News - 2025

മൈസൂര്‍ രൂപതയ്ക്കു പുതിയ ബിഷപ്പ്

സ്വന്തം ലേഖകന്‍ 26-01-2017 - Thursday

മൈസൂര്‍: മൈസൂര്‍ രൂപതയിലെ സെന്‍റ് ജോസഫ്സ് ഇടവക വികാരിയും, മാധ്യമകാര്യങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുകയും ചെയ്തിരുന്ന ഫാദര്‍ കന്നികദാസ് വില്യം ആന്‍റണിയെ മൈസൂറിന്‍റെ മെത്രാനായി ഫ്രാന്‍സിസ് പാപ്പാ നിയോഗിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെയാണ് പുറപ്പെടുവിച്ചത്. നിലവിലെ ബിഷപ്പായിരിന്ന ബിഷപ്പ് തോമസ് വാഴപ്പിള്ളി കാനോനിക പ്രായപരിധി, 75 വയസ്സായി വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ മെത്രാനെ പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്.

മൈസൂര്‍ രൂപതയിലെ പൊള്ളിബേട്ടയിലാണ് നിയുക്ത മെത്രാന്‍ കന്നികദാസ് വില്യം ആന്‍റണിയുടെ ജനനം. ബാംഗ്ലൂര്‍ സെന്റ് പീറ്റേഴ്‌സ് സെമിനാരിയില്‍ ഫിലോസഫി തിയോളജി പഠനം പൂര്‍ത്തിയാക്കി. കാനന്‍ ലോയില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിയും നേടി. 1993 മെയ് 18നു വൈദിക പട്ടം സ്വീകരിച്ചു. ഗുണ്ടല്‍പേട്ട്, ഹിങ്കല്‍, തോമയാര്‍പാലയം എന്നീ ഇടവകകളില്‍ സേവനം ചെയ്തിട്ടുണ്ട്. 2015 മുതല്‍ ജയലക്ഷ്മിപുരം സെന്റ് ജോസഫ്‌സ് പള്ളിയുടെ വികാരിയായി സേവനം ചെയ്തു വരികെയാണ് പുതിയ നിയമനം.

മൈസൂര്‍ ജില്ലയിലുള്ള 10 ലക്ഷത്തോളം വരുന്ന ആകെ ജനസംഖ്യയില്‍ കത്തോലിക്കര്‍ ഒരു ലക്ഷത്തില്‍ താഴെയാണ്. 68 ഇടവകകള്‍ ഉള്ള രൂപതയില്‍ 172 വൈദികര്‍ സേവനം ചെയ്യുന്നുണ്ട്.


Related Articles »