News - 2025
മാര്‍പാപ്പയുടെ ഈജിപ്ത് സന്ദര്‍ശനത്തില്‍ മാറ്റമില്ലായെന്ന് വത്തിക്കാന്‍
സ്വന്തം ലേഖകന്‍ 11-04-2017 - Tuesday
വത്തിക്കാന്‍: ഫ്രാൻസിസ് മാർപാപ്പയുടെ ഈജിപ്ത് സന്ദർശനത്തിൽ മാറ്റമില്ലെന്നു വത്തിക്കാൻ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഓശാന ഞായറാഴ്ച കോപ്ടിക് ക്രൈസ്തവ ദേവാലയങ്ങളിൽ നടന്ന ഐഎസ് ആക്രമണത്തെ തുടര്‍ന്നു മാര്‍പാപ്പയുടെ സന്ദര്‍ശനം മാറ്റിവെക്കാന്‍ സാധ്യതയുണ്ടെന്ന് അഭ്യൂഹമുണ്ടായിരിന്നു. ഇക്കാര്യത്തിലാണ് അന്തിമ തീരുമാനം വത്തിക്കാന്‍ പുറത്തുവിട്ടിരിക്കുന്നത്. ഏപ്രിൽ 28,29 തിയതികളിലായിരിക്കും മാർപാപ്പ ഈജിപ്തില്‍ സന്ദർശനം നടത്തുക.
ഈജിപ്ഷ്യന്‍ പ്രസിഡന്റ് അൽസിസി, അൽ അസർ മോസ്കിലെ ഗ്രാൻഡ് ഇമാം ഷേക്ക് അഹമ്മദ് അൽ തയിബ്, കോപ്റ്റിക് സഭയുടെ തലവൻ തവദ്രോസ് രണ്ടാമൻ എന്നിവരുമായി മാര്‍പാപ്പ കൂടികാഴ്ച നടത്തും. അതേസമയം, ഈജിപ്തിലെ സിനായിലേക്കുള്ള ടാബാ അതിർത്തിപാത ഇസ്രയേൽ അടച്ചു. സിനായിലുള്ള പൗരൻമാരെ ഇസ്രയേൽ അടിയന്തരമായി തിരിച്ചുവിളിച്ചിട്ടുണ്ട്.