News - 2025
ഫാ. ടോം ഉഴുന്നാലിന്റെ മോചനം: എംപിമാർ പാർലമെന്റ് കവാടത്തില്‍ ധര്‍ണ്ണ നടത്തി
സ്വന്തം ലേഖകന്‍ 09-02-2017 - Thursday
ന്യൂഡൽഹി: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള കേന്ദ്ര സർക്കാർ ഉൗർജിത ശ്രമങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെന്റ് കവാടത്തിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ധർണ നടത്തി. കഴിഞ്ഞ മാസം കേരളത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനോട് ഫാ. ടോമിന്റെ കാര്യത്തില്‍ മാധ്യമ പ്രവർത്തകർ പ്രതികരണം ചോദിച്ചപ്പോൾ അങ്ങനെ ഒരു കാര്യത്തെക്കുറിച്ച് അറിയില്ലായെന്നു പറഞ്ഞ് കൈ മലർത്തുകയാണ് ചെയ്തതെന്നു കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി.
ഫാ.ടോം ഉഴുനാലിലിനോടൊപ്പം തീവ്രവാദികൾ തടവിലാക്കിയ മറ്റ് രാജ്യങ്ങളിലെ പൗരന്മാരെ മോചിപ്പിച്ചിട്ടും ഫാ. ടോമിനെ മോചിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും എംപിമാർ കുറ്റപ്പെടുത്തി.
വൈദികന്റെ മോചനത്തിനായി കേരളത്തിൽ നിന്നുള്ള എം.പിമാർ കഴിഞ്ഞ പാർലമെന്റ് സമ്മേളന കാലത്ത് തുടര്‍ച്ചയായി പ്രശ്നം സഭയിൽ ഉന്നയിക്കുകയും വിദേശകാര്യ മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ചികിത്സക്കായി പോകുന്നതിനു മുന്‍പ് ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനു വേണ്ടി ചില ഇടപെടലുകൾ നടത്തിയിരുന്നു. എന്നാൽ, അതിനു ശേഷം കേന്ദ്ര സർക്കാരും വിദേശകാര്യ മന്ത്രാലയവും ഇക്കാര്യത്തിൽ ഫലപ്രദമായ ഒരു ഇടപെടലും നടത്തിയിട്ടില്ലായെന്നും കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു.
വിഷയം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തികൊണ്ടു വരുവാൻ കേന്ദ്ര സർക്കാരിനായിട്ടില്ലെന്നും എംപിമാർ കുറ്റപ്പെടുത്തി. എം.പിമാരായ എം.കെ. രാഘവൻ, ആന്റോ ആന്റണി, ജോസ്.കെ. മാണി, ജോയി എബ്രഹാം, ജോയ്സ് ജോർജ്, മുല്ലപ്പള്ളി രാമചന്ദ്രൻ, പി. കരുണാകരൻ, കെ.സി.വേണുഗോപാൽ, എൻ.കെ പ്രേമചന്ദ്രൻ, സി.പി.നാരായണൻ, പി.കെ. ശ്രീമതി, എ സമ്പത്ത്, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.