News - 2025
ഉത്ഥിതനായ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയാണ് നമുക്ക് ജീവന്‍ നൽകുന്നത്: ഫ്രാൻസിസ് പാപ്പ
സ്വന്തം ലേഖകന്‍ 30-04-2017 - Sunday
വത്തിക്കാന്‍: ഉത്ഥിതനായ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയാണ് നമുക്ക് ജീവന്‍ നല്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. ഏപ്രില്‍ 29 ശനിയാഴ്ച ഈജിപ്തിന്‍റെ തലസ്ഥാന നഗരമായ കെയ്റോയിലെ വ്യോമസേന മൈതാനത്ത് ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ബൈബിളിലെ എമ്മാവൂസ് സംഭവത്തെ ആസ്പദമാക്കിയാണ് മാര്‍പാപ്പ തന്റെ സന്ദേശം നല്‍കിയത്. നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നതും, നിര്‍ജ്ജീവമായ മനുഷ്യജീവിതങ്ങളെ സജീവമാക്കുന്നതും ദൈവമാണെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസം സഭയുടെ ഒരു സൃഷ്ടിയല്ല. കാരണം സഭ ഉത്ഥിതനിലുള്ള വിശ്വാസത്തില്‍നിന്നും ഉടലെടുത്തതാണ്. വിശുദ്ധ പൗലോസ് ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നതുപോലെ, ക്രിസ്തു ഉയിര്‍ത്തില്ലായിരുന്നെങ്കില്‍ നമ്മുടെ വിശ്വാസവും പ്രസംഗവുമെല്ലാം വ്യര്‍ത്ഥമായേനേ! ശിഷ്യന്മാരില്‍നിന്നും ഉത്ഥിതനായ ക്രിസ്തു മറഞ്ഞുപോയി. ദിവ്യകാരുണ്യത്തിലും കൂദാശയിലും, വചനത്തിലും ക്രിസ്തു നമ്മോടൊപ്പം ഇന്നും വസിക്കന്നെന്ന് നാം ഓര്‍ക്കണം. എമ്മാവൂസിലേയ്ക്കു യാത്ര ചെയ്ത ശിഷ്യന്മാര്‍ക്ക് ഇതു മനസ്സിലായി. അവര്‍ തങ്ങള്‍ക്ക് ലഭിച്ച അനുഭവം മറ്റു സഹോദരങ്ങളോട് പങ്കുവെച്ചു.
ദൈവത്തെക്കുറിച്ചുള്ള ബോധ്യമോ ചിന്തയോ നമ്മുടെ ഹൃദയങ്ങളിലില്ലാതെ നാം ദേവാലയങ്ങളിലേയ്ക്കോ ധ്യാനകേന്ദ്രങ്ങളിലേയ്ക്കോ പോകുന്നത് കൊണ്ട് യാതൊരു അര്‍ത്ഥവുമില്ലെന്നാണ് എമ്മാവൂസ് സംഭവം പഠിപ്പിക്കുന്നത്. ദൈവത്തോടുള്ള പ്രാര്‍ത്ഥന സഹോദരങ്ങളിലേയ്ക്ക് തിരിയാന്‍ നമ്മെ സഹായിക്കുന്നില്ലെങ്കില്‍ പ്രാര്‍ത്ഥനകൊണ്ട് വലിയ പ്രയോജനമില്ല.
ദൈവം നമ്മുടെ ആത്മാവിന്‍റെയും ഹൃദയത്തിന്‍റെയും ഉള്ളറകളെ വീക്ഷിക്കുകയും കാപട്യത്തെ വെറുക്കുകയും ചെയ്യുമ്പോള്‍ നാം പുറംമോടിയെക്കുറിച്ച് ആകുലപ്പെടുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. യേശുവിലുള്ള വിശ്വാസം നമ്മെ കൂടുതല്‍ സ്നേഹമുള്ളവരും കരുണയുള്ളവരും മനുഷ്യത്വമുള്ളവരുമാക്കുന്നു. കീഴ്പ്പെടുത്തേണ്ട ഒരു ശത്രുവായിട്ടല്ല, സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യേണ്ട സഹോദരനും സഹോദരിയുമായിട്ടാണ് നാം അപരനെ കാണേണ്ടത്. മാര്‍പാപ്പ പറഞ്ഞു.
ഈജിപ്ത് സന്ദർശനത്തിനുശേഷം മടങ്ങവെ, വിമാനത്തിൽ മാധ്യമപ്രവർത്തകർക്ക് അനുവദിച്ച അഭിമുഖത്തില്‍ ഉത്തരകൊറിയ- അമേരിക്ക യുദ്ധസാധ്യതകളെ പറ്റിയും മാര്‍പാപ്പ പ്രതികരിച്ചു. ഏതെങ്കിലും സാഹചര്യത്തിൽ സംഘർഷം മൂർച്ഛിക്കുകയും യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്താൽ, മനുഷ്യകുലത്തിലെ സിംഹഭാഗവും ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകുമെന്നു മാർപാപ്പ മുന്നറിയിപ്പു നൽകി. നോർവെയേപ്പോലുള്ള രാജ്യങ്ങൾ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ എല്ലായ്പ്പോഴും തയാറാണെന്നും മാർപാപ്പ പറഞ്ഞു.