News - 2025
ഫാ. ടോമിന്റെ മോചനം: പാർലമെന്റില്‍ ഇന്നു ധര്‍ണ്ണ
സ്വന്തം ലേഖകന്‍ 08-02-2017 - Wednesday
ന്യൂഡൽഹി: യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം തേടി കേരളത്തിൽനിന്നുള്ള എംപിമാർ പാർലമെന്റ് വളപ്പിൽ ധർണ നടത്തും. തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെന്റിൽ അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയിരിന്നു. ഫാ. ടോമിനെ മോചിപ്പിക്കുന്നതിൽ സർക്കാർ പുലർത്തുന്ന നിസംഗത അവസാനിപ്പിക്കണമെന്നു കെ.സി. വേണുഗോപാൽ ലോക്സഭയിൽ പറഞ്ഞു, മോചനത്തിനാവശ്യമായ നയതന്ത്ര ഇടപെടലുകൾ നടത്തുന്നതിനു കേന്ദ്രമന്ത്രിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൈദികന്റെ മോചനം എത്രയുംവേഗം സാധ്യമാക്കണമെന്നാവശ്യപ്പെട്ടു എംപിമാർ ഇന്നു 10.30ന് പാർലമെന്റ് വളപ്പിൽ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ധർണ നടത്തുമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ജോസ് കെ.മാണി, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരും വിഷയം ഉന്നയിച്ചു. അതേ സമയം ഫാ. ടോമിന്റെ മോചനം വേഗത്തിലാക്കാൻ ഊർജിതനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ജോസ് കെ.മാണി എംപി നിവേദനം നൽകി.