News - 2025
ഡൊണാള്‍ഡ് ട്രംപും ഫ്രാന്‍സിസ് പാപ്പയും തമ്മില്‍ കൂടികാഴ്ച നടത്തുമെന്ന് സൂചന
സ്വന്തം ലേഖകന്‍ 07-02-2017 - Tuesday
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ അധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയും പുതിയതായി സ്ഥാനമേറ്റ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും മെയ് മാസത്തില്‍ കൂടിക്കാഴ്‌ച നടത്തുമെന്ന് സൂചന. ഇറ്റലിയിലെ സിസിലിയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ ട്രംപ് പങ്കെടുക്കുമെന്ന് ഉറപ്പായതോടെയാണ് മാര്‍പാപ്പയും അമേരിക്കന്‍ പ്രസിഡന്‍റും തമ്മിലുള്ള കൂടിക്കാഴ്‌ചക്ക് കളമൊരുങ്ങുന്നത്. അമേരിക്കന്‍ പ്രസിഡന്റ് സിസിലിയിലെത്തുമ്പോള്‍ മാര്‍പാപ്പയെ കാണുമെന്ന് നയതന്ത്ര വൃത്തങ്ങള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
ജി7 നേതാക്കളുടെ കൂട്ടായ്‌മയില്‍ പ്രസിഡന്റ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് ഇന്നലെ സ്ഥിരീകരിച്ചു. ട്രംപിന്റെ മുന്‍ഗാമികളായ പ്രസിഡന്‍റുമാര്‍ സ്ഥാനമേറ്റ് അധികം കഴിയുന്നതിനു മുമ്പായി തന്നെ അന്നത്തെ മാര്‍പാപ്പമാരെ കണ്ടിരുന്നു. 2001-ല്‍ ജോര്‍ജ് ഡബ്ല്യു ബുഷ് ജോണ്‍ പോള്‍ രണ്ടാമനുമായും 2009ല്‍ ബറാക്ക് ഒബാമ ജി8 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലെത്തിയപ്പോള്‍ ബെനഡിക്ട് പതിനാറാമനുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. മേയ് 26-27 തീയതികളില്‍ ടറോമിനയില്‍ നടക്കുന്ന സമ്മേളത്തില്‍ മാര്‍പാപ്പയും ട്രംപും നേരില്‍ കാണുമെന്നാണ് സൂചന.
ഇറ്റലിയിലേക്കുള്ള ട്രംപിന്റെ യാത്ര പോപ്പിനെ കാണാനുള്ള അവസരം ഒരുക്കുമെന്ന് നയതന്ത്ര വക്താവ് ചൂണ്ടിക്കാട്ടി. എന്നാല്‍, ഇരുവരുടെയും കൂടിക്കാഴ്‌ചയെപ്പറ്റി നയതന്ത്രവൃത്തങ്ങളില്‍ ആശങ്കകളേറെ നിലനില്‍ക്കുന്നുണ്ട്. മതിലുകളാണ് നിര്‍മ്മിക്കുന്നതെങ്കില്‍ ഡൊണാള്‍ഡ് ട്രംപ് യഥാര്‍ത്ഥ ക്രിസ്ത്യാനിയല്ലെന്ന് ഫ്രാന്‍സിസ് പാപ്പ നേരത്തെ അഭിപ്രായപ്പെട്ടിരിന്നു. ഫ്രാന്‍സിസ് പാപ്പ ഒരു വശത്തു നിന്നുമുള്ള കാഴ്ചകള്‍ മാത്രമേ കാണുന്നുവെന്നായിരിന്നു ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. അതേ സമയം സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപിന് ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ ആശംസാ സന്ദേശം അയച്ചിരിന്നു.