News - 2025
കുരിശ് തകർക്കുന്നത് എല്‍ഡിഎഫ് നയമാണോ? ചോദ്യവുമായി കെസിബിസി
സ്വന്തം ലേഖകന്‍ 21-04-2017 - Friday
കൊച്ചി: കുരിശ് തകർക്കുന്നത് ഇടതുപക്ഷ നയമാണോ എന്നു സർക്കാർ വ്യക്തമാക്കണമെന്നു കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട്. ക്രൈസ്തവർ ആദരിക്കുന്ന കുരിശ് കൈയേറ്റ ഭൂമിയിലാണു സ്ഥാപിച്ചതെങ്കിൽ, അതു നീക്കം ചെയ്യാൻ നിയമപരമായ വഴികൾ തേടുകയായിരുന്നു വേണ്ടത്.
മൂന്നാറിലെ കൈയേറ്റ ഭൂമികൾ നിയമവിധേയമായി ഒഴിപ്പിക്കുന്നതു തെറ്റല്ല. എന്നാൽ ആശങ്കാജനകമായ സാഹചര്യങ്ങൾ സൃഷ്ടിച്ചു, ഭീതി പടർത്തി കുരിശു പൊളിച്ചുമാറ്റാൻ തീരുമാനിച്ചത് അവിവേകമാണ്. മതേതര കാഴ്ചപ്പാട് പ്രസംഗിക്കുകയും സംഘപരിവാർ ശൈലി പ്രവർത്തിക്കുകയും ചെയ്യുന്നവരെ കേരളീയ സമൂഹം തിരിച്ചറിയണം. ഫാ. വർഗീസ് വള്ളിക്കാട്ട് പറഞ്ഞു.
കുരിശ് ഉള്‍പ്പെടെ വിശ്വാസജീവിതത്തോടു ബന്ധപ്പെട്ട പ്രതീകങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ വിവേകപൂര്‍ണമായ സമീപനമാണു സ്വീകരിക്കേണ്ടതെന്ന് സീറോ മലബാര്‍ വക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ട് പറഞ്ഞു. കുരിശിനെ വൈകാരികമായുള്ള ഇഴയടുപ്പത്തിന്റെ പേരില്‍ ദുരുപയോഗിക്കുന്നതിനെതിരേയും ജാഗ്രത വേണമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.