News - 2025

ഈജിപ്തിലെ സെന്റ് മാർക്സ് കത്തീഡ്രലിൽ കഴിഞ്ഞ നാലുമാസത്തിനിടെ രണ്ടാമത്തെ ആക്രമണം

സ്വന്തം ലേഖകന്‍ 10-04-2017 - Monday

കെയ്റോ: ഈജിപ്തിലെ കോപ്ടിക് സെന്റ് മാർക്സ് കത്തീഡ്രലിൽ കഴിഞ്ഞ നാലുമാസത്തിനിടെ ഇന്നലെ നടന്നത് രണ്ടാമത്തെ ആക്രമണം. ഡിസംബറിലുണ്ടായ സ്ഫോടനത്തിൽ കുട്ടികളും സ്ത്രീകളുമടക്കം 25 പേരാണു കൊല്ലപ്പെട്ടത്. അന്ന്‍ 50 പേർക്കു പരിക്കേറ്റു. മധ്യ കയ്റോയിലെ അബ്ബാസിയ ജില്ലയിൽ സ്‌ഥിതി ചെയ്യുന്ന പള്ളിക്കകത്ത് വിശുദ്ധ കുര്‍ബാന മധ്യേയാണ് അന്ന്‍ സ്ഫോടനം നടന്നത്.

ഈ ആക്രമണം നടന്നു 4 മാസങ്ങള്‍ക്കു ശേഷമാണ് ഇന്നലെ ഓശാന ഞായറാഴ്ചയ്ക്കിടെ ഇരട്ട ചാവേര്‍ സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവ വിശ്വാസികളെ കാണാന്‍ സെന്റ് മാര്‍ക്ക്‌സ് ദേവാലയത്തിലേക്ക് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി സന്ദര്‍ശനം നടത്തിയിരിന്നു. മുഹമ്മദ് മുർസി പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ട 2013നു ശേഷമാണു കോപ്റ്റിക് ക്രൈസ്തവർക്കെതിരെ ഈജിപ്തിൽ ആക്രമണങ്ങൾ വ്യാപകമായത്.

ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ മാത്രം 7 ക്രൈസ്തവരെ ഐ‌എസ് കൊന്നൊടുക്കിയെന്ന് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഐ‌എസ് ഭീഷണിയെ തുടര്‍ന്നു ഉത്തര സീനായില്‍ നിന്നു മാത്രം നൂറുകണക്കിന്‌ ക്രൈസ്‌തവ കുടുബങ്ങള്‍ ഇതിനകം തന്നെ ഒഴിഞ്ഞു പോയിട്ടുണ്ട്. രാജ്യത്തെ 90 കോടി ജനങ്ങളിൽ ഒൻപതു കോടിയാണ് ന്യൂനപക്ഷമായ കോപ്റ്റിക് ക്രൈസ്തവർ.

More Archives >>

Page 1 of 162