും വൈവാഹിക കുടുംബജിവിതങ്ങളുള്‍പ്പെടെയുള്ള ജീവിത യാഥാര്‍ത്ഥ്യങ്ങളെ സാക്ഷാത്ക്കരിക്കാനും സാധിക്കുകയുള്ളുവെന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ വാക്കുകള്‍ പാപ്പാ തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു.
വിവാഹാനന്തരവും വിശ്വാസത്തിലും സഭയിലും ജീവിതം തുടരാന്‍ നവദമ്പതികളെ സഹായിക്കേണ്ടതിന്‍റെ അനിവാര്യതയും, വിശ്വാസവും വിവാഹജീവിതവും തമ്മിലുള്ള ബന്ധത്തെയും പറ്റി മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. വിശ്വാസവീക്ഷണത്തില്‍ നിന്ന് മനുഷ്യന്‍ അകലുന്നതിന് ആനുപാതികമായി പരാജയത്തില്‍ നിപതിക്കുമെന്ന വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ വാക്കുകളും ഫ്രാന്‍സിസ് പാപ്പ പരാമര്‍ശിച്ചിരിന്നു.