News - 2025

ഐഎസ് തീവ്രവാദികള്‍ ക്രൈസ്തവ ദേവാലയം കൈയ്യേറി തീവ്രവാദ പരിശീലന കേന്ദ്രമാക്കി മാറ്റി

സ്വന്തം ലേഖകന്‍ 25-01-2017 - Wednesday

മൊസൂള്‍: ഇറാഖിലെ ക്രൈസ്തവ ദേവാലയം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന തീവ്രവാദ കേന്ദ്രമാക്കി ഐഎസ് മാറ്റിയെന്ന് റിപ്പോര്‍ട്ട്. ടെല്‍ ഖയീഫ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തിരുഹൃദയ ദേവാലയമാണ് ഐഎസ് തീവ്രവാദികള്‍ പിടിച്ചടക്കിയ ശേഷം തീവ്രവാദ പരിശീലന കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. ഐഎസിനെ ലക്ഷ്യം വച്ച് സൈന്യം വ്യോമാക്രമണം നടക്കുമ്പോള്‍, ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആക്രമണം നടത്തില്ലെന്ന കാരണത്തെ തുടര്‍ന്നാണ് ദേവാലയത്തെ തീവ്രവാദ പരിശീലന കേന്ദ്രമാക്കി ഐഎസ് മാറ്റിയിരിക്കുന്നത്. ഇത് സംബന്ധിക്കുന്ന വാര്‍ത്ത 'റുഡോ'യാണ് പുറത്തുവിട്ടിരിക്കുന്നത്.

തിരുഹൃദയ ദേവാലയത്തിന്റെ പേര് 'അബു തല്‍ഹാ അല്‍ അന്‍സാരി' എന്നാക്കി ഐഎസ് മാറ്റിയെന്നും വെളിപ്പെടുത്തലുണ്ട്. 15 വയസിന് അടുപ്പിച്ച് പ്രായമുള്ള കുട്ടികളെയാണ് ദേവാലയത്തില്‍ തീവ്രവാദ പരിശീലനത്തിനായി ഐഎസ് എത്തിക്കുന്നത്. 15 മുതല്‍ 20 ദിവസം വരെ ആയുധങ്ങള്‍ ഉപയോഗിക്കുവാനും പോരാടുവാനുമുള്ള പ്രത്യേക പരിശീലനമാണ് ഐഎസ് കുട്ടികള്‍ക്ക് നല്‍കുന്നത്. പിന്നീട് ഇവരെ പോരാട്ടങ്ങള്‍ക്കായി വിടുകയാണ് പതിവ്. പ്രദേശവാസികളിലൊരാള്‍ 'റുഡാന്‍' എന്ന മാധ്യമത്തോടാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചു.

"തീവ്രവാദികള്‍ മൊസൂളില്‍ നിന്നും രഹസ്യമായാണ് കുട്ടികളെ ക്രൈസ്തവ ദേവാലയത്തിലേക്ക് കൊണ്ടുവരുന്നത്. ക്രൈസ്തവ ദേവാലയങ്ങളില്‍ തീവ്രവാദികള്‍ പതിയിരിക്കില്ലെന്ന ധാരണയാണ് സൈന്യത്തിനുള്ളത്. ഇതിനാല്‍ തന്നെ ദേവാലയങ്ങളെ ബോംബാക്രമണത്തില്‍ നിന്നും ഒഴിവാക്കുകയാണ് പതിവ്. ഈ സാധ്യതയെയാണ് തീവ്രവാദികള്‍ ഉപയോഗപ്പെടുത്തുന്നത്. ഈ പ്രദേശത്തെ ഐഎസിന്റെ ആസ്ഥാനമായി ക്രൈസ്തവ ദേവാലയത്തെ തീവ്രവാദികള്‍ മാറ്റിയിരിക്കുകയാണ്". പ്രദേശവാസി വെളിപ്പെടുത്തി.

ഐഎസില്‍ ചേര്‍ന്ന് പോരാടി മരിക്കുന്നവര്‍ക്ക് ഉറപ്പായും സ്വര്‍ഗത്തില്‍ പോകുവാന്‍ കഴിയുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് തീവ്രവാദികള്‍ കുട്ടികളെ ഇവിടേയ്ക്ക് എത്തിക്കുന്നത്. ടെല്‍ ഖയീഫിലും പരിസര പ്രദേശങ്ങളിലും ഐഎസിനെ സൈന്യം പരാജയപ്പെടുത്തിയെന്നതാണ് നേരത്തെ വാര്‍ത്ത പുറത്തുവന്നിരിന്നത്. എന്നാല്‍ ദേവാലയത്തില്‍ തീവ്രവാദ ക്യാമ്പ് നടത്തുന്ന ഐഎസിന്റെ പുതിയ വാര്‍ത്തകള്‍ കൂടുതല്‍ ഗൗരവത്തോടെ ഐഎസ് ഭീഷണി ഉയര്‍ന്നുവരുന്നു എന്ന സന്ദേശമാണ് നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തിലാണ് ടെല്‍ ഖയീഫിലേക്ക് സൈന്യം കടക്കുകയും ഐഎസ് തീവ്രവാദികളെ തുരത്തുകയും ചെയ്തത്. ക്രൈസ്തവര്‍ തിങ്ങിപാര്‍ക്കുന്ന ഹംദാനിയാ എന്ന സ്ഥലത്തെ മോചിപ്പിച്ചതിനു പിന്നാലെയാണ് ടെല്‍ ഖയീഫയും സൈന്യം മോചിപ്പിച്ചത്. എന്നാല്‍ പുതിയ സാഹചര്യങ്ങള്‍ ഇറാഖിലെ ഐഎസ് ഭീഷണി കൂടുതല്‍ വ്യാപിക്കുകയാണെന്നാണ് സൂചിപ്പിക്കുന്നത്.

More Archives >>

Page 1 of 132