News - 2025
ക്രൈസ്തവ വിശ്വാസത്തിനെതിരായ ടിവി ഷോ ബഹിഷ്‌ക്കരിച്ചു ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചത് നാലായിരത്തോളം വിശ്വാസികള്‍
സ്വന്തം ലേഖകന്‍ 07-02-2017 - Tuesday
ഹനോവര്‍: ടെക്സസിലെ ഹൂസ്റ്റനിൽ നടന്ന സൂപ്പര്‍ ബൗള്‍ ഹാഫ് ടൈം ഷോ ബഹിഷ്‌ക്കരിച്ചു ആ സമയത്ത് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമെന്ന് പ്രതിജ്ഞയെടുത്തത് 4000ത്തോളം വിശ്വാസികള്‍. 'അമേരിക്ക നീഡ്സ് ഫാത്തിമ' എന്ന സംഘടനയാണ് സൂപ്പര്‍ ബൗള്‍ ഹാഫ് ടൈം ഷോ ബഹിഷ്‌ക്കരിച്ചു ആ സമയത്ത് ജപമാല ചൊല്ലാന്‍ നേരത്തെ ആഹ്വാനം ചെയ്തത്. പരിപാടി അരങ്ങേറുന്നതിന്റെ തലേന്നു രാവിലെയാണ് സംഘടന പുതിയ ആഹ്വാനവുമായി രംഗത്തെത്തിയത്.
ഞായറാഴ്‌ചയിലെ സൂപ്പര്‍ ബൗള്‍ ഹാഫ് ടൈം ഷോ സമയത്ത് ടെലിവിഷന്‍ ഓഫാക്കി അത് ഒരു ത്യാഗമായി ഫാത്തിമ മാതാവിനു സമര്‍പ്പിക്കുന്നു എന്നതായിരിന്നു പ്രതിജ്ഞയുടെ ഉള്ളടക്കം. ലേഡി ഗാഗയുടെ മുന്‍കാലങ്ങളിലെ സദാചാരവിരുദ്ധ അവതരണങ്ങളും കത്തോലിക്ക സഭക്ക് എതിരായ സമീപനങ്ങളും കണക്കിലെടുത്ത് സൂപ്പര്‍ ബൗള്‍ കാണുകയെന്ന സാഹസത്തിനില്ലെന്നും ഇത് കൂടുംബത്തെ കാണിക്കുകയില്ലെന്നും ആയിരങ്ങള്‍ പ്രതിജ്ഞയെടുത്തു.
അമേരിക്കയിലെ സ്പോർട്സ് പ്രേമികളിൽ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കുന്ന സൂപ്പർ ബോൾ എല്ലാവർഷവും ഫെബ്രുവരി ആദ്യ ഞായറാഴ്ചയാണ് നടക്കുന്നത്. മത്സരത്തോട് അനുബന്ധിച്ച് നടക്കുന്ന ഹാഫ് ടൈം ഷോകളില്‍ ലൈംഗീക അതിപ്രസരമുള്ള സംഗീത പരിപാടികളുടെ നായികമാരായ മഡോണ, ബിയാന്‍സി, കാറ്റിപെറി എന്നിവര്‍ നേരത്തെ പരിപാടി അവതരിപ്പിച്ചിരുന്നു. 2017-ലെ മത്സരത്തോട് അനുബന്ധിച്ച് പോപ്പ് ഗായിക ലേഡി ഗാഗയുടെ സംഗീത പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഹാഫ് ടൈം ഷോ നടക്കുന്ന സമയത്ത് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ 'അമേരിക്ക നീഡ്സ് ഫാത്തിമ' ആഹ്വാനം ചെയ്തത്. ഫാത്തിമയില്‍ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാര്‍ഷിക വേളയില്‍ അന്ന് മാതാവ് പറഞ്ഞതിനെപ്പറ്റി വിചിന്തനം ചെയ്യേണ്ട സമയമാണിതെന്നും ഫാത്തിമയിലെ സന്ദേശങ്ങള്‍ പൂര്‍ത്തികരിച്ചോയെന്നും എന്നറിയേണ്ട കാലമായെന്നും സംഘടനയുടെ എഴുത്തുകാരനായ ജോണ്‍ ഹൊര്‍വാട്ട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം സൂപ്പര്‍ ബൗള്‍ മത്സരവും ഹാഫ് ടൈം ഷോയും ടെലിവിഷനിലൂടെ കണ്ടത് 111.9 മില്യന്‍ ആളുകളാണ്.