News - 2025

ക്രൈസ്തവരെ കൊലപ്പെടുത്തുന്ന ഐഎസിനെതിരെ ശക്തമായി പ്രതികരിക്കുമെന്നു ഡൊണാള്‍ഡ് ട്രംപ്

സ്വന്തം ലേഖകന്‍ 27-01-2017 - Friday

വാഷിംഗ്ടണ്‍: മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവരെ കൊലപ്പെടുത്തുന്ന ഐഎസ് നടപടിയ്ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'എബിസി ന്യൂസി'ന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ നിലപാട് ട്രംപ് വ്യക്തമാക്കിയത്. 'വാട്ടര്‍ബോര്‍ഡിംഗ്' എന്ന പീഡന രീതി കുറ്റവാളികള്‍ക്കെതിരെ പ്രയോഗിക്കുന്നതിനെ കുറിച്ചുള്ള തന്റെ അനുകൂല നിലപാടും ട്രംപ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. എബിസി ന്യൂസിലെ ഡേവിഡ് മൂയിര്‍ എന്ന മാധ്യമ പ്രവര്‍ത്തകനാണ് ട്രംപുമായി സംഭാഷണം നടത്തിയത്.

"ഞങ്ങളെയും, മറ്റു ചിലരെയും ഐഎസ് തീവ്രവാദികള്‍ ശിരച്ഛേദനം നടത്തുകയാണ്. ക്രൈസ്തവരായി ജനിക്കുകയും ജീവിക്കുകയും ചെയ്യുന്നത് എങ്ങനെയാണ് ഒരു കുറ്റമാകുന്നത്. മധ്യകാലഘട്ടങ്ങളില്‍ പോലും കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് ഐഎസ് നടത്തുന്നത്. എന്റെ ഇത്രയും നാളത്തെ ബോധ്യത്തിന് അനുസരിച്ച് തീയിനെ, തീ കൊണ്ടു തന്നെ നേരിടണം. വാട്ടര്‍ബോര്‍ഡിംഗ് പോലെയുള്ള ചില പീഡനമുറകള്‍ നടപ്പിലാക്കിയാല്‍ പ്രയോജനം ചെയ്യുമോ എന്ന് ഞാന്‍ ചില ഉന്നത ഉദ്യോഗസ്ഥരോട് ചോദിച്ചിട്ടുണ്ട്. അവര്‍ ഉചിതമെന്ന മറുപടിയാണ് നല്‍കിയത്". ഡൊണാള്‍ഡ് ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു.

അതേ സമയം വാട്ടര്‍ബോര്‍ഡിംഗ് നടപ്പിലാക്കുവാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് ക്രൈസ്തവ നേതാക്കന്‍മാര്‍ രംഗത്തു എത്തിയിട്ടുണ്ട്. അക്രമം കാണിക്കുന്നവര്‍ക്ക് നേരെ, തിരികെയും ഇതേ പ്രവര്‍ത്തനം ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും ക്രൈസ്തവ നേതാക്കന്‍മാര്‍ അഭിപ്രായപ്പെടുന്നു. പീഡനമുറകള്‍ക്കെതിരെ പ്രതികരിക്കുന്ന ആക്റ്റിവിസ്റ്റായ കാനോന്‍ മാര്‍ക്ക് സൊവാഡി, ട്രംപിന്റെ തീരുമാനം അപലപനീയമാണെന്ന് പറഞ്ഞു.

"നാം എല്ലാവരും ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടവരാണ്. ഈ വിശ്വാസം നിലനില്‍ക്കുമ്പോള്‍ എങ്ങനെയാണ് ദൈവസാദൃശ്യമുള്ള ഒരു സഹജീവിയോട് നമുക്ക് ക്രൂരമായി പെരുമാറുവാന്‍ സാധിക്കുന്നത്. നമ്മോട് അക്രമം കാണിക്കുന്നവര്‍ക്ക് അതേ രീതിയില്‍ മറുപടി നല്‍കണമെന്ന് പറയുന്നത് ശരിയായ നടപടിയല്ല. ഇത്തരം നടപടികള്‍ എല്ലാം സംഘര്‍ഷങ്ങളിലാണ് ചെന്ന് കലാശിക്കുന്നതെന്നു ചരിത്രം പഠിപ്പിക്കുന്നു". കാനോന്‍ മാര്‍ക്ക് സൊവാഡി പറഞ്ഞു.

സൊവാഡിയെ കൂടാതെ പ്രമുഖരായ പലരും സമാന പ്രതികരണവുമായി രംഗത്തു വന്നിട്ടുണ്ട്. യുഎസ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുവാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പിട്ട കഴിഞ്ഞ ദിവസം തന്നെയാണ് എബിസി ന്യൂസ് അഭിമുഖം സംപ്രേക്ഷണം ചെയ്തത്.

More Archives >>

Page 1 of 133