News - 2025
കർദിനാൾ വില്യം ഹെന്റി കീലർ അന്തരിച്ചു
സ്വന്തം ലേഖകന്‍ 24-03-2017 - Friday
വാഷിംഗ്ടൺ ഡിസി: കത്തോലിക്കാ-യഹൂദ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനു നിസ്തുല സംഭാവന നൽകിയ ബാൾട്ടിമോറിലെ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ വില്യം എച്ച് കീലർ അന്തരിച്ചു. 86 വയസായിരിന്നു. കാറ്റൺസ്വിൽ ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് പൂവര്‍ നടത്തുന്ന സെന്റ് മാർട്ടിൻസ് വയോജന മന്ദിരത്തിൽ ഇന്നലെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം.
1931 മാര്‍ച്ച് നാലിനാണ് വില്യം എച്ച് കീലറിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വെയിന്വുഡിലെ ചാള്‍സ് ബോറോമിയോ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് റോമിലെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയിലും പഠനം നടത്തി. 1955 ജൂലൈ 17നു അദ്ദേഹം തിരുപട്ടം സ്വീകരിച്ചു. പിന്നീട് പെൻസിൽവാനിയയിലെ ഹാരിസ്ബർഗ് ബിഷപ്പായിരുന്ന കീലർ 1989ലാണ് ബാള്‍ട്ടിമോര്‍ അതിരൂപതാദ്ധ്യക്ഷനായി നിയമിതനായത്. 1994ൽ ആണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയർത്തപ്പെട്ടത്.
യുഎസ് കാത്തലിക് ബിഷപ്സ് കോൺഫ്രൻസ് അധ്യക്ഷനായി പ്രവർത്തിച്ച അദ്ദേഹം കത്തോലിക്കാ-യഹൂദ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന് കാര്യമായി സംഭാവന നൽകി. എക്യുമെനിക്കല്‍, മതാന്തര സമിതികളിൽ അംഗമായിരുന്ന അദ്ദേഹം അബോര്‍ഷനെതിരെ തുടര്‍ച്ചയായി ശബ്ദമുയര്‍ത്തിയ ഒരാള്‍ കൂടിയായിരിന്നു. കർദിനാൾ കീലറുടെ നിര്യാണത്തോടെ കർദിനാൾ തിരുസംഘത്തിലെ അംഗങ്ങളുടെ എണ്ണം 223 ആയി കുറഞ്ഞു.