News - 2025
ഓസ്ട്രേലിയായില്‍ കുരിശ് ധരിച്ച ക്രൈസ്തവ വിശ്വാസിയ്ക്കു ഇസ്ലാം മതസ്ഥരുടെ ക്രൂരമര്‍ദ്ദനം
സ്വന്തം ലേഖകന്‍ 18-04-2017 - Tuesday
സിഡ്നി: ഓസ്ട്രേലിയയിലെ മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ കുരിശ്, കൊന്ത തുടങ്ങിയ പ്രകടമായ ക്രിസ്തീയ അടയാളങ്ങള്‍ ധരിക്കുന്നവര്‍ ഇസ്ലാം മതസ്ഥരുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവാകുന്നു. കഴിഞ്ഞയാഴ്ച സിഡ്നിയില്‍ ഒരു ഗ്രീക്ക് ഓര്‍ത്തഡോക്സ് ക്രിസ്ത്യാനിക്ക് സമാനമായ ആക്രമണം നേരേണ്ടി വന്നുയെന്ന് സിബിഎന്‍ ന്യൂസ് അടക്കമുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മധ്യ-പൗരസ്ത്യ രാജ്യങ്ങളില്‍ നിന്നുള്ള നാല് പേര്‍ ചേര്‍ന്ന് മുപ്പത് വയസ്സോളം പ്രായമുള്ള മൈക്ക് എന്ന ഗ്രീക്ക് വംശജനെ ആക്രമിക്കുകയായിരിന്നു. അറബി ഭാഷയില്‍ സംസാരിച്ച അക്രമികള്‍ അദ്ദേഹത്തിന്റെ കഴുത്തില്‍ നിന്നും കുരിശു രൂപം ബലമായി പൊട്ടിച്ചതിനു ശേഷം ക്രൂരമായി മര്‍ദ്ദിച്ചു. ഇതേ സമയം തന്നെ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന സ്ത്രീയും അറബി ഭാഷ സംസാരിക്കുന്ന രണ്ടു സ്ത്രീകളാല്‍ ആക്രമണത്തിന് ഇരയായതായും റിപ്പോര്‍ട്ടുണ്ട്. മൈക്കിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.
മര്‍ദ്ദനത്തിന് ശേഷം അക്രമികള്‍ യേശുവിനെ നിന്ദിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയതായി ‘ഡെയിലി ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഞ്ചോളം റെയില്‍വേ ഉദ്യോഗസ്ഥര്‍ ആക്രമണങ്ങള്‍ക്കു ദൃക്സാക്ഷിയായെങ്കിലും തന്നെ സഹായിക്കുവാനായി ഉദ്യോഗസ്ഥര്‍ യാതൊന്നും ചെയ്തില്ലെന്ന് മൈക്ക് പറഞ്ഞു. കഴിഞ്ഞ 6 മാസങ്ങള്‍ക്കിടക്ക് ഇത്തരത്തിലുള്ള നാലാമത്തെ ആക്രമണമാണിതെന്ന് സുവിശേഷ പ്രഘോഷകനായ ജോര്‍ജ്ജ് കാപ്സിസ് പറഞ്ഞു.
“ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല ഇതിനു മുന്‍പും മൂന്ന്‍ സംഭവങ്ങളിലായി ആക്രമിക്കപ്പെട്ടവര്‍ എന്നെ സമീപിച്ചിട്ടുണ്ട്. സിഡ്നി നഗരത്തിന്റെ തെക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് ഈ സംഭവങ്ങളെല്ലാം തന്നെ സംഭവിച്ചിരിക്കുന്നത്. ഈ പ്രദേശം ഇസ്ലാം മതസ്ഥര്‍ സ്വന്തം പ്രദേശം പോലെയാണ് അവര്‍ കരുതുന്നത്. ക്രിസ്ത്യാനികളോ മറ്റ് മതവിഭാഗങ്ങളില്‍ ഉള്ളവര്‍ അവിടെ ചെല്ലുന്നത് അവര്‍ക്ക് ഇഷ്ടമല്ല”. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തില്‍ പെരുമാറുന്നവര്‍ക്ക് എതിരെ ശക്തമായ നടപടിയെടുക്കുമെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഓസ്ട്രേലിയന്‍ ഭരണകൂടം ഗൗരവപൂര്‍വ്വം കണക്കിലെടുക്കണമെന്ന ആവശ്യം രാജ്യമൊന്നാകെ ഉയരുന്നുണ്ട്.