News - 2025
ക്രൈസ്തവ ദേവാലയങ്ങളിലെ ആക്രമണങ്ങള്‍ ക്രിസ്ത്യാനികള്‍ക്കുള്ള വിശ്വാസ പരീക്ഷണമാണെന്നു പാത്രിയാര്‍ക്കീസ് ഇബ്രാഹിം ഇസാക്ക്
സ്വന്തം ലേഖകന്‍ 19-04-2017 - Wednesday
കെയ്റോ: കഴിഞ്ഞ ഓശാന തിരുനാള്‍ ദിനത്തില്‍ ഈജിപ്തിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് ദേവാലയങ്ങളില്‍ ഉണ്ടായ ചാവേറാക്രമണങ്ങള്‍ ഈജിപ്തിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വിശ്വാസത്തിന്റെ ഒരു പരീക്ഷണമാണെന്ന് കോപ്റ്റിക് സഭയുടെ പാത്രിയാര്‍ക്കീസായ ഇബ്രാഹിം ഇസാക്ക് സിഡ്രാക്ക്. ഏജന്‍സിയാ ഫിഡെസിന് നല്‍കിയ അഭിമുഖത്തിലാണ് പാത്രിയാര്‍ക്കീസ് തന്റെ മനസ്സ് തുറന്നത്. പോപ് തവദ്രോസ് രണ്ടാമന്‍ ഇപ്പോഴും ഈ ആക്രമണങ്ങളുടെ നടുക്കത്തില്‍ നിന്നും മോചിതനായിട്ടില്ലെന്നും അദ്ദേഹം വളരെ ദുഖിതനാണെന്നും പാത്രിയാര്‍ക്കീസ് പറഞ്ഞു.
രക്തസാക്ഷിത്വം വരിച്ചവരെ സ്മരിച്ചുകൊണ്ട്, കര്‍ത്താവായ യേശുവിനോട് നമ്മളെ ആശ്വസിപ്പിക്കുവാനും പുനരുത്ഥാനത്തിലുള്ള നമ്മുടെ പ്രതീക്ഷകളെ സംരക്ഷിക്കുവാനും നിരന്തരം പ്രാര്‍ത്ഥിക്കുവാനെ നമുക്ക് കഴിയുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ആക്രമണ ദിവസം പാത്രിയാര്‍ക്കീസ് സിഡ്രാക്ക് അലക്സാണ്ട്രിയായിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് കത്ത്രീഡലില്‍ നിന്നും 200 മീറ്റര്‍ അകലെയുള്ള മറ്റൊരു കത്തീഡലില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും സ്ഫോടന ശബ്ദം വ്യക്തമായി കേട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനം ഈജിപ്തിലെ ക്രൈസ്തവരേയും, രാജ്യത്തേയും സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്തതാണ്. പാപ്പാ ആ സന്ദര്‍ശനം വേണ്ടെന്നു വെക്കുകയായിരുന്നെങ്കില്‍ ഭീകരവാദികളുടെ വിജയമായി അത് വ്യഖ്യാനിക്കപ്പെടുമായിരുന്നെന്ന് പാത്രീയാര്‍ക്കീസ് പറഞ്ഞു. ആക്രമണങ്ങള്‍ക്ക് ശേഷം മാത്രമാണ് കുറ്റവാളികളെ കണ്ടെത്തുവാനും അവരെ ഇല്ലായ്മ ചെയ്യുവാനുമുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ഈ രീതി മാറണം. മനുഷ്യമനസ്സുകളില്‍ വിദ്വേഷം പരത്തുക എന്നതാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നവരുടെ ലക്ഷ്യം, ഇവ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും നിരവധി ആളുകളുടെ മനസ്സുകളെ സ്വാധീനിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഈജിപ്തിലെ പ്രസിഡന്റായ അല്‍ സിസി മറ്റുള്ളവരില്‍ വിദ്വോഷം പരത്തുന്ന ഭീകരവാദത്തിന്റെ വേരുകള്‍ ഇല്ലാതാക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നു. പക്ഷേ ആരും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുന്നില്ല. ഈ ആക്രമണങ്ങള്‍ക്ക് ശേഷം വിശുദ്ധവാര കര്‍മ്മങ്ങള്‍ക്ക് മുന്‍പായി ദേവാലയങ്ങളില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് നിരവധിപേര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു.
ഇതിപ്പോള്‍ പലപ്രാവശ്യമായി ഇതേരീതിയില്‍ തന്നെയുള്ള ആക്രമണങ്ങള്‍ നടക്കുന്നു, യാതൊരു മാറ്റവും കാണുന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ പലപ്പോഴും അത്മായരാണ് ആശ്വാസവും പിന്തുണയും പ്രതീക്ഷയും നല്‍കുന്നത്. സഹനങ്ങളില്‍ നമുക്ക് ഉത്ഥിതനായ ക്രിസ്തുവിനെ കാണാം. ദൈവമായ കര്‍ത്താവ് തന്റെ വിജയം പ്രകടമാക്കുകയും അക്രമികളുടെ മനസ്സില്‍ പരിവര്‍ത്തനം വരുത്തുകയും ചെയ്യുവാന്‍ നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.