News
ഇറാഖില്‍ ദുരിതമനുഭവിക്കുന്ന ക്രൈസ്‌തവരുടെ അതിജീവനത്തിന് പദ്ധതിയുമായി സഭ
സ്വന്തം ലേഖകന്‍ 07-02-2017 - Tuesday
ഇര്‍ബില്‍ (ഇറാഖ്): ഐഎസ് തീവ്രവാദികളുടെ പീഢനങ്ങള്‍ മൂലം നരക യാതന അനുഭവിക്കുന്ന ഇറാഖിലെ ക്രൈസ്‌തവരുടെ അതിജീവനത്തിനായി സഭ പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുന്നു. നിനവേ താഴ്വരയിലെ ക്രൈസ്‌തവ ഗ്രാമങ്ങളില്‍ ഐഎസ് വരുത്തിയ വന്‍നാശങ്ങളെപ്പറ്റി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നു കൊണ്ടിരിക്കുന്നതിടെയാണ് ഇര്‍ബില്‍ കല്‍ദായ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ബഷര്‍ വാര്‍ദ പദ്ധതി പ്രഖ്യാപിച്ചത്.
പുതിയ പദ്ധതി പ്രകാരം തകര്‍ക്കപ്പെട്ട ദേവാലയങ്ങളും ഭവനങ്ങളും പുനര്‍നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ഇതോടെ, സ്വരക്ഷാര്‍ത്ഥം ചിന്നഭിന്നമായിപ്പോയ ക്രൈസ്‌തവര്‍ക്ക് അവരുടെ സ്വന്തം ഗ്രാമങ്ങളിലേക്ക് പ്രതീക്ഷകളോടെ തിരിച്ചു വരാനാകുമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. അതേ സമയം പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ മൊസൂള്‍ മോചിപ്പിക്കപ്പെടാതെ തുടങ്ങാനാകില്ല. കൂടാതെ, ഗ്രാമങ്ങളില്‍ നിന്നും തീവ്രവാദികള്‍ സ്ഥാപിച്ചു പോയ ബോംബുകളും മറ്റ് ആയുധങ്ങളും നീക്കം ചെയ്യേണ്ടതുണ്ട്. കല്‍ദായ ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.
ക്രൈസ്‌തവ കേന്ദ്രീകൃത ഗ്രാമങ്ങളില്‍ തകര്‍ക്കപ്പെട്ട കെട്ടിടങ്ങളും വീടുകളും ആരാധനാലയങ്ങളും വ്യക്തമായ വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും തെളിവുകളാണെന്ന് ആര്‍ച്ച് ബിഷപ്പ് വാര്‍ദ വിവരിച്ചു. നാശനഷ്ടങ്ങളുടെ സ്വഭാവവും ആഴവും കണക്കിലെടുത്താല്‍ ആക്രമണങ്ങള്‍ക്കു വിധേയരായവര്‍ക്ക് വന്‍നഷ്ട്ടമാണ് ഉണ്ടായിരിക്കുന്നത്. അവരുടെ തകര്‍ക്കപ്പെട്ട വീടുകള്‍ കാണുമ്പോഴും ജീവിതമാര്‍ഗ്ഗവും സമൂഹവും ഇല്ലാതായതായി തിരിച്ചറിയുമ്പോഴും ഇതു മനസ്സിലാകും. ബിഷപ്പ് പറഞ്ഞു.
2016ന്റെ അവസാനകാലത്ത് എയ്‌ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന സന്നദ്ധ സംഘടനയുടെ മധ്യപൂര്‍വ്വദേശത്തെ പദ്ധതികളുടെ തലവനായ ഫാ.ആഡ്രസെജ് ഹലേംബയുടെ നേതൃത്വത്തില്‍ നിനവേ ഗ്രാമങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍, ആത്മരക്ഷാര്‍ത്ഥം സ്വന്തം ഗ്രാമങ്ങള്‍ വിട്ടുപോയവരില്‍ വലിയൊരു ശതമാനവും തിരിച്ചു വരാന്‍ തയ്യാറാണെന്നു കണ്ടെത്തിയിരിന്നു.
സംഘടന നടത്തിയ ആദ്യസര്‍വ്വേയില്‍ ഒരു ശതമാനം ആളുകളെ തിരിച്ചു പോകാന്‍ താത്‌പ്പര്യപ്പെട്ടിരുന്നുള്ളു. ഇപ്പോള്‍ അല്‍ഘോഷ് ഗ്രാമത്തില്‍ സന്ദര്‍ശിച്ച വേളയില്‍ മനസ്സിലാക്കിയത് 50 ശതമാനത്തിലധികം പേര്‍ ഗ്രാമത്തിലേക്കു തിരിച്ച് പോകാന്‍ സന്നദ്ധരായിരിക്കുന്നു. തിരിച്ചു പോകാന്‍ തയ്യാറാകുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന്‍ ഫാ.ആഡ്രസെജ് ഹലേംബ പറയുന്നു.
ഐഎസ് നശിപ്പിച്ച ക്രൈസ്‌തവ ഗ്രാമങ്ങള്‍ പുനര്‍ നിര്‍മ്മിക്കാന്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വഴി സാധിക്കും. തീര്‍ച്ചയായും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എയ്‌ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് പിന്‍തുണക്കും. മറ്റു സംഘടനകളുമായി സഹകരിച്ചായിരിക്കും ഇത് ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു.
കുര്‍ദ്ദിസ്ഥാന്‍ തലസ്ഥാനമായ ഇര്‍ബിലിലെ ചിലപ്രദേശങ്ങളില്‍ നിന്നും അങ്കാവയില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെട്ട കുടുബങ്ങള്‍ക്കുള്ള സഹായങ്ങള്‍ തുടരേണ്ടതുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് ബഷര്‍ വാര്‍ദ ഓര്‍മ്മിപ്പിച്ചു. ഇതൊരു അടിയന്തര ആവശ്യമാണ്. അവര്‍ക്കു പിടിച്ചു നില്‍ക്കണമെങ്കില്‍ രണ്ടു മൂന്നു വര്‍ഷക്കാലമെങ്കിലും സഹായങ്ങള്‍ നല്‍കിക്കൊണ്ടിരിക്കണം, ഇതിന് ദാതാക്കള്‍ സഹായങ്ങള്‍ തുടരേണ്ടതുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറയുന്നു.
അനേകര്‍ക്ക് സഹായം ചെയ്‌തുകൊണ്ടിരിക്കുന്നത് തീര്‍ത്തും പ്രതികൂല സാഹചര്യങ്ങള്‍ക്കു നടുവില്‍ നിന്നാണ്. ചുറ്റും സംഘര്‍ഷം, കടുത്ത തൊഴിലില്ലായ്‌മ, വൈദ്യുതി ദൌര്‍ലഭ്യം, മൊത്തത്തിലുള്ള സാമ്പത്തിക മാന്ദ്യം, വാടക വര്‍ദ്ധന, രാഷ്‌ട്രിയവും മതപരവുമായ പ്രതിസന്ധി ഇവയെല്ലാം തങ്ങളുടെ പ്രവര്‍ത്തനങ്ങളെ അനിശ്ചിതത്വത്തിലാക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.