News - 2025
ശാസ്ത്രത്തെയും വിശ്വാസത്തെയും സംബന്ധിച്ച ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യുവാൻ കത്തോലിക്കാ ശാസ്ത്രജ്ഞന്‍മാരുടെ സമ്മേളനം ഷിക്കാഗോയില്‍
സ്വന്തം ലേഖകന്‍ 20-04-2017 - Thursday
ഷിക്കാഗോ: കത്തോലിക്കാ ശാസ്ത്രജ്ഞന്‍മാര്‍ക്കിടയില്‍ ഒരു കൂട്ടായ്മ ഉണ്ടാക്കുക, ശാസ്ത്രജ്ഞന്‍ എന്ന ദൈവനിയോഗവും തങ്ങളുടെ വിശ്വാസ ജീവിതവും തമ്മില്‍ ഐക്യപ്പെടുത്തുക, തുടങ്ങിയ ലക്ഷ്യങ്ങളോടെ സ്ഥാപിതമായ ‘സൊസൈറ്റി ഓഫ് കത്തോലിക്കാ സയന്റിസ്റ്റിന്റെ (Society of Catholic Scientists) ആദ്യത്തെ കോണ്‍ഫ്രന്‍സ് ഷിക്കാഗോയിലെ നിക്കര്‍ബോക്കര്‍ ഹോട്ടലില്‍ നാളെ ആരംഭിക്കും. നൂറോളം കത്തോലിക്കാ ശാസ്ത്രജ്ഞന്‍മാര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഏപ്രില്‍ 18-നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തു വന്നത്.
കഴിഞ്ഞ വര്‍ഷമാണ് ഈ സൊസൈറ്റി സ്ഥാപിതമായത്. ശാസ്ത്രത്തെയും വിശ്വാസത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനുള്ള ഒരു വേദിയായി മാറുക എന്നതായിരുന്നു ഈ സൊസൈറ്റിയുടെ സ്ഥാപനത്തിനു പിന്നിലെ ലക്ഷ്യം. മനുഷ്യ ഭാഷയുടെ ഉത്ഭവം, പ്രപഞ്ചത്തിന്റെ ഉത്ഭവം, ജീവനുള്ള വസ്തുക്കളുടെ ഉത്ഭവം, തുടങ്ങിയവയെ കുറിച്ചുള്ള ചോദ്യങ്ങളായിരിക്കും സൊസൈറ്റിയുടെ ആദ്യയോഗം ചർച്ചചെയ്യുക എന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഭൂമിയെപോലെ മനുഷ്യവാസ യോഗ്യമായ വേറെ ഗ്രഹങ്ങളും ഉണ്ടാകുമോ? മറ്റ് പ്രപഞ്ചങ്ങളും ഉണ്ടാകുമോ? എന്നീ ചോദ്യങ്ങളുമായാണ് കോണ്‍ഫ്രന്‍സിനെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തു വന്നത്.
ജീവന്റെ ഉത്ഭവം, ആസ്ട്രോബയോളജി, പരിണാമ സിദ്ധാന്തം, സൂപ്പര്‍ സ്ട്രിംഗ് തിയറി തുടങ്ങിയ മേഖലകളില്‍ ഗവേഷണം നടത്തുന്ന നൂറു കണക്കിന് ഗവേഷകര്‍ കത്തോലിക്കാ ശാസ്ത്രജ്ഞരുടെ ഈ സൊസൈറ്റിയില്‍ അംഗങ്ങളായുണ്ട്. ഡെലാവേര്‍ സര്‍വ്വകലാശാലയിലെ ഊര്‍ജ്ജതന്ത്രം, വാനശാസ്ത്രം എന്നീ വിഷയങ്ങളിലെ പ്രൊഫസ്സറായ സ്റ്റീഫന്‍ എം. ബാര്‍ ആണ് സൊസൈറ്റിയുടെ പ്രസിഡന്‍റ്. ഫിലാഡെല്‍ഫിയായിലെ മെത്രാപ്പോലീത്തയായ ചാള്‍സ് ചാപുട്ട് ആണ് സൊസൈറ്റിയുടെ തിരുസഭാ തലത്തിലുള്ള ഉപദേശകന്‍.
ഊര്‍ജ്ജതന്ത്രജ്ഞയും പെനിസില്‍വാനിയ സര്‍വ്വകലാശാലയിലെ ഗവേഷകയുമായ മരിസ്സാ മാര്‍ച്ച് ‘ഭൗതീകലോകത്തെ കത്തോലിക്കാ ശാസ്ത്രജ്ഞന്‍: നമ്മുടെ ദൈവനിയോഗത്തിന്റെ അര്‍ത്ഥവും സവിശേഷതയും’ എന്ന വിഷയത്തെ ആസ്പദമാക്കിയും; ഒരു ബയോകെമിസ്ട്രി പ്രൊഫസ്സര്‍ ആയിരുന്ന, കാനഡയിലെ ഫ്രാന്‍സിസ്കന്‍ സന്യാസിയായ ഫാ. ജൊവാക്കിം ഒസ്റ്റെര്‍മാന്‍ ‘മനുഷ്യനെ കുറിച്ചുള്ള ക്രിസ്തീയ കാഴ്ചപ്പാടിന്റെ വെളിച്ചത്തിലുള്ള ശാസ്ത്രം’ എന്ന വിഷയത്തെ ആസ്പദമാക്കിയും സംസാരിക്കുന്നതാണ്. വത്തിക്കാന്‍ വാനനിരീക്ഷണശാലയുടെ ഡയറക്ടറായ ബ്രദര്‍ ഗൈ കോണ്‍സോള്‍മാഗ്നോ, ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ആസ്ട്രോണമി പ്രോഫസ്സര്‍ കാരിന്‍ ഒബെര്‍ഗ്, ബ്രൌണ്‍ സര്‍വ്വകലാശാലയിലെ ബയോളജി പ്രോഫസ്സര്‍ കെന്നെത്ത് ആര്‍. മില്ലര്‍ തുടങ്ങിയവരാണ് മററ് പ്രമുഖരായ പ്രഭാഷകര്‍.