News - 2025

ദേവാലയങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണം: മെത്രാന്‍ സംഘം യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകന്‍ 25-04-2017 - Tuesday

ലഖ്‌നൗ: സംസ്ഥാനത്തെ ദേവാലയങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്ന ആവശ്യവുമായി കത്തോലിക്ക മെത്രാന്‍മാരുടെ പ്രതിനിധി സംഘം ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. തീവ്ര ഹിന്ദുത്വ നിലപാടുകാരായ ‘ഹിന്ദു യുവ വാഹിനി’ (HYV) പ്രവര്‍ത്തകരുടെ സംഘം പോലീസ് ഒത്താശയോട് കൂടി അടുത്തിടെ ക്രിസ്ത്യന്‍ ദേവാലയത്തിലെ പ്രാര്‍ത്ഥനകള്‍ തടസ്സപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് മെത്രാന്‍ സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. 15 മിനിറ്റോളം നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ ഉത്തര്‍പ്രദേശിലെ ക്രിസ്ത്യാനികളുടെ ആശങ്കകള്‍ മെത്രാന്‍ സംഘം മുഖ്യമന്ത്രിയുമായി പങ്കുവെച്ചു.

ആഗ്ര അതിരൂപതയുടെ മെത്രാപ്പോലീത്തയായ ആല്‍ബര്‍ട്ട് ഡിസൂസ, ഗോരഖ്പൂര്‍ മെത്രാന്‍ തോമസ്‌ ടി, ബിജ്നോര്‍ മെത്രാന്‍ ജോണ്‍ വടക്കേല്‍, അലഹാബാദ് മെത്രാന്‍ റാഫി മഞ്ഞളി, ബറേലി മെത്രാന്‍ ഇഗ്നേഷ്യസ് ഡിസൂസ, വാരണാസിയിലെ മെത്രാന്‍ യൂജിന്‍ ജോസഫ് തുടങ്ങിയവര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു. കൂടിക്കാഴ്ച തീര്‍ത്തും സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് മെത്രാന്‍ സംഘത്തിന്റെ പ്രതിനിധി പറഞ്ഞു.

അടുത്തിടെ ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ദതൗലി ഗ്രാമത്തിലെ ദേവാലയത്തില്‍ പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെ, അവിടുത്തെ പാസ്റ്റര്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുന്നു എന്ന ആരോപണവുമായി ഒരു സംഘം ‘ഹിന്ദു യുവ വാഹിനി’ (HYV) പ്രവര്‍ത്തകര്‍ ദേവാലയത്തില്‍ അതിക്രമിച്ച് കയറി വിശ്വാസികളെ ഭീഷണിപ്പെടുത്തി പ്രാര്‍ത്ഥനാ കൂട്ടായ്മ തടസ്സപ്പെടുത്തിയിരിന്നു. 2002-ല്‍ യോഗി ആദിത്യനാഥാണ് ‘ഹിന്ദു യുവ വാഹിനിക്ക്’ രൂപം നല്‍കിയത്. ഈ വര്‍ഷം ആരംഭത്തില്‍ ഗോരഖ്പൂരിലുള്ള ഒരു ദേവാലയവും ഹിന്ദു യുവ വാഹിനി’ പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ടിരുന്നു.

തങ്ങളുടെ ആരാധനാലയങ്ങള്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നും, ഭയം കൂടാതെ ആരാധന നടത്തുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന അപേക്ഷ തങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്‍പാകെ വെച്ചുന്ന് കൂടിക്കാഴ്ചക്ക് ശേഷം ലഖ്‌നൗ ബിഷപ്പ് ജെറാള്‍ഡ് ജോണ്‍ മത്തിയാസ് പറഞ്ഞു. സ്കൂളുകളും പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങളും തമ്മിലുള്ള പ്രശ്നങ്ങളെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയായതില്‍ ഞങ്ങള്‍ അദ്ദേഹത്തെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുകയും ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ അദ്ദേഹത്തിന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പാവങ്ങള്‍ക്കിടയില്‍ സഭ നടത്തിവരുന്ന സേവനങ്ങള്‍ തുടരണമെന്ന്‍ മുഖ്യമന്ത്രി ഞങ്ങളോട് ആവശ്യപ്പെടുകയും, യാതൊരു ഭയവും കൂടാതെ ആരാധന നടത്തുവാനുള്ള ഉറപ്പ് ആദ്ദേഹം വ വാഗ്ദാനം ചെയ്തതായും ഫാദര്‍ മത്തിയാസ് പറഞ്ഞു. നിയമം കയ്യിലെടുക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കുമെന്ന ഉറപ്പും മുഖ്യമന്ത്രി നല്‍കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Archives >>

Page 1 of 168