News - 2025
അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ 91 ശതമാനവും ക്രൈസ്തവ വിശ്വാസികള്‍
സ്വന്തം ലേഖകന്‍ 23-03-2017 - Thursday
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഫെഡറല്‍ നിയമനിര്‍മ്മാതാക്കളില്‍ 91 ശതമാനം പേരും ക്രൈസ്തവ വിശ്വാസികളെന്ന് 'പ്യൂ റിസര്‍ച്ച് സെന്റര്‍' പഠനത്തില്‍ കണ്ടെത്തി. യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയില്‍ അവരുടെ മതവിശ്വാസത്തെ സംബന്ധിക്കുന്ന വിവിധ ചോദ്യാവലികളിലൂടെയും, ടെലിഫോണ്‍ വിളികളിലൂടെയുമാണ് സംഘടന വിവരങ്ങള്‍ ശേഖരിച്ചത്. അമേരിക്കയിലെ മുഴുവന്‍ ജനസംഖ്യയിലെ ക്രിസ്ത്യാനികളുടെ അനുപാതം വെച്ച് നോക്കുമ്പോള്‍ യുഎസ് കോണ്‍ഗ്രസ്സിലെ ക്രിസ്തീയ അനുപാതം വളരെ കൂടുതലാണെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. അമേരിക്കയിലെ പ്രായപൂര്‍ത്തിയായ ക്രൈസ്തവ വിശ്വാസികള്‍ 71 ശതമാനമാണ്.
ഗവേഷണ കേന്ദ്രത്തിന്റെ പഠനമനുസരിച്ച് 28 സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ മുഴുവനും ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നവരാണ്. ടെക്സാസില്‍ നിന്നുള്ള 38 നിയമനിര്‍മ്മാതാക്കളും ഇതില്‍ ഉള്‍പ്പെടുന്നു. അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളായ കാലിഫോര്‍ണിയ, ടെക്സാസ്, ന്യൂയോര്‍ക്ക്, ഫ്ലോറിഡ, പെനിസില്‍വാനിയ, ഓഹിയോ, മിഷിഗന്‍, ജോര്‍ജ്ജിയ, നോര്‍ത്ത് കരോളിന തുടങ്ങിയ സംസ്ഥാനങ്ങളില്‍ 80 ശതമാനം പ്രതിനിധികളും ക്രിസ്ത്യാനികളാണ്. 75 ശതമാനമാണ് ഇല്ലിനോയിസില്‍ നിന്നുമുള്ള ക്രൈസ്തവ പ്രതിനിധികളുടെ അനുപാതം. അതേ സമയം അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ 6 ശതമാനം ജൂതര്‍ മാത്രമാണുള്ളത്.
യുഎസ് കോണ്‍ഗ്രസിലെ 535 അംഗങ്ങളില്‍ മതത്തില്‍ വിശ്വസിക്കാത്തതായി ഒരാള്‍ മാത്രമാണ് ഉള്ളത് എന്നത് ശ്രദ്ധേയമാണ്. യാതൊരു മതത്തിലും വിശ്വാസിക്കാത്തവരുടെ ദേശീയ ശരാശരി വെച്ചു നോക്കുമ്പോള്‍ യുഎസ് കോണ്‍ഗ്രസ്സില്‍ ഭൂരിഭാഗവും വിശ്വാസികളാണ് എന്നും പ്യൂ റിസേര്‍ച്ച് ചൂണ്ടികാണിക്കുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടം അധികാരത്തില്‍ വന്നിട്ട് അധിക നാളുകളായിട്ടില്ല. ക്രൈസ്തവ വിശ്വാസിയായ അദ്ദേഹം തന്റെ വിശ്വാസം പലതവണ ഏറ്റുപറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു പഠനം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു.