News - 2025
ഒഡീഷയിലെ ലൂര്‍ദ് മാതാ ദേവാലയം സ്ഥാപിതമായിട്ട് 100 വര്‍ഷം: ദേവാലയം ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമെന്ന് ഗവര്‍ണ്ണര്‍
സ്വന്തം ലേഖകന്‍ 01-02-2017 - Wednesday
ഭുവനേശ്വര്‍: ഒഡീഷായിലെ ഗഞ്ചം ജില്ലയിലെ ഡന്റോളിംങ്കിയില്‍ സ്ഥിതി ചെയ്യുന്ന ലൂര്‍ദ് മാതാവിന്റെ നാമത്തിലുള്ള ദേവാലയം സ്ഥാപിതമായിട്ട് 100 വര്‍ഷം. നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ഇന്നു മുതല്‍ ഈ മാസം 11-ാം തീയതി വരെ നടക്കും. 1917-ല്‍ ഫ്രഞ്ച് മിഷ്ണറിമാരാല്‍ സ്ഥാപിതമായ ദേവാലയത്തിലേക്ക്, ലൂര്‍ദ് മാതാവിന്റെ മാദ്ധ്യസ്ഥം തേടി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാനാജാതി മതസ്ഥരായ ആളുകളാണ് എത്തുന്നത്.
ബര്‍ഹാംപൂര്‍ ബിഷപ്പായ മോണ്‍സിഞ്ചോര്‍ സാരത്ത് ചന്ദ്രനായകിന് അയച്ച പ്രത്യേക സന്ദേശത്തില്‍ ഒഡീഷ ഗവര്‍ണര്‍ എസ്.സി ജാമിര്‍ ദേവാലയത്തിന്റെ പ്രശസ്തിയെ കുറിച്ച് പ്രത്യേകം സൂചിപ്പിച്ചു. നാനാജാതി മതസ്ഥര്‍ക്ക് ആശ്വാസവും, അഭയവും നല്‍കുന്ന കേന്ദ്രമായി മാറിയ ദേവാലയം സംസ്ഥാനത്തിന്റെ അഭിമാനമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
"സഹവര്‍ത്തിത്വത്തിന്റെയും സ്‌നേഹത്തിന്റെ സന്ദേശമാണ് ദൈവമാതാവിന്റെ നാമത്തിലുള്ള ദേവാലയം വിശ്വാസികളിലേക്ക് പകര്‍ന്നു നല്‍കുന്നത്. ദൈവം എല്ലാ മനുഷ്യരേയും സ്‌നേഹിക്കുന്നുണ്ട്. തന്റെ അമ്മയിലൂടെ അവിടുന്ന് അനുഗ്രഹം ഏവരിലേക്കും പകര്‍ന്നു നല്‍കുന്ന കാഴ്ച്ചയാണ് ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ഇന്‍ ഡാന്റോളിംങ്കിയില്‍ കാണുവാന്‍ കഴിയുന്നത്". സന്ദേശത്തില്‍ എസ്.സി ജാമിര്‍ കുറിച്ചു.
ഈ മാസം 11-ാം തീയതി നടക്കുന്ന നൂറാം വാര്‍ഷികത്തിന്റെ പ്രത്യേക സമ്മേളനം കുട്ടക്-ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ്പായ ജോണ്‍ ബര്‍വയുടെ നേതൃത്വത്തില്‍ വിശുദ്ധ ബലിയോടെ ആരംഭിക്കും. ഇന്നു മുതല്‍ പത്താം തീയതി വരെ പ്രത്യേക നൊവേനകളും വിവിധ വിഷയങ്ങളെ സംബന്ധിക്കുന്ന പ്രത്യേക ധ്യാന ക്ലാസുകളും ദേവാലയത്തില്‍ നടത്തപ്പെടും.
മാരകരോഗങ്ങളില്‍ നിന്നും പട്ടിണിയില്‍ നിന്നും തങ്ങളെ സംരക്ഷിക്കുന്നത് മാതാവിന്റെ ശക്തമായ മധ്യസ്ഥമാണെന്ന് വിശ്വാസികള്‍ പറയുന്നു. കുട്ടികളില്ലാതെ ദീര്‍ഘനാള്‍ വിഷമിച്ചിരുന്ന പലര്‍ക്കും, ദേവാലയത്തില്‍ എത്തി നടത്തിയ പ്രാര്‍ത്ഥന മൂലം ദൈവം മക്കളെ നല്‍കി അനുഗ്രഹിച്ചതായി ഇതിനോടകം നിരവധി പേര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദേവാലയത്തിലേക്ക് വര്‍ഷം തോറും പതിനായിരകണക്കിനു തീര്‍ത്ഥാടകരാണ് കടന്നുവരുന്നത്.