News - 2025
സിസ്റ്റര്‍ റാണി മരിയയുടെ നാമകരണ പ്രഖ്യാപനം നവംബര്‍ നാലിനെന്നു സൂചന
സ്വന്തം ലേഖകന്‍ 25-04-2017 - Tuesday
കൊച്ചി: സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയർത്തുന്നതിന്റെ ഔദ്യോഗിക ചടങ്ങ് നവംബർ നാലിന് നടക്കുമെന്നു സൂചന. നാമകരണ തീയതി സംബന്ധിച്ചു വത്തിക്കാനിൽ നിന്നുള്ള അന്തിമതീരുമാനം ഈ ആഴ്ച ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സിസ്റ്ററിന്റെ പ്രധാന പ്രേഷിതപ്രവർത്തനമേഖലയായിരുന്ന മധ്യപ്രദേശിലെ ഇൻഡോറിലാണ് ശുശ്രൂഷകൾ നടക്കുന്നത്. നാമകരണ നടപടികള്‍ക്കായുള്ള കര്‍ദിനാള്‍മാരുടെ തിരുസംഘത്തിന്റെ നിര്‍ദേശം മാര്‍ച്ച് 24-നു ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവെച്ചത്.
വത്തിക്കാനിലെ നാമകരണ നടപടികൾക്കായുള്ള തിരുസംഘ തലവന്‍ കർദിനാൾ ഡോ. ആഞ്ജലോ അമാട്ടോയാണു സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തുക. ഒഎഫ്എം കോണ്ഗ്രിഗേഷൻ അംഗവും സിസ്റ്ററിന്റെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററുമായ ഫാ. ജുവാൻ ജിസപ്പേ കാലിഫിനോയും ചടങ്ങിൽ പങ്കെടുക്കാനെത്തുമെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ എന്നാകും സിസ്റ്റര്‍ അറിയപ്പെടുക.
ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് (എഫ്സിസി) സന്യാസിനി സഭാംഗമായ സിസ്റ്റര്‍ റാണി മരിയ മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഉദയ്നഗര്‍ കേന്ദ്രീകരിച്ചാണു പ്രേഷിതശുശ്രൂഷ നടത്തിവന്നത്. സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ രോഷം പൂണ്ട ജന്മിമാര് സമന്ദര്‍സിംഗ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് 1995 ഫെബ്രുവരി 25നു സിസ്റ്റര്‍ റാണി മരിയയെ കൊലപ്പെടുത്തുകയായിരുന്നു. ഏറെക്കാലത്തെ ജയില്‍വാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദര്‍സിംഗ് സിസ്റ്റര്‍ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചിരുന്നു.