News - 2025
പ്രത്യാശയുടെയും പുതുജീവിതത്തിന്റെയും അനുഭവത്തിലേക്ക് നോമ്പുകാലത്ത് വിശ്വാസികളെ ക്ഷണിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ
സ്വന്തം ലേഖകന്‍ 02-03-2017 - Thursday
വത്തിക്കാൻ: ഇസ്രായേൽ ജനം അടിമത്വത്തിന്റെ ബന്ധനത്തിൽ നിന്നും മോചിതരായതുപോലെ പ്രത്യാശയുടെയും പുതു ജീവിതത്തിന്റെയും അനുഭവത്തിലേക്കാണ് ഈ നോമ്പുകാലത്ത് ക്രിസ്ത്യാനികളായ നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. വിഭൂതി ബുധനാഴ്ച വിശ്വാസികൾക്കായി നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
"ക്രിസ്തു തന്റെ പീഡാസഹനവും, കുരിശുമരണവും, ഉത്ഥാനവും വഴി അനുഗ്രഹപൂർണ്ണമായ നിത്യജീവിതത്തിലേക്കുള്ള കവാടം തുറന്നു തന്നു. അനുതാപത്തിന്റെയും പരിത്യാഗപ്രവർത്തികളുടേയും കാലം മാത്രമല്ല നോമ്പ്, ക്രിസ്തുവിന്റെ പുനരുത്ഥാനം വഴി ക്രൈസ്തവർക്ക് സംജാതമായ പ്രത്യാശയുടെയും നാം സ്വീകരിച്ച മാമ്മോദീസാ പരികർമ്മത്തിന്റെ നവീകരണവും കൂടിയാണ്. വാഗ്ദത്ത ഭൂമിയിലേക്കുള്ള യാത്രയിൽ പരീക്ഷണങ്ങളിലൂടെയും സഹനങ്ങളിലൂടെയും കടന്നു പോയപ്പോഴും ദൈവത്തോടുള്ള വിശ്വസ്തത പ്രകടമാക്കിയ ഇസ്രായേൽക്കാരുടെ അനുഭവം നോമ്പുകാലത്തെ കൂടുതൽ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു". അദ്ദേഹം പറഞ്ഞു.
"പ്രത്യാശയിലേക്കുള്ള പാതയിലാണ് നാം; അടിമത്വത്തിൽ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള വാഗ്ദത്ത ഭൂമി ലക്ഷ്യമായാണ് നാം മുന്നേറുന്നത്. നമ്മുടെ ഓരോ ചുവടുവെയ്പ്പും, പരിശ്രമങ്ങളും, പരീക്ഷണങ്ങളും, വീഴ്ചകളും, നവീകരണങ്ങളും അർത്ഥവത്താകുന്നത് അതെല്ലാം ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാകുമ്പോഴാണ്. മരണത്തിൽ നിന്നും ജീവനിലേക്കും, ദുഃഖത്തിൽ നിന്നും സന്തോഷത്തിലേക്കുമാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.
ക്രിസ്തുവിന്റെ കുരിശുമരണം വഴിയായി അവിടുന്ന് നമുക്കുവേണ്ടി എല്ലാം ചെയ്തു കഴിഞ്ഞുവെന്നും അതിനാൽ നാമെല്ലാം സ്വർഗ്ഗം പ്രാപിക്കും എന്നുമുള്ള ധാരണ തെറ്റാണ്. നമുക്ക് അവിടുന്ന് പാപമോചനം പ്രദാനം ചെയ്യുന്നു, എന്നാൽ പരിശുദ്ധ കന്യകാമറിയത്തെയും വിശുദ്ധരേയും പോലെ നാം ഓരോരുത്തരുടേയും സമ്മതവും പങ്കാളിത്തവും അതിന് ആവശ്യമാണ്". മാർപാപ്പ പറഞ്ഞു.
ക്രിസ്തു തന്റെ പീഡാനുഭവത്തിലൂടെ പൂർത്തിയാക്കിയ പാതയിൽ, മാമ്മോദീസായിലൂടെ നാം സ്വീകരിച്ച വിശ്വാസത്തിന്റെ കൈത്തിരിയുമായ് സഞ്ചരിക്കാൻ വിളിക്കപ്പെട്ടവരാണ് നാം ഓരോരുത്തരും. നാം സഞ്ചരിക്കുന്ന പാത സഹനങ്ങൾ നിറഞ്ഞതാണ്, എങ്കിലും, യേശുവിലുള്ള പ്രത്യാശയോടെ നമുക്ക് മുന്നേറാം". ഫ്രാൻസിസ് മാർപ്പാപ്പ കൂട്ടിചേര്‍ത്തു.