News - 2025
യേശുവിനെ അടക്കം ചെയ്ത കല്ലറ വിശ്വാസികള്‍ക്കായി വീണ്ടും തുറന്നു കൊടുത്തു
സ്വന്തം ലേഖകന്‍ 23-03-2017 - Thursday
ജറുസലേം: ക്രിസ്തുവിനെ അടക്കം ചെയ്ത കല്ലറ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു ശേഷം വിശ്വാസികള്‍ക്കായി വീണ്ടും തുറന്നു കൊടുത്തു. ഇന്നലെ കോൺസ്റ്റാന്റിനോപ്പിളിലെ ബര്‍ത്തലോമ്യോ ഒന്നാമൻ പാത്രിയർക്കീസിന്റെയും ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ജ്യൂസെപ്പെ ലാസറോത്തോയുടെയും സാന്നിധ്യത്തിലാണ് തിരുക്കല്ലറയ്ക്കു മുകളിലുള്ള എഡിക്യുൾ തീര്‍ത്ഥാടകര്‍ക്ക് തുറന്നുകൊടുത്തത്. ഗ്രീക്ക് പ്രധാനമന്ത്രി അലക്സിസ് സീപ്രാസ്, ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് തെയോഫിലോസ് മൂന്നാമന് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
2016 ഒക്ടോബർ മാസത്തിൽ ആരംഭിച്ച പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ച മുന്‍പാണ് പൂര്‍ത്തിയായത്. അതേ സമയം അന്തരീക്ഷ ഈര്‍പ്പം കൊണ്ട് ഉണ്ടായ കേടുപാടുകള്‍ പൂര്‍ണ്ണമായും ശരിയാക്കുന്നതിന് ഇനിയും പത്ത് മാസം വേണ്ടി വരുമെന്ന് ഗ്രീക്ക് സംഘം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ഏതാണ്ട് 6 ദശലക്ഷം യൂറോ ആവശ്യമായി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആറു ക്രൈസ്തവ വിഭാഗങ്ങളും നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റിയും ഏതൻസിലെ നാഷണൽ ടെക്നിക്കൽ യൂണിവേഴ്സിറ്റിയും സംയുക്തമായി ചേർന്നാണു കല്ലറയുടെ പുനരുദ്ധാരണം നടത്തിയത്.