News - 2025

മാര്‍പാപ്പയുടെ ഈജിപ്ത് സന്ദര്‍ശനം വിശ്വാസികള്‍ക്ക് ആത്മീയ ഉണർവ് നൽകിയതായി സഭാനേതൃത്വം

സ്വന്തം ലേഖകന്‍ 03-05-2017 - Wednesday

കെയ്റോ: ഓശാന ഞായറാഴ്ചയിലെ ചാവേറാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഭീതിയിയിലായിരുന്ന ജനതയ്ക്ക് ആത്മീയ ഉണര്‍വും ധൈര്യം നൽകാൻ മാർപാപ്പയുടെ ത്രിദിന സന്ദർശനം വഴിയൊരുക്കിയെന്ന്‍ ഈജിപ്ഷന്‍ സഭാ നേതൃത്വം. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടേയും സന്ദേശമാണ് സന്ദര്‍ശനത്തിലൂടെ മാർപാപ്പ നൽകിയതെന്ന് ഈജിപ്ഷ്യൻ മെത്രാന്മാരുടെ പ്രതിനിധി ഫാ. റാഫിക് ഗ്രീച്ചി പറഞ്ഞു.

മാർപാപ്പയുടെ ഈജിപ്തിലെ പര്യടനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതും പ്രത്യാശയുണർത്തുന്നതുമായിരുന്നുവെന്ന് ജെസ്യൂട്ട് വൈദികൻ സമീർ ഖാലിൽ വിവരിച്ചു. കോപ്റ്റിക്ക് ഓർത്തഡോക്സ് വിഭാഗവും ക്രൈസ്തവരും തമ്മിലുള്ള ബന്ധം ദൃഡമാക്കിയത് ചരിത്ര സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രാൻസിസ് പാപ്പയും കോപ്റ്റിക്ക് ഓർത്തഡോക്സ് സഭാ തലവൻ തവാദ്രോസ് രണ്ടാമനും പൊതുമാമോദീസാക്കുള്ള ഉടമ്പടിയിൽ ഒപ്പുവെച്ചതിനെ ആസ്പദമാക്കിയാണ് അദ്ദേഹം പ്രതികരിച്ചത്.

കോപ്റ്റിക്ക് സഭയുമായുമായി എക്യുമെനിക്കൽ ധാരണയിൽ എത്തിച്ചേരുന്നത് വഴി ക്രിസ്തുമസ്, ഈസ്റ്റർ ദിനങ്ങൾ ഒരേ ദിവസം ആഘോഷിക്കുന്നതു പോലെയുള്ള കൂടുതൽ തീരുമാനങ്ങൾ എടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാ. സാമിർ പ്രതികരിച്ചു.

ഫ്രാൻസിസ് പാപ്പയും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദൽ ഫത്ത അൽ സിസ്സിയുമായി കൂടിക്കാഴ്ച നടത്തിയത് വി. മർക്കോസിന്റെ പിൻതലമുറക്കാരായ രാജ്യത്തെ ക്രൈസ്തവരുടെ പ്രശ്നങ്ങളെ കൂടുതൽ മനസ്സിലാക്കാൻ ഇടയാക്കുമെന്ന സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. ക്രൈസ്തവരെ സഹായിക്കാൻ ഇന്ന് രാഷ്ട്രത്തലവനു മാത്രമേ സാധിക്കുകയുള്ളൂ. ഐഎസ് തീവ്രവാദികളുടെ ഉപദ്രവത്തിൽ നിന്നും സംരക്ഷണം നൽകാൻ അദ്ദേഹത്തിന്റെ അക്ഷീണ പിന്തുണയുണ്ടെന്നും ഫാ.സാമിർ പറഞ്ഞു.

തീവ്രവാദികളുടെ ചിന്തയിലാണ് ആക്രമണങ്ങൾ തുടക്കം കുറിക്കുന്നത്. അതിനാൽ തന്നെ അവ നിയന്ത്രിക്കുക ശ്രമകരമാണെന്നും അത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരുടെ മാനസാന്തരത്തിനായി ദൈവത്തോട് നിരന്തരം പ്രാർത്ഥിക്കണമെന്നും ഫാ.റാഫിക് അഭ്യർത്ഥിച്ചു. മാർപാപ്പയുടെ സന്ദർശനത്തോടെ ക്രൈസ്തവർ സുരക്ഷിതരാണെന്ന ധാരണ തെറ്റാണെന്നും തീവ്രവാദികള്‍ രാജ്യത്തു തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Archives >>

Page 1 of 171