News - 2025
കന്ധമാലിലെ ഈസ്റ്റര്‍ ആഘോഷം മതസൗഹാര്‍ദ്ദത്തിന്റെ വേദിയായി: പങ്കെടുത്തത് അക്രൈസ്തവരടക്കം 5,000ത്തോളം പേര്‍
സ്വന്തം ലേഖകന്‍ 19-04-2017 - Wednesday
റായ്‌കിയ: ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ക്രൈസ്തവ പീഡനത്തിന് വേദിയായ ഒഡീഷയിലെ കന്ധമാൽ ജില്ലയിലെ ഈസ്റ്റര്‍ ആഘോഷം മതസൗഹാര്‍ദ്ദത്തിന്റെ വേദിയായി മാറി. റായ്‌കിയ എന്ന സ്ഥലത്തുള്ള ‘ഔര്‍ ലേഡി ഓഫ് ചാരിറ്റി’ ദേവാലയത്തില്‍ വെച്ച് നടന്ന ഈസ്റ്റര്‍ ആഘോഷത്തില്‍ ഹിന്ദുക്കളും, ക്രിസ്ത്യാനികളുമായി ഏതാണ്ട് 5000 ത്തിലധികം ആളുകളാണ് പങ്കെടുത്തത്.
ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടികൊണ്ട് ഉയിര്‍പ്പിനെ അടിസ്ഥാനമാക്കി യുവജനങ്ങള്‍ നടത്തിയ ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. 3 മണിക്കൂര്‍ നീണ്ട ബൈബിള്‍ നാടകമാണ് യുവജനങ്ങള്‍ അവതരിപ്പിച്ചത്.
ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കിടക്കും സാഹോദര്യവും, ഐക്യവും പരസ്പര വിശ്വാസവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവിടെ ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ടെന്ന് ‘ഔര്‍ ലേഡി ഓഫ് ചാരിറ്റി’ ദേവാലയത്തിലെ വികാരിയായ ഫാ. പ്രദോഷ് ചന്ദ്ര നായക് പറഞ്ഞു.
ഈസ്റ്റര്‍ ദിനത്തില്‍ പ്രാദേശിക സമയം 6.30നു ആരംഭിച്ച ചടങ്ങുകള്‍ രാത്രി 10 മണിവരെ നീണ്ടു നിന്നു. വിവിധ മതവിഭാഗങ്ങളില്‍ പെട്ടവര്‍ ആഘോഷ പരിപാടികളില്‍ സജീവമായി പങ്കെടുത്തെന്നും പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പിന്തുണ ശ്രദ്ധേയമായിരിന്നുവെന്നും 'ഏഷ്യ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
യേശുവിന്റെ ഉയിര്‍പ്പിന്റെ സന്ദേശമായ സ്നേഹവും സമാധാനവും എല്ലാവരുടേയും ഹൃദയങ്ങളില്‍ പരക്കുകയും അതുവഴി സൗഹാര്‍ദ്ദപരമായ ഒരു സമൂഹം നമുക്ക് കെട്ടിപ്പടുക്കുവാന്‍ സാധിക്കട്ടെയെന്നും സഹവികാരിയായ ഫാദര്‍ ജീവന്‍ നായക് ആശംസിച്ചു. ഇതുപോലെയുള്ള ആഘോഷങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പരസ്പരം അടുപ്പം ഉണ്ടാക്കുന്നുണ്ടെന്നും അതുവഴി സമാധാനപരമായ ഒരു ജീവിതാന്തരീക്ഷം ഉണ്ടാവുമെന്ന്‍ പ്രത്യാശിക്കുകയും ചെയ്യുന്നതായി ഹൈന്ദവ വിശ്വാസിയായ ശങ്കര്‍ നായക് പറഞ്ഞു.
ഹിന്ദു മതവര്‍ഗ്ഗീയവാദികളുടെ ക്രൈസ്തവ പീഡനം കൊണ്ട് വാര്‍ത്താ മാധ്യമങ്ങളില്‍ ഇടംപിടിച്ച ജില്ലയാണ് ഒഡീഷയിലെ കാണ്ഡമാല്‍. 2008-ല്‍ തീവ്രഹൈന്ദവ സംഘടനകള്‍ അഴിച്ചുവിട്ട അക്രമങ്ങളില്‍ ഏതാണ്ട് നൂറോളം ക്രിസ്ത്യാനികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും, ആയിരകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അന്നത്തെ ശക്തമായ ആക്രമണത്തില്‍ 300-ഓളം ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും 6,000-ത്തിലധികം പേര്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു. ക്രിസ്തീയ വംശഹത്യയെ തുടര്‍ന്നുണ്ടായ വിള്ളലുകളെ നീക്കം ചെയ്തു വിവിധ മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദവും സമാധാനവും വളര്‍ത്തുവാനുള്ള പരിശ്രമത്തിലാണ് പ്രാദേശിക സഭ.