News - 2025
വൈദികന്റെ പ്രാര്‍ത്ഥനയ്ക്കു അത്ഭുതകരമായ ശക്തിയുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 24-01-2017 - Tuesday
വത്തിക്കാന്‍: ഒരു വൈദികന്‍ നടത്തുന്ന പ്രാര്‍ത്ഥനയ്ക്കു വലിയ ശക്തിയുണ്ടെന്നും വിശുദ്ധ കുര്‍ബാന മധ്യേ നടത്തുന്ന പ്രാര്‍ത്ഥനകളില്‍ ഇത് ഏറെ ശക്തമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. തന്റെ വസതിയായ സാന്താ മാര്‍ത്തയില്‍ വിശുദ്ധ ബലി മദ്ധ്യേ നടത്തിയ പ്രസംഗത്തിലാണ് പുരോഹിതരുടെ പ്രാര്‍ത്ഥനയുടെ ശക്തിയെ കുറിച്ചു ഫ്രാന്‍സിസ് പാപ്പ പ്രതിപാദിച്ചത്. ക്രിസ്തുവിന്റെ പൗരോഹിത്യം അവര്‍ണ്ണനീയമാണെന്നും മാര്‍പാപ്പ പറഞ്ഞു.
ഹെബ്രായര്‍ക്കുള്ള ലേഖനം ഒന്‍പതാം അധ്യായത്തിന്റെ 15 മുതല്‍ 28 വരെയുള്ള വാക്യങ്ങള്‍ വിശദീകരിച്ചാണ് പാപ്പ തന്റെ പ്രസംഗം നടത്തിയത്. യേശുക്രിസ്തുവിലൂടെ ദൈവപിതാവ് മനുഷ്യരുമായി ഉണ്ടാക്കിയ പുതിയ ഉടമ്പടിയെ സംബന്ധിക്കുന്ന ഭാഗത്തെ ക്രിസ്തുവിന്റെ പൗരോഹിത്യത്തോട് ചേര്‍ത്തുവച്ചാണ് മാര്‍പാപ്പ വിശ്വാസികള്‍ക്കായി വിശദീകരിച്ചത്. ക്രിസ്തുവിന്റെ പൗരോഹിത്യത്തിന് മൂന്നു ഭാഗങ്ങളാണ് ഉള്ളതെന്ന് പാപ്പ പറഞ്ഞു.
"ക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ ആദ്യ ഭാഗം മനുഷ്യരുടെ പാപങ്ങള്‍ക്കു വേണ്ടി സ്വയം ബലിയായി തീരുക എന്നതായിരുന്നു. രണ്ടാമതായി അവിടുന്ന് സ്വര്‍ഗത്തില്‍, ദൈവപിതാവിന്റെ സന്നിധിയില്‍ നമുക്കായി ഇടപെടുന്നു. തന്നെ പ്രത്യാശപൂര്‍വ്വം കാത്തിരിക്കുന്നവര്‍ക്കു വേണ്ടിയുള്ള രണ്ടാം വരവാണ് അവിടുത്തെ പൗരോഹിത്യത്തിന്റെ മൂന്നാം ഭാഗം. ക്രിസ്തുവിന്റെ ഈ പൗരോഹിത്യ ദൗത്യങ്ങളുടെ കൃപമൂലമാണ് നാം അവിടുത്തെ ആരാധിക്കുന്നതും മഹത്വപ്പെടുത്തുന്നതും. ക്രിസ്തുവിനെ നമുക്കായി നല്‍കിയതിനാല്‍ നാം പിതാവായ ദൈവത്തെ എല്ലായ്‌പ്പോഴും സ്തുതിക്കുന്നു".
"വൈദികര്‍ ഓരോ ബലിയും അര്‍പ്പിക്കുമ്പോള്‍ യേശുവിന്റെ സാന്നിധ്യം അള്‍ത്താരയില്‍ ഉണ്ട്. ക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ മൂന്നു ദൗത്യങ്ങളേയും എല്ലാ ബലികളിലും നാം ഓര്‍ക്കുകയും ചെയ്യുന്നുണ്ട്. നാം ബലി മധ്യേ പ്രാര്‍ത്ഥിക്കുന്ന സമയത്ത്, ക്രിസ്തുവും നമുക്കായി ഇടപെടുന്നു. ഇതിനാല്‍ തന്നെ പുരോഹിതരുടെ പ്രാര്‍ത്ഥനയ്ക്ക് വലിയ ശക്തിയാണുള്ളത്. ദൈവത്തിങ്കലേക്ക് തുറന്ന ഹൃദയവുമായി നമുക്ക് അവിടുത്തെ സന്നിധിയിലേക്കു ചെല്ലാം". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
പരിശുദ്ധാത്മാവിനെതിരെ സംസാരിക്കുന്നവരുടെ പാപത്തെ ഒരുനാളും ക്ഷമിക്കുകയില്ലെന്ന ക്രിസ്തുവിന്റെ വാക്കുകളേയും പരിശുദ്ധ പിതാവ് ഏറെ ഗൗരവത്തോടെ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. മാരകമായ പാപങ്ങള്‍ പോലും ഹൃദയം തുറന്നുള്ള അനുതാപം മൂലം ക്ഷമിക്കപ്പെടുമെന്നും, എന്നാല്‍ ദൈവാത്മാവിനെതിരെയുള്ള സംസാരം ഒരിക്കലും ക്ഷമ ലഭിക്കാത്തതാണെന്നും പാപ്പ ചൂണ്ടികാണിച്ചു.
"പരിശുദ്ധാത്മാവിന് നേരെ ദൂഷണം പറയുന്നവരോട് ഒരിക്കലും ക്ഷമിക്കില്ല എന്നതാണ് ക്രിസ്തുവിന്റെ അധരത്തില്‍ നിന്നും വന്ന ഏറ്റവും ശക്തമായ വാക്കുകള്‍. മറ്റെല്ലാ തെറ്റുകളും ഹൃദയപൂര്‍വ്വമുള്ള അനുതാപത്തില്‍ മനസലിയുന്ന ദൈവം മനുഷ്യര്‍ക്ക് ക്ഷമിച്ചു നല്‍കും. ദൈവമാതാവായ കന്യകാമറിയത്തില്‍ പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചപ്പോഴാണ് ലോകരക്ഷനായി യേശുക്രിസ്തു പിറന്നത്. ഈ വലിയ സത്യത്തെ എതിര്‍ക്കുന്നവര്‍ പരിശുദ്ധാത്മാവിനെയാണ് എതിര്‍ക്കുന്നത്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംസാരിക്കുന്ന ഒരുവനും ദൈവത്തില്‍ നിന്നുള്ള ക്ഷമ ലഭിക്കുകയില്ല". ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.