News - 2025
വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് ഇന്ത്യയില്‍: കേരളത്തില്‍ 15 മുതല്‍ 26 വരെ തിരുശേഷിപ്പു പ്രയാണം
സ്വന്തം ലേഖകന്‍ 12-02-2017 - Sunday
കാഞ്ഞിരപ്പള്ളി: ഇന്ത്യയിൽ ഫ്രാൻസിസ്കൻ കണ്‍വെഞ്ച്വൽ പ്രൊവിൻസ് സ്ഥാപിതമായിട്ട് 10 വര്‍ഷം പൂര്‍ത്തിയാകുന്നതിനോട് അനുബന്ധിച്ച് ഇറ്റലിയിലെ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ ബസിലിക്കയിൽനിന്നു വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് തെലുങ്കാനയിലെ വാറംഗൽ കത്തീഡ്രലിൽ പരസ്യ വണക്കത്തിനായി എത്തിച്ചു. കേരളത്തിൽ 15 മുതൽ 26 വരെ തിരുശേഷിപ്പു പ്രയാണം നടക്കും. ഇതിന് മുന്‍പ് 21 വർഷങ്ങൾക്ക് മുന്‍പാണ് വിശുദ്ധന്റെ തിരുശേഷിപ്പ് കേരളത്തിലെത്തിച്ചിരിന്നത്.
തെലുങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ രൂപത കേന്ദ്രങ്ങളിലെയും ഫ്രാൻസിസ്കൻ ആശ്രമങ്ങളിലെയും പരസ്യ വണക്കത്തിനു ശേഷം കേരളത്തിലെ തിരുശേഷിപ്പു പ്രയാണത്തിനായി അങ്കമാലി കറുകുറ്റി അസീസി ശാന്തികേന്ദ്രയിൽ 15ന് എത്തും. 16ന് പുലർച്ചെ അഞ്ചു മുതൽ രാത്രി 10 വരെ എറണാകുളം അങ്കമാലി അതിരൂപത കത്തീഡ്രലിൽ തിരുശേഷിപ്പ് പരസ്യവണക്കത്തിനു വയ്ക്കും. 17ന് തലശേരി കത്തീഡ്രലിലും 18ന് കാസർകോഡ് നാട്ടക്കൽ ഫ്രാൻസിസ്കൻ ആശ്രമത്തിലും 20ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഇടുക്കി രൂപത കത്തീഡ്രലിലും തിരുശേഷിപ്പ് എത്തിക്കും.
21ന് ദിവസം മുഴുവൻ കട്ടപ്പന വാഴവര സെന്റ് പോൾസ് ഫ്രാൻസിസ്കൻ ആശ്രമത്തിൽ പരസ്യവണക്കത്തിനായി തിരുശേഷിപ്പ് ഉണ്ടായിരിക്കും. 23ന് ഉച്ചകഴിഞ്ഞ് ആലുവ കോൾബെ ഫ്രാൻസിസ്കൻ ആശ്രമത്തിലും 24ന് തിരികെ കറുകുറ്റി ശാന്തികേന്ദ്ര ആശ്രമത്തിലും തിരുശേഷിപ്പ് എത്തിക്കും. 26ന് രാവിലെ ഏഴു മുതൽ 10 വരെ ഇരിങ്ങാലക്കുട കത്തീഡ്രലിലും തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു ചോറ്റി നിർമലാരം ഫ്രാൻസിസ്കൻ ആശ്രമത്തിലും തിരുശേഷിപ്പ് എത്തും. 27ന് രാവിലെ ഇവിടെനിന്നു വിശുദ്ധ അന്തോനീസിന്റെ തീർഥാടന കേന്ദ്രമായ ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയിൽ തിരുശേഷിപ്പ് കൊണ്ടുവരും.
ഒരു ദിവസം ഇവിടെ പരസ്യവണക്കത്തിനായി തിരുശേഷിപ്പു വയ്ക്കും. തുടർന്ന് മാർച്ച് ഒന്നിനു കറുകുറ്റി അസീസി ശാന്തികേന്ദ്രയിൽ തിരുശേഷിപ്പ് എത്തിക്കും. ഇവിടെനിന്നു മാർച്ച് നാലിനു തമിഴ്നാട് കോട്ടഗിരി പള്ളിയിലും ബിൽവേന്ദ്ര ഫ്രാൻസിസ്കൻ ആശ്രമത്തിലും കോയന്പത്തൂർ രാമനാഥപുരം കത്തീഡ്രലിലും അസീസി സ്നേഹാലയത്തിലും തിരുശേഷിപ്പ് എത്തിക്കും. വീണ്ടും മാർച്ച് ആറു മുതൽ 15 വരെ കറുകുറ്റി അസീസി ശാന്തികേന്ദ്രയിൽ തിരുശേഷിപ്പ് പരസ്യവണക്കത്തിന് എത്തിക്കും.
ഫ്രാൻസിസ്കൻ കണ്‍വെഞ്ച്വൽ സഭയുടെ ഇന്ത്യയിലെ ആദ്യത്തെ ഭവനമായ കാഞ്ഞിര പ്പള്ളി ചോറ്റി നിർമലാരം മൈനർ സെമിനാരിയിൽ തിരുശേഷിപ്പു തീർഥാടനത്തോടനുബന്ധിച്ച് നൊവേനയും തിരുനാളും 18 മുതൽ 27 വരെ നടക്കും. 26ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ വിശുദ്ധകുർബാനയർപ്പിച്ചു സന്ദേശം നൽകും.