News - 2025
പരിശുദ്ധ അമ്മ പ്രത്യാശ പുലര്‍ത്തുവാനുള്ള നമ്മുടെ സഹായക: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 12-05-2017 - Friday
വത്തിക്കാന്‍ സിറ്റി: ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ പ്രത്യാശപുലര്‍ത്തുവാന്‍ പരിശുദ്ധ അമ്മ നമ്മേ സഹായിക്കുന്നുവെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ബുധനാഴ്ച നടന്ന പ്രതിവാര കൂടിക്കാഴ്ചയില്‍ വിവിധ രാജ്യക്കാരായിരുന്ന അനേകായിരങ്ങളോട് സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. ഭാവിയെ കുറിച്ച് ചിന്തിക്കാതെ തന്നെ ദൈവത്തിന്റെ വിളിയോട് ദൈവമാതാവ് ഉത്തരം നല്‍കിയെന്നും പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
അമ്മയെന്ന നിലയിലുള്ള തന്‍റെ യാത്രയില്‍ മറിയം ഒന്നിലേറെ ഇരുളുകളിലൂടെ കടന്നു പോയി. ദൈവദൂതന്‍റെ ക്ഷണത്തിന് ഒറ്റവാക്കില്‍ സമ്മതമരുളുക അത്ര എളുപ്പമായിരുന്നില്ല. എങ്കിലും സ്വന്തം ഭാവിയെക്കുറിച്ചു യാതൊന്നും അറിയാത്ത യുവതിയായിരുന്ന അവള്‍ സധൈര്യം ഉത്തരം നല്‍കി. മറിയത്തിന്റെ “സമ്മതം” അമ്മയെന്ന നിലയിലുള്ള അവളുടെ യാത്രയിലെ അനുസരണത്തിന്‍റെ നീണ്ട പട്ടികയില്‍ ആദ്യ ചുവടുവയ്പ്പായി. അങ്ങനെ മറിയം നിശബ്ദയായ ഒരു സ്ത്രീയായി സുവിശേഷങ്ങളില്‍ കാണപ്പെടുന്നു.
അവള്‍ക്കു ചുറ്റുമുള്ള ഓരോ വാക്കും ഒരോ സംഭവവും അവള്‍ ഹൃദയത്തില്‍ സംഗ്രഹിച്ചു. മറിയത്തിന്‍റെ മാനസികാവസ്ഥയുടെ മനോഹരമായ രൂപം ദൃശ്യമാണ്. ജീവിതത്തിലെ അനിശ്ചിതത്വങ്ങള്‍ക്കു മുന്നില്‍ തളരുന്ന ഒരു സ്ത്രീയല്ല ദൈവമാതാവ്.
ശ്രവണവും പ്രത്യാശയും തമ്മില്‍ എന്നും വലിയൊരു ബന്ധം ഉണ്ട് എന്നത് നിങ്ങള്‍ മറന്നു പോകരുത്. മറിയം ശ്രവിക്കുന്നവളാണ്. സന്തോഷദിനങ്ങളെയും നാമൊരിക്കലും കടന്നുപോകാനാഗ്രഹിക്കാത്ത ദുരന്തങ്ങളുടെ ദിവസങ്ങളെയും മറിയം സന്തോഷത്തോടെ സ്വീകരിച്ചു. സ്വപുത്രന്‍ കുരിശില്‍ തറയ്ക്കപ്പെട്ട ആ ദിനം വരെ മറിയം സുവിശേഷ പശ്ചാത്തലത്തില്‍ നിന്ന് ഏതാണ്ട് അപ്രത്യക്ഷയായപോലെയാണ് കാണപ്പെടുന്നത്. പിതാവിനെ അനുസരിക്കുന്ന പുത്രന്‍റെ രഹസ്യത്തിനു മുന്നിലുള്ള ഈ മൗനമാണ് സുവിശേഷകര്‍ നമുക്കു മനസ്സിലാക്കിത്തരുന്നത്.
സുവിശേഷ രചയിതാക്കള്‍ അവളുടെ പ്രതികരണങ്ങളെക്കുറിച്ചൊന്നും സൂചിപ്പിച്ചിട്ടില്ല. അവള്‍ കരയുകയായിരുന്നോ, കരയാതെ നില്ക്കുകയായിരുന്നോ, ഒന്നും രേഖപ്പെടുത്തിയിട്ടില്ല. അവളുടെ വേദനയെക്കുറിച്ചുപോലും ഒന്നും കുറിച്ചിട്ടില്ല. എന്നാല്‍ ഒരുകാര്യം വ്യക്തമാണ്. അവള്‍ അവിടെ നില്പുണ്ടായിരുന്നു. ഏറ്റവും ക്രൂരവും ഏറ്റവും മോശവും ഏറ്റവും വേദനാജനകവുമായ ഒരു സമയത്ത് അവള്‍ അവിടെ നില്പുണ്ടായിരുന്നു, പുത്രനോടൊപ്പം സഹിക്കുകയായിരുന്നു അവള്‍.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മറിയം കൂരിരുട്ടില്‍ നില്ക്കുകയായിരുന്നു. അവള്‍ അവിടംവിട്ടു പോയില്ല. അതായത് എല്ലാ അവസരങ്ങളിലും മൂടലനുഭവപ്പെടുന്നിടത്ത് തിരി തെളിച്ചുകൊണ്ട് നില്ക്കാന്‍ മറിയം ഉണ്ട്. പ്രത്യാശയുടെ അമ്മയായ മറിയത്തെ നമ്മള്‍ സഭയുടെ ആദ്യനാളില്‍ ബലഹീനരായ ശിഷ്യരുടെ മദ്ധ്യേ വീണ്ടും കണ്ടുമുട്ടുന്നു. എല്ലാവരെയും ഭയം ഗ്രസിച്ചിരുന്നു. എന്നാല്‍ മറിയം അവിടെ തന്നെ നിന്നു.
നാമെല്ലാവരും അവളെ അമ്മയെന്നാണ് വിളിക്കുന്നത്. കാരണം നാം അനാഥരാണ്. ജീവിതത്തില്‍ ഒന്നിനും അര്‍ത്ഥമില്ല എന്നു തോന്നുന്ന അവസ്ഥയിലും പ്രത്യാശപുലര്‍ത്തുക എന്ന പുണ്യം അവള്‍ നമ്മേ അഭ്യസിപ്പിക്കുന്നു. ദൈവത്തിന്‍റെ രഹസ്യത്തില്‍ അവള്‍ എന്നും വിശ്വാസമര്‍പ്പിക്കുന്നു. യേശു നമുക്ക് അമ്മയായി സമ്മാനിച്ച മറിയം, നമ്മുടെ ക്ലേശകരങ്ങളായ വേളകളില്‍ നമ്മുടെ ചുവടുകളെ എന്നും തുണയ്ക്കട്ടെ എന്ന ആശംസയോടെയാണ് മാര്‍പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.