News - 2025

ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ വിശ്വാസികളുടെ സംഗമത്തിന് തുടക്കം

സ്വന്തം ലേഖകന്‍ 13-02-2017 - Monday

പത്തനംതിട്ട: ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ വിശ്വാസി സംഗമമായ മാരാമൺ കൺവെൻഷന് പമ്പാ മണൽപ്പുറത്ത് തുടക്കമായി. കണ്‍വെന്‍ഷന്‍ മാര്‍ത്തോമ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത സംഗമം ഉദ്ഘാടനം ചെയ്തു. നിറഞ്ഞവേദിക്ക് മുന്നില്‍ പ്രൗഢമായ സദസിന്‍റെ സാന്നിധ്യത്തിലാണ് നൂറ്റിയിരുപത്തി രണ്ടാമത് മാരാമണ്‍ കണ്‍വെന്‍ഷന് തുടക്കമായത്. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമം ഉദ്ഘാടനം ചെയ്ത മാര്‍ത്തോമാ സഭാധ്യക്ഷന്‍ കണ്‍വെന്‍ഷനെതിരായി നടന്ന ചില നീക്കങ്ങളെ നിശിതമായി വിമര്‍ശിച്ചു.

പകല്‍ സ്ത്രീപുരുഷ ഭേദമന്യേ നടക്കുന്ന നാല് സെഷനുകള്‍ക്ക് പുറമേ രാത്രിയില്‍ ന‍‌ടക്കുന്ന സെഷനിലും സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന ആവശ്യം സദുദ്ദേശത്തോടയല്ലെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു. വിവിധ സഭാധ്യക്ഷന്‍മാരും രാഷ്ട്രീയനേതാക്കളും ഉദ്ഘാടനത്തിന് സന്നിഹിതരായിരുന്നു.

ഇന്ന്‍ മുതല്‍ ശനി വരെ രാവിലെ 10 നും ഉച്ചക്ക്‌ രണ്ടിനും വൈകിട്ട്‌ 6.30 നും നടക്കുന്ന പൊതുയോഗങ്ങള്‍ക്ക്‌ പുറമെ രാവിലെ 7.30 ന്‌ സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള ബൈബിള്‍ ക്ലാസും കുട്ടികള്‍ക്കുള്ള പ്രത്യേക യോഗവും നടക്കും. 15 ന്‌ രാവിലെ 10 ന്‌ എക്യുമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മേലധ്യക്ഷന്‍മാര്‍ പങ്കെടുക്കും. ഉച്ചക്ക്‌ രണ്ടിന്‌ സാമൂഹിക തിന്‍മകള്‍ക്കെതിരെയുള്ള ബോധവത്‌ക്കരണ സമ്മേളനം.

13, 14 തീയതികളില്‍ വൈകിട്ട്‌ നാലിന്‌ പി. ജോണ്‍ വെസ്‌ളിയുടെ നേതൃത്വത്തില്‍ കുടുംബവേദി യോഗങ്ങള്‍. 15 ന്‌ രാവിലെ എക്യുമെനിക്കല്‍ യോഗത്തില്‍ സെറാംപൂര്‍ കോളേജ്‌ സെനറ്റ്‌ ബിഷപ്പ്‌ ജോണ്‍.എസ്‌.സദാനന്ദയും ഉച്ചക്ക്‌ നടക്കുന്ന സാമൂഹിക തിന്‍മകള്‍ക്കെതിരെയുള്ള ബോധവത്‌കരണ യോഗത്തില്‍ എം.ജി സര്‍വകലാശാല മുന്‍ വൈസ്‌ ചാലസലര്‍ പ്രഫ. ഡോ. സിറിയക്‌ തോമസും പ്രസംഗിക്കും.

വൈകിട്ട്‌ നാലിന്‌ മദ്യവര്‍ജന സമിതിയുടെ പ്രത്യേക കൂട്ടായ്‌മ. വ്യാഴം മുതല്‍ ശനി വരെ യുവവേദി യോഗങ്ങള്‍. ഫാ. ഡേവിഡ്‌ ചിറമേല്‍, ബെന്യാമിന്‍, ഉഷ ടൈറ്റസ്‌ എന്നിവര്‍ നേതൃത്വം നല്‍കും. 18 ന്‌ രാവിലെ മുതല്‍ ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്തയുടെ ജന്മശതാബ്‌ദി സമ്മേളനം. ഉച്ചക്ക്‌ ശേഷം മിഷണറി യോഗം. 19 നു സമാപിക്കും.

More Archives >>

Page 1 of 140