News - 2025
കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് ഇന്ന് 72 വയസ്സ് പൂര്‍ത്തിയാകുന്നു
സ്വന്തം ലേഖകന്‍ 19-04-2017 - Wednesday
കൊച്ചി: സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഇന്ന് 72 വയസ്സ് പൂര്‍ത്തിയാകുന്നു. പൗരസ്ത്യസഭകൾക്കായുള്ള വിശ്വാസകാര്യാലയത്തിലും ഇന്റർനാഷണൽ കൗണ്‍സിൽ ഫോർ കാറ്റക്കെസിസിലും അംഗമായ മാർ ജോർജ് ആലഞ്ചേരി 1945 ഏപ്രിൽ 19 ന് ചങ്ങനാശ്ശേരി രൂപതയിലെ തുരുത്തി ഇടവകയിൽ ആലഞ്ചേരിൽ പീലിപ്പോസ് മേരി ദമ്പതികളുടെ പത്തു മക്കളിൽ ആറാമനായാണ് ജനിച്ചത്.
1972 ഡിസംബർ 18 ന് മാർ ആന്റണി പടിയറയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. സാമ്പത്തികശാസ്ത്രത്തിൽ കേരളാ സർവകലാശാലയിൽ നിന്നു രണ്ടാം റാങ്ക് നേടിയ ശേഷം ഇദ്ദേഹം ദൈവശാസ്ത്രത്തിൽ ഒന്നാംറാങ്കിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ഫ്രാൻസിലെ സർബോണെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടി. 1974ൽ ചങ്ങനാശ്ശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ സഹ വികാരിയായി നിയമിതനായി.
1976 മുതൽ 1978 വരെ ചങ്ങനാശേരി അതിരൂപതയുടെ മതബോധന ഡയറക്ടർ, പിന്നീട് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി, പാലാരിവട്ടം പി.ഒ.സി ഡയറക്ടർ, കോട്ടയം പൗരസ്ത്യ വീദ്യാപീഠം പ്രൊഫസർ, ചങ്ങനാശേരി അതിരൂപതാ വികാരി ജനറൽ എന്നീ പദവികളിലും സേവനമനുഷ്ടിച്ചു. 1996 ഡിസംബർ 18ന് അദ്ദേഹത്തിന്റെ പൗരോഹിത്യ രജത ജൂബിലി ദിനത്തിൽ മെത്രാനായി നിയമിതനായി.
1997 ഫെബ്രവരി 2ന് തക്കല രൂപതയുടെ ഉദ്ഘാടനവും അതോടൊപ്പം മാർ ആലഞ്ചേരിയുടെ മെത്രാഭിഷേക കർമവും നടന്നു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വച്ച് ശ്രേഷ്ഠ മെത്രാപ്പൊലീത്തയായി അഭിഷിക്തനായി. ഫെബ്രുവരി 18ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ വെച്ചാണ് മാർ ആലഞ്ചേരിക്കു കർദ്ദിനാൾ പദവി ലഭിച്ചത്. കർദിനാളിന്റെ ജന്മദിനത്തിൽ ആഘോഷ പരിപാടികൾ ഒന്നും ഉണ്ടാവില്ലായെന്ന് സഭാ വക്താവ് റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു.