News - 2025
ഫിലിപ്പീന്‍സില്‍ വധശിക്ഷയ്ക്കെതിരെ ആയിരങ്ങള്‍ പങ്കെടുക്കുന്ന കൂറ്റന്‍ റാലി ആരംഭിച്ചു
സ്വന്തം ലേഖകന്‍ 11-05-2017 - Thursday
ലിങ്ങായെന്‍: വധശിക്ഷ തിരികെ കൊണ്ട് വരുവാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഫിലിപ്പീന്‍സില്‍ ശക്തമായ പ്രതിഷേധമിരമ്പുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി “ജീവന് വേണ്ടി ഒരു നടത്തം” എന്ന മുദ്രാവാക്യവുമായി ആയിരകണക്കിന് കത്തോലിക്കര്‍ പങ്കെടുക്കുന്ന നീണ്ട റാലിക്ക് തുടക്കമിട്ടു. ഫിലിപ്പീന്‍സ് കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ (CBCP) അല്‍മായ നേതൃത്വമാണ് റാലിക്ക് ചുക്കാന്‍ പിടിക്കുന്നത്. വരുംദിവസങ്ങളില്‍ പ്രതിഷേധ റാലി സെബു, പാലോ, കാസെരെസ്, ലിപാ, ലെഗാസ്പി, ലുസേനാ തുടങ്ങിയ രൂപതകളിലൂടെ കടന്ന് പോകും.
ഫിലിപ്പീന്‍സിലെ സെനറ്റിലാണ് റാലി സമാപിക്കുക. അത്മായര്‍, വിവിധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധത്തില്‍ എല്ലാ വിശ്വാസികളും പങ്ക് ചേരണമെന്നു ഫിലിപ്പീന്‍സ് കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്തിട്ടുണ്ട്. ജീവന് വേണ്ടി നിലകൊള്ളുന്ന എല്ലാവരുടേയും പിന്തുണ റാലിയ്ക്ക് അത്യാവശ്യമാണെന്ന്‍ സിബിസിപിയുടെ പ്രസിഡന്റും, ലിങ്ങായെന്‍-ദാഗുപെന്‍ അതിരൂപതയുടെ മെത്രാനുമായ സോക്രേറ്റ്സ് ബി. വില്ലേഗാസ് പറഞ്ഞു.
വധശിക്ഷ തിരികെ കൊണ്ട് വരുവാനുള്ള സര്‍ക്കാര്‍ നീക്കത്തോടുള്ള തങ്ങളുടെ എതിര്‍പ്പ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സിബിസിപി സര്‍ക്കാറിനെ അറിയിച്ചതാണെന്നും എല്ലാവരുടേയും ജീവന്‍ സംരക്ഷിക്കണമെന്ന് തങ്ങള്‍ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. റാലിയുടെ ഭാഗമായി മെയ് 19-ന് റിസാല്‍ പാര്‍ക്കില്‍ വെച്ച് നടത്തപ്പെടുന്ന സമ്മേളനത്തില്‍ ഏതാണ്ട് 30,000 ത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞയാഴ്ച കാഗയാന്‍ ഒറൊ സിറ്റിയില്‍ നിന്നും ആരംഭിച്ച റാലി മെയ് 24-ന് പാസ്സേ നഗരത്തിലുള്ള സെനറ്റില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്.
ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കാം എന്ന നിയമത്തിന് 2006-ല്‍ മുന്‍ പ്രസിഡന്റായ ഗ്ലോറിയ മാക്കാപാഗല്‍ അറോയോയുടെ കാലത്താണ് നിരോധനമേര്‍പ്പെടുത്തിയത്. എന്നാല്‍, ഈ നിയമം തിരികെ കൊണ്ട് വരാനുള്ള നീക്കത്തിലാണ് നിലവിലെ പ്രസിഡന്റായ റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട്. മയക്ക് മരുന്നിനെതിരെയുള്ള തന്റെ കടുത്ത നടപടികളുടെ ഭാഗമായി വധശിക്ഷ തിരികെ കൊണ്ട് വരുവാനാണ് അദ്ദേഹം ആലോചിക്കുന്നത്. അദ്ദേഹത്തിന്റെ അക്രമപരമായ നടപടികളോടു സഭാധികാരികള്‍ നേരത്തെ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരിന്നു.
![](/images/close.png)